1. നേര്
എല്ലാ തെറ്റുകളും നേരിനെതിരെ വിരൽ ചൂണ്ടിയപ്പോൾ
നേരിൻ്റെ നിലപാടിൽ അയാൾ ഉറച്ച് നിന്നു.
2. നിഴൽ കൂട്ട്
കൂട്ടായ് നിഴലെങ്കിലും ഉണ്ടെന്ന് കണ്ടപ്പോൾ
അയാളിൽ ആശ്വാസവും ആനന്ദവും ഉളവായി.
3. ഒഴിവാക്കൽ
പണം ഇല്ലാതായപ്പോഴാണ്
അയാളെ അവർ ഒഴിവാക്കിയത്.
4. വിലാപം
അയാൾ ഓർക്കാതെ പുലമ്പിയ അപ്രിയ സത്യങ്ങളായിരുന്നു
ഓർത്തിരുന്നു വിലപിക്കാൻ കാരണമായത്.
5. ആയുധം
പലപ്പോഴും ചിരിയും മൗനവുമായിരുന്നു
അയാളുടെ ആയുധം.
6. തിരുത്ത്
തെറ്റിധാരണകളുടെ പിറകേ പായാതെ
തെറ്റുകളെ തിരുത്തി അയാൾ മുന്നറികൊണ്ടിരുന്നു.
7. ദാഹജലം
ശത്രുവിന് ദാഹിച്ചപ്പോൾ മതിയാവോളം വെള്ളം നൽകാനായത്
ജീവിതത്തിൻ്റെ സൗഭാഗ്യമായി അയാൾ കരുതി.
8. ലക്കി നമ്പർ
ലോട്ടറി ടിക്കറ്റെടുത്തപ്പോൾ ലക്കിനമ്പർ നേടുവാനുള്ള
തർക്കത്തിനൊടുവിൽ ആർക്കും വേണ്ടാത്ത
നമ്പർ കിട്ടിയ ആൾക്കായിരുന്നു ലോട്ടറി അടിച്ചത്.
9. വിട പറയും നേരം
ലോകത്തോട് വിട പറയും നേരം
അയാളെ മരണം വരെ വേട്ടയാടിയവർ
കപട കണ്ണീർമഴ ഒഴുക്കിയപ്പോൾ സൂര്യൻ നാണിച്ച്
കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു.
10. ട്രാക്ക്
ട്രാക്ക് തെറ്റി ഓടിയാൽ കൂടെ ഓടുന്നവർ
തുല്യരെങ്കിൽ കൂട്ടയിടിയുടെ പെരുന്നാളാണ്
കാണികൾ കാണുക.
11. ബന്ധങ്ങൾ
വിഡ്ഡിയായി തുടർന്നിരുന്ന അയാളുടെ ബന്ധങ്ങൾ തകർന്നത്
സത്യങ്ങൾ തുറന്ന് പറഞ്ഞ നിമിഷമായിരുന്നു.
12. പിടുത്തം കൊടുക്കാത്തവൻ
അയാളെ പൂർണ്ണമായി മനസ്സിലാക്കുവാൻ
ആർക്കും കഴിയുകയില്ല എന്നത് ഒരു സത്യമായിരുന്നു.
13. പാത
ക്രോധത്തിന്റേയും പരിഭ്രമത്തിന്റേയും
പാതയിലൂടെ സഞ്ചരിച്ച് അയാൾ
തിന്മയുടെ പടുകുഴിയിൽ വീണു.
14. മനോഭാവം
കാക്ക കറുപ്പ് അവൾക്ക് ഇഷ്ടവും
അവന് പുച്ഛവും ആയിരുന്നു.
15. കിരീടം
ശണ്ഠയുടെ ശരങ്ങൾ മറ്റുള്ളവരിൽ ഏയ്ത്
ഭോഷൻ്റെ കിരീടം അയാൾ ചൂടി.
16. മണ്ണ്
മണ്ണ് സ്വന്തമാക്കുവാൻ നടന്ന് ഒടുവിൽ
മണ്ണ് അവനെ സ്വന്തമാക്കി.
17. കണ്ണീർ കായൽ
കുറ്റപ്പെടുത്തി കണ്ണീർ കായലീലേക്ക് തള്ളിയിടാൻ എല്ലാവരും
ഉണ്ടായിരുന്നുവെങ്കിലും കണ്ണീർ തുടച്ച് സഹായഹസ്തങ്ങളേകി
സ്നേഹരഥത്തിൽ കയറ്റാൻ അവൾക്ക് ആരും ഉണ്ടായിരുന്നില്ല.
18. പോ പുല്ലേ
പ്രശ്നങ്ങൾ ഒന്നിന്നു പുറകേ ഒന്നായ് ഓട്ടോ റിക്ഷ വിളിച്ച് വന്നപ്പോൾ
ഈശ്വര ചിന്തയും “പോ പുല്ലേ ” എന്ന മാസ് ഡയലോഗും ഉള്ളിൽ
ഉരുവിട്ട് വിജയപഥത്തിൽ ഏണി പടികൾ ചവിട്ടി കയറുകയായിരുന്നു അവൾ.
19. മനോരോഗി
ഏതു നേരവും മോശക്കാരനാക്കുവാൻ ശ്രമിച്ച്
കൊണ്ടിരിക്കുന്നവരെ മനോരോഗി ഗണത്തിൽ
കണക്കാക്കി മൗനം പാലിച്ച് തൻ്റെ
ദിനചര്യകളിൽ അയാൾ ഏർപ്പെട്ടു.
20. താക്കോൽ
അയാളുടെ സന്തോഷത്തിൻ്റെ താക്കോൽ
അയാൾ തന്നെ സൂക്ഷിച്ചതിനാൽ
മനസമാധാനത്തിൻ്റെ സുഖ നിദ്രയിൽ അയാൾ പുൽകി.
21. കാറ്റിൽ പറക്കുമ്പോൾ
അവൾ കണ്ട ഇന്നലെയിലെ സ്വപ്നങ്ങൾ
കാറ്റിൽ പറക്കുമ്പോൾ ദുഃഖസാഗരത്തിൻ്റെ
അലയടികൾ മനസ്സിൽ ഉയർന്നു.