ശവ്വാൽ മാസപ്പിറവി കണ്ടതായി അറിയിപ്പ് കിട്ടിയിട്ടുണ്ട്. കൂട്ടത്തിലൊരാൾ പറഞ്ഞു.
പള്ളിയിലേക്കുള്ള പോക്കാണ്, പിന്നെ കുട്ടികളെയും കൊണ്ട് പീടികയിലൊന്നു കയറും. പെരുന്നാളല്ലേ,
അവർ ചൂണ്ടിക്കാണിക്കുന്നതിൽ ചിലതൊക്കെ വാങ്ങിക്കൊടുത്ത് തിരിച്ചു പോരും.
ഉമ്മർക്ക പറഞ്ഞതുവച്ചു നോക്കിയാൽ നാളെ ഇവരെയും കൊണ്ടു നടക്കാനുള്ള സമയമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.?
ഈയിടെയായി റേഡിയോ തുറന്നു വയ്ക്കാറില്ല. അതുകൊണ്ടു മാസപ്പിറവി കണ്ടതായ വിവരം ഞാനറിഞ്ഞില്ല. ഏതായാലും കാര്യങ്ങൾ നടക്കട്ടെ, നാളെ നിസ്കാരം കഴിഞ്ഞ ഉടനെ എല്ലാവരും അത്താണിക്കലേക്കെത്താൻ ശ്രദ്ധിക്കണം.
കൃഷ്ണദാസൻ വീടിനകത്തേക്കുനടന്നു.
അമ്മേ..
എന്താ മോനെ.?
മാസപ്പിറവി കണ്ടിരിക്കുന്നത്രേ, മുതിർന്നവരും കുട്ടികളുമെല്ലാം പള്ളിയിലേക്കു പോകുന്നതിനിടയിലെ സംസാരമാണ് നേരെത്തെ കേട്ടത്.
എത്ര പെട്ടൊന്നാണല്ലേ അമ്മേ ഒരു നോമ്പു കാലം കഴിഞ്ഞു പോയത്.?
അമ്മയുമായുള്ള സംസാരം ദേവകിയും കേട്ടതു കൊണ്ട് അതിനെക്കുറിച്ച് കൂടുതലായൊന്നും ദേവകിയ്ക്കറിയേണ്ടതില്ലെന്ന് കൃഷ്ണദാസൻ മനസ്സിലാക്കി.
പതിവുപോലെ ദേഹമാസകലം മൂടിപ്പുതച്ച് ഉറക്കവും പ്രതീക്ഷിച്ചു കിടന്നു.
രാവിലെ പത്തുമണി ആകാറായപ്പോഴേക്കും ആമിന ഉമ്മയും റംലയും അവിടെ എത്തിച്ചേർന്നു.
അൽപ നേരം വിശ്രമിച്ചതിനു ശേഷം അവരെല്ലാം ചേർന്ന് അത്താണിക്കലേക്കു പുറപ്പെട്ടു.
അത്താണിക്കൽ എത്തിച്ചേർന്ന ഉടനെ പാർവ്വതിയമ്മ പാചകക്കാരുടെ അടുത്തേക്കു ചെന്ന് കാര്യങ്ങൾ അന്വേഷിക്കുകയും താൻ ആഗ്രഹിച്ചതു പോലെ തന്നെ ഭക്ഷണവും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു.
അൽപനേരത്തിനകം മുഴുനീള വാഴയിലക്കെട്ടുമായി ഗോവിന്ദൻ പാചകപ്പുരയിലെത്തി.
പാർവ്വതിയമ്മ ഗോവിന്ദൻ്റെ അടുത്തേക്കു ചെന്നു.
നീ തനിച്ചാണോ ഗോവിന്ദാ ഇതത്രയും വെട്ടിയെടുത്തത് ? സഹായത്തിന് ആരെയുംകിട്ടിയില്ലേ മോനെ?
അമ്മയും ഭാര്യയും അയൽവാസികളും ചേർന്ന് പലയിടത്തു നിന്നായി വെട്ടിയെടുത്തതാണമ്മേ ഇതെല്ലാം.
ഓരോന്നും കഴുകി തുടച്ചു വൃത്തിയാക്കാൻ സമയമെടുക്കുമെന്നുള്ളതുകൊണ്ടാണ് എന്നെ ഈ പണി ഏൽപിച്ച് അവരിങ്ങോട്ടു പോന്നത്.
ചുമടെടുത്ത് ശീലിച്ചതുകൊണ്ട് ഇതൊരു പ്രയാസമുള്ളതായി എനിക്കു തോന്നിയില്ല. അതു കൊണ്ടാണ് സഹായത്തിനാരെയും വിളിക്കാതിരുന്നത്.
ഇനിയിതൊന്നു അടുപ്പിനടുത്തു പിടിച്ച് ചെറിയ തോതിൽ വാട്ടിയെടുത്ത് പാകത്തിന് മുറിച്ചു വയ്ക്കണം,
അതോടെ ഉമ്മർക്ക എന്നോടു പറഞ്ഞേൽൽപിച്ച പണി പൂർത്തിയാകും.
നേരം പത്തു മണിയായപ്പോഴേക്കും ഹൈദറലിയും ഉമ്മർക്കയുമെത്തി, അൽപനേരത്തിനകം പ്രദേശത്തെ മുഴുവൻ മനുഷ്യരും അവിടെ ഒരുമിച്ചു ചേർന്നു.
പാർവതിയമ്മയും ആമിന ഉമ്മയും ചേർന്ന് ഭക്ഷണം വിളമ്പൽ കർമ്മം നിർവ്വഹിച്ചു.
കൃഷ്ണദാസൻ്റെയും ഹൈദറലിയുടെയും നേതൃത്വത്തിൽ ഉമ്മർക്കയും ഗോവിന്ദനും കാര്യങ്ങൾ നിയന്ത്രിച്ചു.
കുട്ടികൾ രണ്ടും മൂന്നും തവണ ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നതു കണ്ടപ്പാൾ സന്തോഷം കൊണ്ട് പാർവതിയമ്മയുടെ മിഴികൾ നിറഞ്ഞു. ഇതൊരു സൽകർമ്മമായി സ്വീകരിക്കുമെങ്കിൽ ഇതിൻ്റെ പ്രതിഫലം തൻ്റെ ഭർത്താവിനു നൽകേണമേ എന്നവർ ദെവത്തോടു പ്രാർത്ഥിച്ചു.
പാചകക്കാരുൾപ്പടെ ഭക്ഷണം കഴിച്ചെന്നുറപ്പു വരുത്തിയ ശേഷം പാർവ്വതിയമ്മ ചെമ്പിനടുത്തു ചെന്നുനോക്കി,
ചോറും സാമ്പാറും മാംസവും ബാക്കിയുണ്ടെന്നു കണ്ടപ്പോൾ ഏറെ സന്തോഷമായി.
പാചകപ്പുരയിൽ നിലത്തുവിരിച്ച പായയിൽ പാർവ്വതിയമ്മ തനിച്ചിരിക്കുന്നത് ഹൈദറലിയുടെ ശ്രദ്ധയിൽ പെട്ടു.
കൃഷ്ണദാസനും ഹൈദറലിയും അമ്മയുടെ അരികിലെത്തി.
എന്താ അമ്മേ, വായ്യായ്കവല്ലതും.?
എനിക്കൊരു വയായ്കയുമില്ല മക്കളേ,
എല്ലാരും ഭക്ഷണം കഴിച്ചുകഴിഞ്ഞില്ലേ.?
ഇനി നമ്മൾ ആരെയാണു കാത്തു നിൽക്കുന്നത്.? നമുക്കും ഭക്ഷണം കഴിക്കാം.
മോൻ ചെന്ന് ഉമ്മയോടും റംലയോടും ദേവകിയോടും ഉമ്മർക്കയോടും ഗോവിന്ദനോടുമെല്ലാമിങ്ങോട്ടു വരാൻപറ.
നമുക്കിവിടെയിരുന്നു ഭക്ഷണം കഴിക്കാം.
ഇനിയുള്ള ജോലിയെല്ലാം അവരിലാരെങ്കിലും ചെയ്തു കൊള്ളും.
അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അര മണിക്കൂർ നേരം വിശ്രമിച്ചതിനു ശേഷം അവർ ഒരുമിച്ച്
പരസ്പര സംസാരത്തിൽ മുഴുകിയ ആൾക്കൂട്ടത്തിനു നടുവിൽ ചെന്നു നിന്നു.
കുറച്ചുസമയത്തേക്ക് നിങ്ങളുടെ സംസാരമൊന്നു നിർത്തിവച്ചാൽ നന്നായിരുന്നു, നിങ്ങളോടെനിക്ക് പ്രധാനപ്പെട്ട ചിലതു പറയാനുണ്ട്.
പാർവ്വതിയമ്മയതു പറഞ്ഞപ്പോഴേക്കും അവരെല്ലാം നിശബ്ദരായി.
പാർവ്വതിയമ്മ സംസാരം തുടർന്നു.
ഞാനും നിങ്ങളും ഈ ഗ്രാമത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് ഏറെകാലത്തെ വ്യത്യാസമൊന്നുമില്ലന്നു നിങ്ങൾക്കറിയാലോ,?
നമ്മളെല്ലാമിവിടെ താമസം തുടങ്ങിയതു മുതൽ തേക്കേകരയെയാണ് എല്ലാറ്റിനും ആശ്രയിക്കുന്നത്.
നമ്മുടെ കുട്ടികൾ ഏറെ ദൂരം നടന്നാണ് അവിടെയുള്ള സ്കൂളിലും മദ്രസ്സയിലും ദിവസവും പോയി വരുന്നത്.
.പള്ളിയും അമ്പലവുമെല്ലാം അവിടെയായതു കൊണ്ട് മുതിർന്നവർക്കും അതിൻ്റേതായ പ്രയാസമുണ്ട്.
നമ്മുടെ കരയിൽ അതെല്ലാം ഉണ്ടായാൽ ആ വക പ്രയാസങ്ങൾക്ക് പരിഹാരമാകും.
ഞങ്ങൾ അക്കാര്യത്തിലൊരു തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇനി അറിയേണ്ടത് നിങ്ങളുടെയെല്ലാം അഭിപ്രായം എന്താണെന്നാണ്.
ദേ അക്കാണുന്ന സ്ഥലത്ത് അതെല്ലാം ഉണ്ടാക്കാം എന്നതാണാ തീരുമാനം.
ആവശ്യമായ ഭൂമിയും കല്ലും മരവും സൗജന്യമായിരിക്കും,
പണിയെല്ലാം നിങ്ങൾ ചെയ്യണം.
അടുത്ത നോമ്പിനു മുമ്പായി പണി പൂർത്തിയാക്കണം.
എന്നു തുടങ്ങണം, എങ്ങനെയെല്ലാം ചെയ്യണം എന്നതെല്ലാം ഉമ്മർക്കയും ഗോവിന്ദനും നിങ്ങൾക്കുപറഞ്ഞു തരും.
ആർക്കെങ്കിലും ഏതെങ്കിലും കാര്യത്തിൽ വിയോജിപ്പുണ്ടെങ്കിൽ മടിക്കാതെ ഇപ്പോൾ ഇവിടെ വച്ചു തന്നെ തുറന്നു പറയാം.
അര മണിക്കൂർ സമയത്തിനിടയിൽ പരസ്പരംസംസാരിച്ച് നിങ്ങളൊരു മറുപടി പറയണം.
അതുകഴിഞ്ഞ് നമുക്ക് ബാക്കി കാര്യങ്ങൾ പറയാം.
ഇത്രയും പറഞ്ഞതിനു ശേഷം പാർവതിയമ്മ വീണ്ടും പാചകപ്പുരയുടെ തറയിൽ വിരിച്ച പായയിൽ തന്നെ ചെന്നിരുന്നു.
അരമണിക്കൂർ കഴിഞ്ഞ് ഉമ്മർക്കയും ഗോവിന്ദനും അവർക്കിടയിലെത്തി.
അമ്മ പറഞ്ഞത് നിങ്ങളെല്ലാം കേട്ടതാണല്ലോ,
അക്കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടങ്കിൽ നിങ്ങൾക്കത് ഞങ്ങളോടു പറയാം,
അതല്ല എല്ലാർക്കും സമ്മതമാണെങ്കിൽ കൈപൊക്കി അംഗീകരിക്കുകയും ചെയ്യാം.
അവരെല്ലാം കൈപൊക്കി തങ്ങൾക്കതിൽ എതിരഭിപ്രായമില്ലെന്നറിയിച്ചു.
ഉമ്മർക്ക സംസാരം തുടർന്നു.
ഇനിയൊരു പതിനൊന്നാഴ്ച കഴിഞ്ഞാൽ ബലിപെരുന്നാളാകും. അതു കഴിഞ്ഞാലുടൻ വിഷു.
ഏറെ കഴിയാതെ ഓണവുമാകും.
അന്നെല്ലാം ഇതുപോലെ നമ്മളിവിടെ ഒരുമിച്ചു കൂടണം.
ഇനിയങ്ങോട്ടുള്ള ഉത്സവ ദിവസങ്ങളെല്ലാം ഇതുപോലെ ഇവിടെ വച്ചു നമുക്കാഘോഷിക്കണം.
നമ്മുടെ നാട് വളരുന്നതിനനുസരിച്ച് നമ്മളും വളരും,
നമ്മൾ വളരുന്നതിനനുസരിച്ച് നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരും.
എത്ര തന്നെ മാറ്റം വന്നാലും പല കുടുംബമായ നമ്മൾ ഒരു കുടുംബമാണെന്ന തിരിച്ചറിവു നഷ്ടമാകാതിരിക്കാൻ ഇങ്ങനെയുള്ള കൂടിച്ചേരൽ എന്തുകൊണ്ടും നമുക്കാവശ്യമാണ്.
എല്ലാർക്കും സമ്മതമായതു കൊണ്ട് പള്ളിയുടെയും അമ്പലത്തിൻ്റെയും പണി നമുക്കുടനെ തുടങ്ങാം.
വിവരം നിങ്ങളെ അറിയിക്കുകയും ചെയ്യാം.
കുട്ടികൾക്കാർക്കെങ്കിലും ചോറും കറിയും ആവശ്യമുണ്ടങ്കിൽ ആ ചെമ്പിനടുത്തേക്കു ചെന്നാൽ അവർ എടുത്തു തരും.
ആവശ്യക്കാർക്ക് വീട്ടിലേക്കു കൊണ്ടു പോയി രാത്രിയും കഴിക്കാം.
ഇനി നാലു ദിവസം കഴിഞ്ഞാൽ കൊയ്ത്തു തുടങ്ങണം.
രാവിലെ ഇവിടെ വന്നതിനു ശേഷം പാടത്തേക്കു പോകാം. അതു വരെ ആരുമിനിയിങ്ങോട്ടു വരണമെന്നില്ല.
പറ്റുന്നവർ ചെമ്പും പാത്രവും കഴുകി വൃത്തിയാക്കാൻ സഹായിക്കണം. അല്ലത്തവർക്ക് വീട്ടിലേക്കു പോകാം
. ഇത്രയും പറഞ്ഞതിനുശേഷം ഉമ്മർക്കയും ഗോവിന്ദനും പാർവ്വതിയമ്മയുടെ അരികിലെത്തി.
അപ്പോ എങ്ങനെയാ ഗോവിന്ദാ,? ഉമ്മർക്കയും നീയും കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നതൊഴിച്ചാൽ കാര്യങ്ങളൊക്കെ ആർക്കും ഒരു പരാതിയും കൂടാതെ ഭംഗിയായി നടന്നില്ലേ.?
അച്ഛൻ മരിച്ച ദിവസമൊഴിച്ചാൽ ഇത്തരത്തിലൊരു ആൾക്കൂട്ടം ഇവിടെ ആദ്യത്തേതാ, നമുക്കിത് നിലനിർത്തണം. നമുക്കു വേണ്ടിയല്ല, നമ്മുടെ മക്കൾക്കു വേണ്ടി,
അവർ തമ്മിൽ തല്ലു കൂടാതിരിയ്ക്കാൻ വേണ്ടി.
ദൈവം സഹായിച്ചാൽ കണ്ണടയുന്നതു വരെ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും.
ഗോവിന്ദാ, വീട്ടിൽ നിന്നും ഇങ്ങോട്ടു കൊണ്ടുവന്ന ഉരുളിയും ചെമ്പും കഴുകി വൃത്തിയാക്കി ഇവിടെ പാചകപ്പുരയിൽ എടുത്തുവച്ചാൽ മതിട്ടോ,
തിരിച്ചങ്ങോട്ടു കൊണ്ടുവരണമെന്നില്ല.
നാലാഴ്ച കഴിഞ്ഞാൽ ഇവിടെ ഇനിയും അതിൻ്റെ ആവശ്യം വരുമല്ലോ.?
കൃഷിയോടൊപ്പം സ്കൂളിൻ്റെയും, ആരാധനാലയങ്ങളുടെയും പണി നടക്കുന്നതു കാരണം പാടത്തും പറമ്പിലുമെന്ന പോലെ അത്താണിക്കലും ആൾകൂട്ടം പതിവായി.
പണിയെല്ലാം കഴിഞ്ഞതിനു ശേഷം വീട്ടിൽ സമയം ചെലവഴിച്ചിരുന്നവരിലേറെയും അത്താണിക്കലെത്തി നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഉമ്മർക്കയുടെയും ഗോവിന്ദൻ്റെയും അവസരോചിതമായ ഇടപെടലുകളും കുട്ടികൾ ഉൾപ്പടെയുള്ളവരുടെ അത്യാവേശത്തോടെയുള്ള സഹകരണവും മൂലം
വർഷമൊന്നാവാറായപ്പോഴേക്കും മൂന്നു നിർമാണപ്രവർത്തികളും പൂർത്തീകരിക്കാനവർക്കുകഴിഞ്ഞു.
ആരാധാനാലയങ്ങളിൽ പ്രാർത്ഥനാ കർമ്മങ്ങൾക്കു തുടക്കം കുറിക്കുന്നതിനു മുമ്പായി പള്ളിക്കൂടത്തിൻ്റെ പ്രവർത്തനം തുടങ്ങണമെന്നായിരുന്നു മുതിർന്നവരുടെ ആഗ്രഹം.
ഉമ്മർക്കയോടും ഗോവിന്ദനോടും അവരതു പറയുകയും ചെയ്തിരുന്നു.
ഉമ്മർക്കാ.. എന്താ ഗോവിന്ദാ.?
മൂന്നിടത്തുമായി കല്ലും മരവും ഓടും ഏറെ ബാക്കിയുണ്ട്.
അതൊക്കെ എവിടേക്കാണ് എടുത്തു വെക്കേണ്ടതറിഞ്ഞാൽ അതങ്ങ് ചെയ്യാമായിരുന്നു.
ആ വക കാര്യങ്ങളൊന്നും ഞാനല്ലഗോവിന്ദാ തീരുമാനിക്കുന്നത്. അവരാ.
അവരോ, ആരാണത്.?
ദാസൻ നമ്പൂതിരിയും ഹൈദറലിയും. എന്തേ, ഇപ്പോ മനസ്സിലായോ.?
ഉം, മനസ്സിലായി.
എന്നാൽ പിന്നെ ഉമ്മർക്ക തന്നെ അവരോടത് ചോദിച്ചറിയുന്നതാണു നല്ലത്. വൈകാതിരുന്നാൽ അത്രയും നല്ലത്.
എന്തിനാ ഗോവിന്ദാ വൈകുന്നത്. വൈകുന്നേരമാകുമ്പോഴേക്കും അവരിങ്ങോട്ടു വരുമല്ലോ, അവർ വന്ന ഉടനെ ഞാനിക്കാര്യം അവരോടു പറയാം, നീയും കൂടെഉണ്ടാകണം.
വേറെ എന്തെങ്കിലും പറയാനുണ്ടോ.?
പറയാനുണ്ട്, പക്ഷെ അത് പണിയുമായി ബന്ധപ്പെട്ടതല്ലെന്നേയുള്ളു.
പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഇവിടെ പറയാൻ പാടുള്ളൂ എന്ന് നിന്നോടാരാ പറഞ്ഞത്.?
നിനക്കെന്താ പറയാനുള്ളതെന്നു വച്ചാൽ പറഞ്ഞോ, എനിക്കതിലൊരു വിരോധവുമില്ല.
എന്നാൽപറയാം,
ഈ നാട്ടിലാദ്യമായി മൂന്നു കെട്ടിടങ്ങളുടെ പണി ഒരേ സമയം പൂർത്തിയായി.
ഒരാളുപോലും മാറിനിൽക്കാതെ അതിനു വേണ്ടി പണിയെടുത്തു.
ഇതിൻ്റെ പേരിൽ നമുക്കൊരു ദിവസം ഒത്തു ചേർന്നു കൂടെ.?
നാട്ടുകാരുടെ ചെലവിൽ ഉച്ചഭക്ഷണ പരിപാടിയും സംഘടിച്ചുകൂടെ.?
അതൊക്കെ നമുക്ക് ആലോചിച്ചു ചെയ്യാം.
ഹൈദറലിയിങ്ങോട്ടു വരുന്നുണ്ട്.
തുടരും…)
– K.M സലീം പത്തനാപുരം