1. നിങ്ങൾ ക്യൂവിലാണ്
ഓരോ സെക്കന്റിലും ഈ ലോകത്ത് നിന്ന് വിട പറയുന്നവരുടെ നിര കണ്ടപ്പോൾ താനും ക്യൂവിലാണെന്ന ചിന്ത സദ്പ്രവൃത്തിയുടെ പാതയിൽ പ്രവർത്തിക്കാൻ അയാളെ പ്രേരിപ്പിച്ചു.
2. വീഴ്ച
കാലിന് വീഴ്ച വന്നപ്പോൾ സുഖപ്പെടുത്തിയ അയാൾ നാവിന് വന്ന വീഴ്ചയിൽ നിന്ന് കരകയറാനാവാതെ അലയുകയാണ്.
3. ചർച്ച
അയാളുടെ വിഷമങ്ങൾ കേൾക്കുവനല്ലായിരുന്നു മറിച്ച് അവരുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കുക ആയിരുന്നു ആ ചർച്ചയുടെ ലക്ഷ്യം.
4. പ്രതീക്ഷിക്കാത്തവൻ
മറ്റുള്ളവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാത്തതിനാൽ അയാൾ നിരാശനായിരുന്നില്ല.
5. ലയനം
മഴ വെള്ളം പുഴവെള്ളത്തിൽ ലയിച്ച് കടലാഴങ്ങളിലേക്ക് നീങ്ങിയപ്പോൾ അവളുടെ മനതാരിൽ നഷ്ട പ്രണയത്തിന്റെ വേഴാമ്പൽ കേണു.
6. ആത്മവിശ്വാസം
ആത്മവിശ്വാസത്തിന്റെ കൊടുമുടി തീർത്ത് അയാൾ വിജയ കിരീടം ചൂടി.
7. നൂൽ പാലങ്ങൾ
ശരീരം തളരാതിരിക്കാൻ മനസ്സിനെ തളർത്താതെ ദൃഡനിശ്ചയത്തോടെ. അയാൾ പ്രതിബന്ധങ്ങളുട നൂൽ പാലങ്ങൾ മറികടന്നു.
8. ചെറിയതിലെ വലുത്
വലിയ കാര്യങ്ങൾ അയാൾക്ക് ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ കാര്യങ്ങൾ ആത്മാർത്ഥതയോടും സ്നേഹത്തോടും ചെയ്ത് സംതൃപ്തി നേടി.
9. ആപ്പ്
അവളുടെ പ്രണയം വാട്ട്സ് ആപ്പ് ലായി. നേരെ ചെന്ന് പയ്യന്റെ കോലം കണ്ടപ്പോൾ അവൾ ആപ്പിലായി പൊല്ലാപ്പിലായി.
10. കലഹം
നീതിക്കു വേണ്ടി മുറവിളി കൂട്ടിയ അയാൾ മറ്റുള്ളവരുടെ മുന്നിൽ ശല്യക്കാരനായ കലഹക്കാരനായി മാറി.
11. ഓൺലൈൻ
അവൾ ലൈൻ വലിച്ചതും വിവാഹം കഴിച്ചതും ഓൺലൈനിലായിരുന്നു. ബീജസങ്കലനം ഓൺലൈനിൽ ലൈനപ്പ് ആകാത്തതിനാൽ അവരുടെ വേർപിരിയലും ഓൺലൈനിലായ്.
12. ഗൂഗിൾ പേ
പണത്തിനുമീതേ പരന്തും പറക്കില്ലാ എന്നുള്ളത് മാറ്റി അവൾ ഗൂഗിൾ പേയ്ക്ക്മേൽ ഈഗിളും പറക്കില്ല എന്നാക്കി.
13. ഇടം
മനുഷ്യ മനസ്സിൽ ഇടം കണ്ടെത്തുവാനായി എന്നുള്ളതാണ് അയാളിൽ ഈ ജീവിതത്തിൽ കൈ വന്ന ഭാഗ്യം.
14. ഒരേ കൂട്ടർ
അയാളെ നീന്താൻ പഠിപ്പിച്ചവർ തന്നെയാണ് മുക്കി കൊല്ലുവാൻ ശ്രമിക്കുന്നത്.
15. അല്ലലിൽ അലിഞ്ഞ്
അയാൾ ജീവിതകാലം മുഴുവൻ അലഞ്ഞത് അല്ലലില്ലാതെ ജീവിക്കാനായിരുന്നു.
16. വകതിരിവ്
അയാളെ സോപ്പ് ഇട്ടാൽ കാര്യം നേടാമെന്ന് പറഞ്ഞപ്പോൾ അവൾ ഓടി പോയി വില കൂടിയ സോപ്പ് വാങ്ങി അയാൾക്ക് കൊടുത്തു. അയാൾ ആ സോപ്പ് വലിച്ചെറിയുന്നത് കണ്ട് ചൂളി പോയ്.
17. നിറഭേദങ്ങൾ
ചിലപ്പോൾ കളിയിൽ എതിർ ടീമിന്റെ പ്രകടനങ്ങൾ മാത്രമല്ല പ്രകൃതിയുടെ നിറവ്യത്യയാനങ്ങളും ജയപരാജയങ്ങളെ നിർണ്ണയിക്കും.
18. പൊട്ടിത്തെറി
പൊട്ടനെന്ന് കരുതിയ ആൾ ശബ്ദിച്ചപ്പോൾ മറ്റുള്ളവരിൽ വലിയ പൊട്ടിത്തെറിയുണ്ടായ്.
19. മെസ്സേജ്
അവളെ ആവോളം പ്രണയിച്ചതു കൊണ്ടായിരിക്കാo തിരിച്ചൊന്നും അയക്കാഞ്ഞിട്ടും അയാൾ അവൾക്ക് തുടരേ മെസ്സേജുകൾ അയച്ച് കൊണ്ടിരുന്നത്.
20. പറ്റിച്ചേ
അയാൾ അവരെ അത്രകണ്ട് വിശ്വസിച്ചതിനാൽ അവർക്ക് അയാളെ വേണ്ടുവോളം പറ്റിക്കാനായ്.
21. പുഞ്ചിരി
അയാളെ വേദനിപ്പിച്ച വരുടേയും പറ്റിച്ചവരുടേയും മുൻപിൽ പുഞ്ചിരിച്ച് നിൽക്കാനായപ്പോൾ ജീവിത വിജയത്തിന്റെ ആകാശങ്ങളിലൂടെ അയാൾക്ക് പറക്കാനായ്.
22. നല്ല സമയം
സമയം നല്ലതായിരുന്നപ്പോൾ എല്ലാവരും അയാളോടെപ്പം ഉണ്ടായിരുന്നു. ഇപ്പോൾ സമയം നോക്കി എപ്പോഴും ഇരുപ്പാ ആരുമില്ലാതെ.
23. വാർത്ത
അയാൾ പറഞ്ഞത് മല മറിക്കാൻ എന്നാണ് അവർ എഴുതിയതോ മലം മറിക്കാൻ എന്നും.
24. പോസറ്റീവ്
നെഗറ്റീവ് പറയുന്ന ആൾക്കാരുടെ മുൻപിൽ നിന്ന് അയാൾ ഒഴിഞ്ഞ് മാറിയപ്പോൾ അയാളുടെ ജീവിതം പോസറ്റീവ് എനർജിയിലായ്.
25. കൂട്ട്
മനം നീറുമ്പോൾ മൗനം കൂട്ടിന് വന്ന് അയാൾക്ക് ആശ്വാസമഴയേകി.
26. ചതി
അയാളെ ചതിച്ചവരെ ചതിക്കാൻ മനസ്സ് വരുന്നില്ല എന്നതാണ് അയാളുടെ പരാജയം
27. ഇരുൾ വെളിച്ചം
ഇരുളോട് ഇരുളിൽ ഒരു വെളിച്ചം ആ ഇരുൾ വെളിച്ചത്തിൽ അയാൾ ഇഴഞ്ഞ് നീങ്ങി.
28. ഇതിഹാസം
പരിഹാസത്തിൽ തളരാതെ ഇതിഹാസമായ് അവൻ വളർന്നതിൽ ഒട്ടും അത്ഭുതപെടാനില്ല.
29. പ്രതിഫലം
പ്രതിഫലമില്ലെങ്കിൽ ഒരു പുഞ്ചിരി പോലും വേണ്ടെന്ന് വെയ്ക്കുന്നവരാണ് അവർ.
30. തിരക്കഥ
തിരക്കുള്ളവരേക്കാൾ തിരക്കില്ലാത്തവരിലായിരുന്നു തിരക്കഥകൾ ഒളിഞ്ഞിരുന്നത്.
31. പാഠങ്ങൾ
അയാൾ പല പാഠങ്ങളും പഠിച്ചത് പല ബന്ധങ്ങളിൽ നിന്നുമായിരുന്നു.
32. ഓഫർ
അമ്പത് രൂപ കൊടുത്തിട്ട് അമ്പതനായിരം രൂപയുടെ ഓഫർ നേടാമെന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാ ദേവലയങ്ങളിലും അയാൾ കയറി ഇറങ്ങിയത്.
33. ഫൈനൽ
എല്ലാ കളിയും ജയിച്ചതു കൊണ്ടായില്ല. ഫൈനൽ ജയിച്ചാല്ലേ ജീവിതത്തിലായാലും കളിയിലായാലും കപ്പ് സ്വന്തമാക്കാനാകൂ.
– ആന്റോ കവലക്കാട്ട്