പള്ളിയിൽ കൊടി ഉയർത്തിയപ്പോൾ മാലാഖയുടെ തിരുനാൾ വന്നു. ചുവർ ചായം പൂശാൻ പൗലോസ് വന്നപ്പോൾ വായുവിന് പെയിന്റിൻ്റെ മണം വന്നു. സഞ്ചിയുമായ് ജാനു പലഹാരപണിക്ക് വന്നുപ്പോൾ വായുവിന് പലഹാരത്തിൻ്റെ മണം വന്നു. വലിയ കുപ്പികളുമായ് ചേട്ടൻ വന്നപ്പോൾ വായുവിന് മദ്യത്തിൻ്റെ മണം വന്നു. ദൂരെയുള്ള ആന്റിയും അങ്കിളും വന്നപ്പോൾ വായുവിന് ഫെർഫ്യൂമിൻ്റെ മണം വന്നു.
ബലൂണും യന്ത്ര ഊഞ്ഞാലും ബാന്റ് വാദ്യവും പ്രദിക്ഷണവും യാചകരും കരിമ്പ് കച്ചവടക്കാരും വന്നു. വെടിക്കെട്ടും കഴിഞ്ഞു. എന്നാൽ മാലാഖമാത്രം വന്നില്ല ..
“എന്തേ തിരുനാളിന് മാലാഖ വരാത്തത്?”
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പട്ടികയിലേയ്ക്ക് അവൾ ഇതും കൂട്ടി ചേർത്തു.
- ആന്റോ കവലക്കാട്ട്