ഒരു മൺചിരാതെൻ്റ മനസ്സിൽ തെളിഞ്ഞപോ
ലൊരു വെള്ളരിപ്രാവു പുഞ്ചിരി തൂകുന്നു
ആതുരസേവനം വ്രതമായ് വരിച്ചവൾ
മനവജീവൻ്റ മൂല്യമറിഞ്ഞവൾ
ദാനധർമ്മാദികൾ, പ്രാർത്ഥന, പൂജകൾ
ഏറെക്കഴിച്ചതിൻ ഭലമായ് പിറന്നവൾ
മാതാപിതാക്കൾക്കരുമയാം വല്ലരി
കൂട്ടുകാർക്കൊക്കെയും കണ്ണിലുണ്ണി .
കാർമുകിൽ കൊണ്ടപോലാമുഖംമ്ളാനമായ്
കണ്ണുനീർ ധാരയായ് ഗദ്ഗദ കണ്ഠയായ്
ആതുര സേവനം ജീവിതചര്യയായ്
പാലിച്ചിടുന്നൊരീ ദേവിതൻ ചാരത്ത്
അറവുശാലയ്ക്കു വിടേണ്ടൊരീ സത്വത്തെ
ദേഹപരിശോധനയ്ക്കെന്തിനയച്ചു നീ
തെരുവുഗുണ്ടാത്തലവനുണ്ടോ മനുഷ്യത്വം
ഗോദായിലേയ്ക്കു വിടേണ്ടുന്ന മല്ലന്
ദേവാലയത്തിങ്കലെന്തു കാര്യം
അതോ? ആസൂത്രിതമായരുംകൊലയോ?
ജീവിതവീഥിയിൽ പിച്ച നടന്നവൾ
കാപട്യമേതുമറിയാത്തിളംകിളി
ജീവൻ്റ വിലയേ തിരിച്ചറിയൂ
പരിചയക്കുറവെന്നു ചൊല്ലുന്നവർക്കെന്തു
പരിചയം കാണുമീ നാടുവാഴാൻ
ആരേവധിച്ചാലും ആരുവധിച്ചാലുo
മളളൂരു കുട്ടിനായെത്തുന്നു കൃത്യമായ്
സ്വന്തം ചോരയിലുണ്ടായൊരുണ്ണിക്കുമീ
ഗതിവന്നീടിൽ വാദിച്ചിടാമല്ലോ
വേട്ടക്കാരനോടുള്ള കനിവിനി –
ഇരയോട് തോന്നുവാനെന്തുവേണം പ്രഭോ.
പൊൻപണം കാണുമ്പോൾ കണ്ണുതള്ളുന്നവർ
ക്കെന്തു ബന്ധം ഇതിലെന്തു സ്വന്തം
– രാജൻ കടമ്മനിട്ട