ഒറ്റ മുറിയുള്ള ആ മൺവീട്ടിൽ ശാന്തിയും, സ്നേഹവും അവിടെ പോകുന്നവർക്ക് അനുഭവപ്പെട്ടിരുന്നു. വീടിനു ചുറ്റും കശുമാങ്ങത്തോട്ടമായിരുന്നുവേനലവധിയിൽ അയൽപക്കത്തെ കുട്ടികൾ മുഴുവൻ മാങ്ങ തിന്നാനും, കശുവണ്ടി പെറുക്കിക്കൂട്ടി വിഷുവിന് പടക്കം വാങ്ങാനും അലഞ്ഞിറങ്ങും. മായിലാടൻ്റെ വീടിൻ്റെ പടിഞ്ഞാറുള്ള പറമ്പിൽ ആൾ താമസമില്ല. അവിടെ നിറയെ കശുമാങ്ങ വീണു കിടക്കും. അവിടെ കയറുന്ന കുട്ടികളെ ഓടിക്കുന്നത് മായിലാടനാണ്.
“പിള്ളറേ പൃത്തിമ്മന് (കശുമാങ്ങയാണ് പൃത്തിക്ക മാങ്ങ) തായെ എറങ്ങിക്കോ. ആടെ ( അവിടെ ) തൊപ്പൻ ( അധികം) കുറുക്കന് ണ്ടാവ്വേ നിൻ്റെ സാമാനൊന്നും കുറുക്കൻ ബാക്കി ബെക്കൂലേ ” എന്നു പറയും.
ധൈര്യ ല്ലാത്ത പിള്ളേരെല്ലാം കൂവി ഓടും. മായിലാടൻ്റെ അനിയൻ്റെ മോന് ഉലകത്തിലൊന്നിനേം പേടില്ലാത്ത ഒരുത്തനാണ്. കുരുത്തക്കേടിൻ്റെ അങ്ങേയറ്റം. പഠിക്കേ ഇല്ല. ആരേം പേടീം ഇല്ല.
“എടാ അറാം പെറന്ന മറപ്പേ ഇന്നോടാ ഇങ്ങ്ബെരാം പറഞ്ഞേ” എന്നും പറഞ്ഞ് മൊള വടിയുമെടുത്ത് മായിലാടൻ ആ പറമ്പത്ത് കേറി മാവിൻ്റെ മേലുള്ള ചെക്കനെ കുത്തും.
ഓടിപ്പോകുന്ന എന്തൊക്കെയോ ജീവികൾ ആ കാട്ടിലൂടെ വഴിയറിയാതെ പരക്കംപായും.
ദേഷ്യം പിടിച്ച ചെക്കൻ “പോ മായിലാടാ ഇന്നെ ഞാം ബിളിച്ചിനാ.ഞാനെറങ്ങട്ട് നിൻ്റെ തല ഞാൻ പൊട്ടിക്കും” എന്നു പറയുമെങ്കിലും താഴെയെറങ്ങും. ഇറങ്ങിയ അവനേയും കൂട്ടുകാരേയും കൂട്ടി മായിലാടൻ വീട്ടിലെ ഇത്തിരിപ്പോന്ന ഇറയത്തിരുത്തും. ചെക്കൻ അവരുടെ മക്കളെ കരയിപ്പിക്കുമ്പോൾ കൈക്കല കണ കൊണ്ട് മായിലാടൻ അടിക്കാനോങ്ങും.
രണ്ടും കൈയും തലയിൽ വെച്ച് പല്ലു കടിച്ച് ” എൻ്റെ ദൈവത്താറേ ഈ ചെക്കനെ നേരെയാക്കിത്തന്നാ ഞാം നൂറു വെളിച്ചെണ്ണ കത്തിക്കാ “‘എന്നു പറയും.
മായിലാടൻ ഉള്ള ചായപ്പൊടിയിട്ട് എല്ലാർക്കും കാൽ ഗ്ലാസ് കട്ടൻ ചായേം ഒരു ചെറിയ പുളിങ്കുരുവോളം വെല്ലക്കഷ്ണവും കൊടുക്കും. പിന്നെ കാലത്തു പെറുക്കിവെച്ച കശുമാങ്ങ നാലായി മുറിച്ച് ഉപ്പിട്ട് തിന്നാൻ കൊടുക്കും. എല്ലാം കഴിഞ്ഞ് ഉഷാറാവുന്ന കുട്ടികൾ മുറ്റത്തു കബഡി കളിക്കും. കോലായിലിരുന്ന് മായിലാടനും, ഭർത്താവും മക്കൾ രണ്ടു പേരും നോക്കിയിരിക്കും.
കശുവണ്ടിക്കാലമാണവരുടെ സന്തോഷ കാലം. അണ്ടി മുഴുവൻ പെറുക്കിയെടുത്ത് കടയിൽ കൊണ്ടുപോയി വിൽക്കുന്നതും മായിലാടനാണ്. വില പേശി തല്ലു കൂടി മാപ്ളാരോട് കണക്കു പറഞ്ഞു കാശു മേടിച്ച് അരിയും, കറിക്കുളളതും മീനും വാങ്ങി ഭദ്രമായി കെട്ടി തോട്ടുവക്കത്തുടെ കൂയ് എന്താ ശാരദേ, മൂത്തമ്മളക്കാ ( ഉയർന്ന ജാതിയിലുള്ള അമ്മമാരെ അങ്ങനെയാ വിളിക്കുക ) സുഖേന്യല്ലേ എന്നൊക്കെ വായ പൂട്ടാതെ വർത്താനം പറഞ്ഞാ മായിലാടൻ നടക്കുക.
നെല്ലു കൊയ്യുന്ന സമയത്ത് മായിലാടൻ പാടത്തും, കൊയ്യുന്ന വീട്ടിലും ഓടി നടക്കും. കൊയ്യുന്നവർക്ക് കഞ്ഞിയും മറ്റും കൊണ്ടുചെന്നു കൊടുക്കലും നാടൻ പാട്ടു ചേർന്നു പാടലും അവരുടെ സന്തോഷമായിരുന്നു.
– സത്യ ഭായ്