താഴെയീ ഭൂവിലെ ദൃശ്യങ്ങൾ കണ്ടിതാ
തപിതമാം മനസ്സോടെ മാനം കറുക്കുന്നു
രക്തബന്ധങ്ങളെ ചോരയിൽ കുളിപ്പിച്ച്
ആർക്കുന്നൊരു കൂട്ടർ ഭ്രാന്തമായിഹെ
പ്രണയപ്പകയെന്ന പുതിയ പ്രവണത
പകർച്ചജ്വരമായ് പടർന്നിടുന്നു
മതത്തെ കാക്കാൻ മർത്യനെ ഒടുക്കുന്നു
തമ്മിലടുക്കുമ്പോൾ കളാലാപങ്ങളില്ല
വെളിച്ചത്തിൽ മാന്യതയൊട്ടും കുറക്കാത്ത
പൊയ്മുഖ കശ്മലൻമാർക്കിന്ന്
അന്തിക്കു വേണ്ടത് ദരിദ്ര വപുസ്സുകൾ
പിച്ചതെണ്ടുന്ന പിച്ചവെക്കും കാലുകളിൽ
പൊള്ളിതിണിർത്ത ചില വടുക്കൾ കാണാം
ലഹരി നുരയും തെരുവിൻ്റെ ഇരുട്ടിൽ
രക്തം ചൊരിയുവാൻ കച്ചകെട്ടുന്നവർ
സത്യത്തെ മൂടുവാൻ കൈക്കാണം ധാരാളം
കണ്ണിലുടക്കുമീ കാഴ്ചകളോരോന്നും
കണ്ണടച്ചാലോ മനസ്സിൽ തികട്ടുന്നു
ദൈവത്തെ വിളിക്കാൻ നാണിക്കും തലമുറ
ദൈവകോപത്തിൽ നിന്നൊഴിഞ്ഞാൽ കൊള്ളാം
– രമ്യ വി മോഹനൻ