മ്യാവൂ….. മ്യാവൂ …’
കേറ്റ് സ്ട്രീറ്റിൽ പുള്ളിപൂച്ചയുടെ ഭവനത്തിൽ ആഹ്ലാദത്തിൻ്റെ അലയൊലികൾ .
പുള്ളിപൂച്ച തൻ്റെ മീശ തടവി മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. മുഖത്ത് പ്രസാദമുണ്ട്. തല ചൊറിഞ്ഞ് കണക്കുകൾ കൂട്ടുന്നു. അകത്ത് നിന്ന് പുള്ളിപൂച്ചയുടെ ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും കിലുങ്ങുന്ന ചിരി. ആ വഴി പോയ തടിയ പൂച്ചക്ക് അവരുടെ സന്തോഷത്തിൻ്റെ കാരണം പിടി കിട്ടിയില്ല. അവിടെ നിന്നിരുന്ന ബ്ലാക്കൻവൈറ്റ് പൂച്ചയോട് കാര്യം തിരക്കിയപ്പോൾ പറഞ്ഞു: –
“തടിയൻ പൂച്ചേ കുഴിമടിയാ
അറിഞ്ഞില്ലേ നീ കാര്യങ്ങൾ
പ്രശോഭിക്കും തങ്ക കട്ടികൾ
ലഭിച്ചു പുള്ളിപൂച്ചയ്ക്ക് ”
“ങ്ങേ…. “തടിയൻ പൂച്ച ന്തെട്ടിപോയ്.
” അവരുടേ ഒരു ഭാഗ്യം”എനിയ്ക്കും തങ്ക കട്ടികൾ ലഭിച്ചെങ്കിൽ സുഖമായി കഴിയാമായിരുന്നുവെന്ന് തടിയൻ പൂച്ച വിചാരിച്ചു.
തടിയൻ പൂച്ച അൽപദൂരം നടന്ന് മാർജാര്യൻ കൊട്ടാരത്തിനടുത്ത് എത്തിയപ്പോൾ തടിയൻ പൂച്ച ഒരു കാഴ്ച കണ്ടു.
“തിളങ്ങുന്നതെന്ത് തിളങ്ങുന്നതെന്ത്?
തങ്കം പോലെയിരിക്കുന്നു.
ചുവന്ന് തുടിച്ചിരിക്കുന്നു.
കൈനിറയെ എടുത്തിടാം”
തടിയൻ പൂച്ച ശോഭിക്കുന്ന കൂമ്പാരത്തിൽ മേൽക്ക് നോക്കി നിന്നു. എത്ര മനോഹരം.
” ഈ തങ്കമെല്ലാം കിട്ടിയാൽ
ഊട്ടിയിലൊരു കൊട്ടാരം വെയ്ക്കും
കാട്ടിലൊള്ളോരെ എൻ വീട്ടിലാക്കും
പാരിൽ പാട്ട് പാടി നടന്നീടും ”
തടിയൻ പൂച്ച ഒട്ടും താമസിച്ചില്ല ആഗ്രഹങ്ങൾ നിറവേറ്റാൻ തിളങ്ങീടുന്ന കൂമ്പാരത്തിൻമേൽക്ക് ഒറ്റച്ചാട്ടം
” അയ്യോ…. അയ്യോ.”
തടിയൻ പൂച്ചയുടെ രോദനം മാറ്റൊലി കൊണ്ടു.
കരച്ചിൽ കേട്ട് ബ്ലാക്കൻവൈറ്റ് പൂച്ച ഓടിയെത്തി സംഭവം നോക്കി.
“തടിയൻ പൂച്ച കുഴിമടിയൻ
മണ്ടത്തരങ്ങൾ ചെയ്തിട്ട്
കേഴുന്നുവല്ലോ അറിയാതേ
തങ്കവുമല്ലാ സ്വർണ്ണവുമല്ലാ
കനൽ കട്ടകൾ ആണത് ”
പാവം തടിയൻ പൂച്ച കൈകളും കാലുകളും പൊള്ളി. തടിയൻ പൂച്ച കണ്ടത് കനൽ കട്ടകളായിരുന്നു. തങ്ക കട്ടകളാണെന് തെറ്റിദ്ധരിച്ച് ചാടി പോയി.
ഇപ്പോഴും തടിയൻ പൂച്ച കേറ്റ് സ്ട്രീറ്റിലെ “പൂച്ച പിഴിച്ചൽ ” ആശുപത്രിയിൽ ചികിത്സയിലാണ്.
– ആന്റോ കവലക്കാട്ട്