പേരക്കുട്ടി വാങ്ങിയ പുത്തൻ കാർ ആദ്യമായി ഷോറൂമിൽ നിന്ന് ഇറക്കുന്ന വീഡിയോ വാട്സ് ആപ്പിൽ കണ്ടപ്പോൾ ഔസേപ്പച്ചൻ്റെ മനസ്സ് പൊടുന്നനെ തൻ്റെ യൗവന കാലത്തേക്ക് പോയി. 1980കളിലാണ് ഔസേപ്പച്ചൻ ഒരു 1970 മോഡൽ ഡോഡ്ജ് വാൻ വാങ്ങിയത്. മൂന്നോ നാലോ വർഷം ഉപയോഗിച്ച് കഴിഞ്ഞാൽ അത് മാറ്റി മറ്റൊന്ന് വാങ്ങും. അതായിരുന്നു പതിവ്. ആദ്യത്തെ ഉടമസ്ഥൻ്റെ കൈവശം ഇരിക്കുമ്പോൾ ഇത് ഗുഡ്സ് പെർമിറ്റ് ഉള്ള വണ്ടി ആയിരുന്നു. ഇടനിലക്കാരനിൽ നിന്നും ഔസേപ്പച്ചൻ വാങ്ങിയപ്പോൾ അത് സ്വന്തം വീട്ടാവശ്യത്തിന് ഉപയോഗിക്കുവാനായി ഗുഡ്സ് പെർമിറ്റ് മാറ്റി പ്രൈവറ്റ് കാർ പെർമിറ്റ് എടുത്തിരുന്നു.
ആ കാലഘട്ടത്തിൽ ഗുഡ്സ് പെർമിറ്റ് ഉള്ള വണ്ടികളുടെ നമ്പർ പ്ലേറ്റ് വെളുത്ത ബോർഡിൽ കറുത്ത അക്ഷരങ്ങളിലായിരിക്കും എഴുതിയിരിക്കുക. പ്രൈവറ്റ് ആകുമ്പോൾ കറുത്ത ബോർഡിൽ വെളുത്ത അക്ഷരത്തിൽ ആയിരിക്കണം. ഈ നമ്പർ പ്ലേറ്റ്ൻ്റെ കളർ മാറ്റാനും ആകെ ഒന്ന് പോളിഷ് ചെയ്ത് സുന്ദര കുട്ടപ്പൻ ആക്കാനും വേണ്ടിയാണ് ആദ്യം തന്നെ ഇത് വർക്ക്ഷോപ്പ്കാരനെ ഏൽപ്പിക്കാൻ തുടങ്ങിയത് ഔസേപ്പച്ചൻ. ആദ്യമായി താക്കോൽ കൊടുത്തു വർക്ക്ഷോപ്പ്കാരൻ വണ്ടിയെടുത്ത് ജംഗ്ഷനിൽ ചെന്ന് തിരിച്ചുവരുമ്പോഴുണ്ട് വണ്ടിക്കകത്ത് ചോരയൊലിപ്പിച്ച് ഒരു പയ്യൻ ഇരിക്കുന്നു. ഇത് എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് വർക്ക്ഷോപ്പ്കാരൻ പറയുന്നത് സ്കൂട്ടറിടിച്ച് റോഡിൽ വീണു കിടന്നിരുന്ന ഒരു പയ്യനെ നാട്ടുകാർ എല്ലാവരും കൂടി ഈ കാറിൽ കയറ്റി ആശുപത്രിയിൽ ഒന്ന് കൊണ്ടുപോകാമോ എന്ന് ചോദിച്ചു എന്ന്. ഔസേപ്പച്ചൻ്റെ അനുവാദം വാങ്ങാൻ വർക്ക്ഷോപ്പ് കാരൻ അപ്പോൾ തന്നെ തിരികെ വന്നതാണ് എന്ന്. ‘വേഗം അവനെ ആശുപത്രിയിലേക്ക് കൊണ്ടു പോ’ എന്ന് പറഞ്ഞെങ്കിലും ഔസേപ്പച്ചൻ്റെ മനസ്സ് ഒന്ന് പിടഞ്ഞു. തുടക്കംതന്നെ അത്ര പന്തിയല്ലല്ലോ എന്ന് തോന്നി.
ഏതായാലും രണ്ടാഴ്ചയ്ക്കകം വണ്ടി സുന്ദരനായി വർക്ക്ഷോപ്പിൽ നിന്ന് നമ്പർ പ്ലേറ്റും മാറി എത്തി. ഔസേപ്പച്ചൻ പതിവുപോലെ ബിസിനസ് ആവശ്യങ്ങൾക്ക് ഒക്കെ പോകാൻ തുടങ്ങി. അപ്പോഴാണ് ഒരു ദിവസം രണ്ടു പേർ ഈ വണ്ടി അന്വേഷിച്ച് കടയുടെ പരിസരത്തുനിന്ന് കറങ്ങുന്നത് കണ്ടത്. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ അവർ പറയുന്നു. ഈ വണ്ടി ആദ്യം അവരുടേ തായിരുന്നു. കടം വന്ന് താമസിക്കുന്ന വീട് വരെ ജപ്തി ഭീഷണിയിൽ ആയി. ആ സമയത്ത് ഈ വണ്ടി ഒരു ബ്രോക്കർക്ക് വിറ്റതാണ്.R.T. ഓഫീസിൽ നിന്ന് ഇതിൻ്റെ ഗുഡ്സ് പെർമിറ്റ് ടാക്സ് അടക്കണം എന്നും പറഞ്ഞു ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയിരിക്കുന്നു. അതിനെ തുടർന്ന് അവർ ആ പേപ്പറുമായി ബ്രോക്കറുടെ അടുത്തെത്തി. ബ്രോക്കർ പറഞ്ഞു ആ വണ്ടി ഒക്കെ വിറ്റ് പോയെന്ന് പറഞ്ഞതല്ലാതെ ഉടമസ്ഥനെ കൃത്യമായി പറഞ്ഞു കൊടുത്തില്ല. ഇവർ തന്നെ കഷ്ടപ്പെട്ട് വണ്ടി വാങ്ങിയ ഉടമയെ അന്വേഷിച്ച് കണ്ടുപിടിച്ച് എത്തിയതാണ്. കാരണം ഗുഡ്സ് പെർമിറ്റ് ഉള്ള വണ്ടികൾ എപ്പോഴും പോലീസിൻ്റെ നിരീക്ഷണത്തിലായിരിക്കും. ഈ വണ്ടികളിൽ കടത്തുന്ന സാധനങ്ങൾ എന്ത്? അനധികൃതമായി ലൈസൻസ് ഇല്ലാത്ത സാധനങ്ങൾ കടത്തുന്നുണ്ടോ? ഇതൊക്കെ എപ്പോഴും പോലീസ് ചെക്ക് ചെയ്തുകൊണ്ടിരിക്കും.
ഗുഡ്സ് പെർമിറ്റ് ഉള്ള ഈ വണ്ടി ഔസേപ്പച്ചൻ വാങ്ങിയപ്പോൾ ഇത് പ്രൈവറ്റ് പെർമിറ്റ് ആക്കി മാറ്റിയിരുന്നു. ആർ. സി. ബുക്കിൽ ഇത് മാറ്റിയിരുന്നു എങ്കിലും ആർ.ടി. ഓഫീസിലെ റെക്കോർഡുകളിൽ അവർ ഇത് മാറ്റാൻ വിട്ടുപോയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു അറിയിപ്പ് പഴയ ഉടമയ്ക്ക് ലഭിച്ചത്. ഏതായാലും പഴയ ഉടമസ്ഥനും ഔസേപ്പച്ചനും കൂടി പഴയ ഉടമസ്ഥൻ്റെ ആർ.ടി. ഓഫീസിൽ പോയി പെർമിറ്റ് മാറ്റിയ കടലാസുകൾ ഒക്കെ കാണിച്ച് പ്രശ്നം തീർത്തു.
ഒരു ദിവസം കുടുംബസമേതം എങ്ങോട്ടോ യാത്ര പോവുകയായിരുന്നു ഔസേപ്പച്ചൻ.അപ്പോൾ അതാ ഒരു പോലീസ് ജീപ്പ് കുറച്ചു സമയമായി ഫോളോ ചെയ്ത് സിനിമാസ്റ്റൈലിൽ കാറിനു കുറുകെ നിർത്തി വണ്ടി തടഞ്ഞു. ബുക്കും പേപ്പറും ഒക്കെ കാണിക്കാൻ ആവശ്യപ്പെട്ടു. ഗുഡ്സ് പെർമിറ്റ് മാറ്റി പ്രൈവറ്റ് പെർമിറ്റ് ആക്കിയ വിവരമൊക്കെ പൊലീസിനോട് പറഞ്ഞപ്പോൾ, ഇതെല്ലാം നിങ്ങൾ ക്ലിയർ ചെയ്തുവോ എങ്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു. ഈ വണ്ടിയുടെ നമ്പർ എല്ലാ പോലീസുകാർക്കും വയർലെസ് മെസ്സേജ് ആയി കൊടുത്തിട്ടുണ്ട് അതുകൊണ്ടാണ് ഞങ്ങൾ ഇത് തടഞ്ഞത് എന്ന്.
ചെറിയ ചെറിയ അല്ലറ ചില്ലറ തലവേദനകൾ ഈ വണ്ടി വാങ്ങിയ അന്ന് മുതലുണ്ട്. അതിനിടയിൽ ഈ കാറുമായി മകനും കുടുംബവും അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോയപ്പോൾ ഇതിൻ്റെ ബാക്ക് ടയർ ഓട്ടത്തിനിടയിൽ വിട്ടുപോയി.ഇതിൻ്റെ പാർട്സ് ഒന്നും അന്ന് കേരളത്തിൽ ലഭ്യമല്ല. കോയമ്പത്തൂർ നിന്ന് വരണം. നടുറോഡിൽ നിന്നുപോയ കാർ വർക്ക്ഷോപ്പിൽ കയറ്റി കോയമ്പത്തൂരിൽ നിന്ന് സാധനം വന്നു പിന്നെയും രണ്ടാഴ്ച കഴിഞ്ഞാണ് പുറത്തിറങ്ങിയത്. എങ്ങനെയെങ്കിലും ഇതൊന്ന് തലയിൽനിന്ന് ഒഴിഞ്ഞാൽ മതി എന്നായി ഔസേപ്പച്ചന്.
ഇത് വിറ്റ് മറ്റൊന്ന് വാങ്ങാമെന്നു കരുതി ഔസേപ്പച്ചൻ അപ്പോൾ തന്നെ മറ്റൊരു ടെമ്പോ വാൻ ബുക്ക് ചെയ്തു. ബുക്ക് ചെയ്തത് വരാൻ രണ്ടുമൂന്നു മാസം പിടിക്കും. എങ്ങനെയെങ്കിലും പുതിയ ടെമ്പോ വന്നോട്ടെ ഇതൊന്നും വിറ്റോട്ടേ എന്ന് കരുതി ഇരിക്കുമ്പോഴാണ് മകളുടെ കല്യാണം ആയത്. മംഗള കാര്യങ്ങൾ നടക്കുമ്പോൾ ഏതായാലും വിൽപ്പന വേണ്ട എന്ന് തന്നെ തീരുമാനിച്ചു. രണ്ടുമൂന്നു മാസത്തിനുള്ളിൽ മകളുടെ കല്യാണം കഴിഞ്ഞു പുതിയ ടെമ്പോ വന്നപ്പോൾ ഈ പഴയ വാൻ വിൽക്കുകയും ചെയ്തു.
ഒരുദിവസം അത്യാവശ്യമായി എറണാകുളത്തേക്കു പോകാൻ നിൽക്കുമ്പോൾ വീണ്ടും പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ. നിങ്ങളുടെ ഡോഡ്ജ് വാൻ ഒരു സ്‌കൂട്ടർകാരനെ തട്ടി നിർത്താതെ ഓടിച്ചുപോയി കഴിഞ്ഞ ദിവസം. ആ സ്കൂട്ടറുകാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട് എന്ന്. നാട്ടുകാരിൽ ആരോ ഈ വണ്ടിയുടെ നമ്പർ എഴുതി എടുത്തിരുന്നു. ഉടമയുടെ പേര് കാണിക്കുന്നത് നിങ്ങളുടെ അഡ്രസ്സിൽ ആണ്. ഈ വാൻ വിറ്റിട്ട് രണ്ടുമാസം കഴി ഞ്ഞിരുന്നു. എല്ലാം ഔസേപ്പച്ചൻ പറഞ്ഞു നോക്കിയിട്ടും പോലീസുകാർ സമ്മതിച്ചില്ല. ഇതിൻ്റെ അഡ്രസ്സ് ഇപ്പോഴും നിങ്ങളുടെ പേരിൽ ആണ്. അതുകൊണ്ട് ഉടനെ തന്നെ വിറ്റതിൻ്റെ എന്തെങ്കിലും പേപ്പർ ഉണ്ടെങ്കിൽ അതും എടുത്തു എറണാകുളത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഔസേപ്പച്ചൻ പേപ്പറുകളും ആയി എറണാകുളം പോലീസ് സ്റ്റേഷനിലെത്തി എല്ലാം കാണിച്ചു തലയൂരി. ഇത് എന്തൊരു മാരണം!!! ഇത് വിറ്റു പോയിട്ടും ഇതുണ്ടാക്കുന്ന സ്വൈരക്കേടു എത്രയാണ് എന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു തള്ളി കളഞ്ഞു.
ഒരു മൂന്നുമാസം കഴിഞ്ഞു. ഇളയ മകന് പെണ്ണുകാണാൻ കുടുംബസമേതം ബ്രോക്കറും ഒക്കെയായി ഒരു വീട്ടിലെത്തി. പെൺകുട്ടിക്ക് രണ്ടു സഹോദരന്മാരുണ്ട്. ചായ സൽക്കാരം ഒക്കെ കഴിഞ്ഞ് എല്ലാവരെയും പരസ്പരം പരിചയപ്പെട്ട പ്പോഴാണ് അവർ പറഞ്ഞത്, പെൺകുട്ടിയുടെ ഇളയ സഹോദരൻ ഒരു കാർ വാങ്ങാൻ എറണാകുളത്ത് പോയിരിക്കുകയാണ്. നിങ്ങൾ എത്തുന്നതിനുമുമ്പ് പോയി വരാം എന്ന് പറഞ്ഞാണ് രാവിലെ തന്നെ പോയത്. ഇപ്പോൾ എത്തും. കുറേ സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ഇളയ സഹോദരനെ മറ്റേതെങ്കിലും അവസരത്തിൽ പരിചയപ്പെടാം എന്ന് പറഞ്ഞു എല്ലാവരും ടെമ്പോയിൽ കയറാൻ തുടങ്ങുമ്പോൾ ഉണ്ട് അതെ കടുംപച്ച ഡോഡ്ജ് കാർ ഓടിച്ചു കൊണ്ട് പെൺകുട്ടിയുടെ ഇളയ സഹോദരൻ ഇവരുടെ നേരെ വരുന്നു. ഔസേപ്പച്ചൻ നെഞ്ചത്ത് കൈവച്ചു. എൻ്റെ ദൈവമേ!!! ഇതെന്താ വല്ല മുൻജന്മ ബന്ധവും ഈ കാറിന് നമ്മളും ആയിട്ടുണ്ടോ എന്ന് ചോദിച്ചു. ചോദ്യം അല്പം ഉറക്കെയായി പോയി.
ഏതായാലും ആ കല്യാണം നടന്നു. മകൾ കല്യാണത്തിന് കയറിയ അതേ കാറിൽ മരുമകളും കയറിവന്നു. കാർ പിന്നീട് അവരുടെ കയ്യിൽ നിന്ന് മറ്റ് ഒരാളിലേക്ക് കൈ മറയുന്നതുവരെ ഔസേപ്പച്ചൻ്റെ വീട്ടുമുറ്റത്ത് പലതവണ വന്നുകൊണ്ടേയിരുന്നു.
പഴയ വണ്ടികൾ വാങ്ങിക്കുമ്പോഴും വിൽക്കുമ്പോഴും പലർക്കും പറ്റുന്ന സാധാരണ ഒരു അബദ്ധം ആണിത്. കാര്യം നിസ്സാരമെന്നു തോന്നുമെങ്കിലും അത്ര നിസ്സാരമല്ല എന്ന് മാത്രമല്ല ചിലപ്പോൾ അത് ഗുരുതരവും ആയി തീരാറുണ്ട്. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ അല്ലെ?
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.