കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് കുറ്റിയാടിയിൽ ഉള്ളത്. അതിൻ്റെ സുവർണജൂബിലിയെ സംബന്ധിച്ച വാർത്ത അറിഞ്ഞപ്പോൾ …….എൻ്റെ മനസ്സ് ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളിലേക്ക് വഴുതി വീണു…..
A.കുറ്റിയാടി
മലയാളഭാഷ തിരുവിതാംകൂറിനെയും കൊച്ചിയെയും മലബാറിനെയും കോർത്തിണക്കി കേരള സംസ്ഥാനമാക്കി. അന്നേരം മലബാറിനു വേണ്ട മുഴുവൻ വൈദ്യുതിയും ലഭിച്ചിരുന്നത് അടുത്തുള്ള മദ്രാസ് സംസ്ഥാനത്തിൽ നിന്നാണ്. പത്തായം പെറും; ലക്ഷ്മി കുത്തും; അമ്മ വയ്ക്കും; ഞാൻ ഉണ്ണും എന്ന മട്ടിൽ ഒരു പരിപാടി. മലബാറിലെ വികസനത്തിന് ഇത് തടസ്സമാകും എന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) മുൻകൂട്ടി കണ്ടു. പുതിയ ജലവൈദ്യുതപദ്ധതി തുടങ്ങാൻ അന്വേഷണം തുടങ്ങി. “ചോദിക്കുവിൻ; നിങ്ങൾക്ക് തരപ്പെടും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും.മുട്ടുവിൻ; നിങ്ങൾക്കായി തുറക്കപ്പെടും. ചോദിക്കുന്നവർക്കെല്ലാം ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന് വാതിൽ തുറക്കപ്പെടുന്നു.” എന്നല്ലേ പ്രമാണം.
ഉരക്കുഴി വെള്ളച്ചാട്ടത്തിൻ്റെ മുകുളിലായി അണക്കെട്ട് പണിയാനുള്ള ഒരിടം കണ്ടെത്തി. ഉരൽ പോലെയുള്ള കുഴികൾ ഉള്ള സ്ഥലമാണ് ഉരൽക്കുഴി. മുകളിൽ നിന്ന് വീഴുന്ന കല്ലുകൾ വെള്ളത്തിൻറെ തള്ളൽ കൊണ്ട് തിരിഞ്ഞു തിരിഞ്ഞാണ് കുഴികൾ രൂപപ്പെടുന്നത്. ആണ്ടുതോറും 6600 മില്ലിമീറ്റർ മഴ. 3885 ഹെക്ടർ സ്ഥലത്തെ മഴവെള്ളം ശേഖരിക്കാവുന്നതാണീ സ്ഥലം. കോഴിക്കോട് നിന്ന് 64 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. വലിയൊരു കരിങ്കൽകെട്ട് അണക്കെട്ട് പണിയാനുള്ള ബലം അസ്ഥിവാരത്തിനില്ല. അതുകൊണ്ട് അണക്കെട്ടിൻ്റെ ഉയരം കുറച്ചു. കിട്ടാവുന്ന മഴ വെള്ളത്തിൻറെ 60%മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഈ സ്ഥലം മുഴുവനും മലബാറിലെ സ്വകാര്യ വനത്തിലും എസ്റ്റേറ്റുകളിലും ആയിരുന്നു. ഒരേ സ്ഥലത്തിന് പലപല അവകാശികൾ. അവർ തമ്മിൽ അടി, പിടി, വെട്ട്, കുത്ത്, ഉന്ത്, തള്ള്, വഴക്ക്, വയ്യാവേലി… അവരവരുടെ സ്ഥലം ഏതാണെന്ന് ഉടമസ്ഥർ എന്ന് അവകാശപ്പെടുന്നവർക്കും അറിയില്ല; സർക്കാരിനും പിടിപാടില്ല. ഇവരുടെ ഇടയിലേക്കാണ് വില നൽകി സ്ഥലം ഏറ്റെടുക്കുന്ന ( land acquisition ) പരിപാടിയുമായി കെ.എസ്.ഇ.ബി. എത്തുന്നത്. അവരവരുടെ സ്ഥലം ഏതെന്ന് കോടതി വഴി നിശ്ചയിച്ചു കിട്ടാനുള്ള തക്കവും തരവും ആയി ഇതിനെ നാട്ടുകാർ കണ്ടു. ഒരാൾ വടകര സബ് കോടതിയെ സമീപിച്ചു.
Q പ്ലോട്ടും N പ്ലോട്ടും തമ്മിലുള്ള ഒരു തർക്കം നേരത്തെ നിലനിന്നിരുന്നു. അവകാശികൾ ഇല്ലാതെ വന്നപ്പോൾ സർക്കാരിന് വെറുതെ കിട്ടിയതാണ് ഈ N പ്ലോട്ട്.ഇതിൻറെ അതിർത്തി ഏതെന്ന് നിശ്ചയം ആകുന്നതുവരെ Q പ്ലോട്ടിലെ എല്ലാ ജോലികളും നിർത്തിവെക്കാൻ ഉത്തരവിട്ടു. ഈ വിവരം 1964 മാർച്ച് പതിനേഴാം തീയതി ബോർഡ് അധികാരികളെ അറിയിച്ചു.ബോർഡിലെ പണികൾ Q പ്ലോട്ടിൽ ആണോ N പ്ലോട്ടിൽ ആണോ എന്ന് ബോർഡിന് തന്നെ അറിയില്ല. കോടതിയലക്ഷ്യ നടപടി വരുമോ എന്ന ഭയത്തിൽ എല്ലാ പണികളും നിന്നു.
കേസ് വന്നാൽ കൂസുന്നവരല്ല വൈദ്യുതി ബോർഡ്കാർ. അവർ വെല്ലുവിളി ഏറ്റെടുത്തു. കോടതി വഴി തന്നെ വേണ്ട കാര്യങ്ങൾ സാധിച്ചെടുത്തു. 1972 നവംബർ 28 മുതൽ 75 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു തുടങ്ങി. അങ്ങനെയുള്ള ഒന്നാംഘട്ട പൂർത്തീകരണത്തിൻ്റെ സുവർണ്ണ ജൂബിലി വർഷമാണ് 2022.
1972 ൽ പദ്ധതി തീരുമ്പോൾ യന്ത്രങ്ങൾക്ക് 75 mw ഉൽപാദിപ്പിക്കുവാൻ കഴിവുണ്ട്. പക്ഷെ മുഴുവൻ സമയം ഓടിക്കാൻ കഴിയുന്നത് മൺസൂൺ കാലത്തു മാത്രമാണ്. വേനൽക്കാലത്ത് ഉത്പാദനം വെറും 14mw ആയി കുറയുന്നു. കുറ്റിയാടി ഡാം കരിങ്കൽകെട്ടാണ്.
B. ബാണാസുരസാഗർ
“തലയ്ക്കുമീതേ ശൂന്യാകാശം, താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ, ദാഹജലം തരുമോ? “ എന്ന സ്ഥിതി. ഈ അവസ്ഥയെ മറികടക്കാൻ കേരളത്തിലെ വൈദ്യുത മന്ത്രി ശ്രീ. ആർ. ബാലകൃഷ്ണപിള്ള വഴിവിട്ട ഒരു വഴിയിലൂടെ പോകാൻ നിശ്ചയിച്ചു.കേന്ദ്രത്തിൻ്റെയോ പ്ലാനിങ് കമ്മീഷൻ്റെയോ അനുവാദമില്ലാതെ കേരളത്തിൻ്റെ ഫണ്ടു മാത്രം ഉപയോഗിച്ച് കുറ്റിയാടി ആഗ്മെന്റേഷൻ എന്നൊരു പദ്ധതിയുമായി മുന്നേറണം എന്നായിരുന്നു തീരുമാനം. ഇതു തന്നെയാണ് ബാണാസുരസാഗർ പദ്ധതി. കേരളത്തിലെ കരമാൻതോട്ടിലെ വെള്ളം പനമരം പുഴയിലൂടെ കർണ്ണാടക സംസ്ഥാനത്തിലെ കബനീ നദിയിലെത്തുന്നു. പിന്നീടതു കാവേരിയിൽ ലയിക്കുന്നു. അപ്പോൾ കാവേരിയിലെ വെള്ളം തന്നെ.
1980 മേയിൽ കേരളസർക്കാർ ഉത്തരവിറക്കി. KSEB ഉടനെ തന്നെ അംഗീകരിച്ചു. ‘ശടപടെ’ന്നു തന്നെ പണികൾ ആരംഭിച്ചു. താമസിച്ചിരുന്നെങ്കിൽ ഈ പദ്ധതി തുടങ്ങാൻ തന്നെ കഴിയുമായിരുന്നില്ല.കാരണം ഒരു നദീതടത്തിലെ ജലം, വേറൊന്നിലേക്കു മാറ്റാൻ പാടില്ലെന്ന് കാവേരി ട്രൈബ്യൂണലിൻ്റെ വിധി വന്നു.
പടിഞ്ഞാറത്തറയിൽ ഒരു പ്രധാന അണക്കെട്ടും വേറൊരു ആറു ചെറു ഡാമുകളും പണിതിട്ടാണ് അവിടെ ഒരു ജലാശയം ഉണ്ടാക്കിയത്.പ്രധാന ഡാമും ചെറു ഡാമുകളിലെ ഒന്നൊഴികെ എല്ലാം മണ്ണുഡാമുകളാണ്. പടിഞ്ഞാറെത്തറയുള്ള പ്രധാന ഡാം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമാണ്. ഈ ഡാം ആണിപ്പോൾ ബാണാസുര ഡാം എന്നറിയപ്പെടുന്നത്. ഏറ്റവും വലുത് ജമ്മു – കാശ്മീരിൽ. അതിലെ വെള്ളം ഏകദേശം 5 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെ കുറ്റിയാടി ജലാശയത്തിൽ എത്തിച്ചു.ഒരു പവർ ഹൗസിലെ 75 MW ക്കു പകരം അഞ്ചു പവർ ഹൗസുകളിലൂടെ 231.75 MW വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
1972 ൽ കുറ്റിയാടി (K)- 75 MW
2001 ൽ എക്സ്റ്റൻഷൻ
(KE ) – 50 MW
2008 – 2009 ൽ ടെയിൽ റേസ് (KTR)- 3.75 MW
2010 ൽ അഡിഷനൽ എക്സ്റ്റൻ – (KAE – 100 MW
2018 ൽ ഇതിൻ്റെ ടെയിൽ റേസ് – 3 MW
ആകെ = 231.75 MW
7.5 mw സ്ഥാപിത ശേഷി ഇനിയും വർദ്ധിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നു.
കുറ്റിയാടി പവർ ഹൗസുകൾ പുറന്തള്ളുന്ന വെള്ളം പെരുവണ്ണാമുഴി ജലാശയത്തിലൂടെ കൃഷിക്ക് ഉപയോഗിക്കുന്നു. ബാണാസുര സാഗർ ഭാഗത്തെ കൃഷിക്കാർക്ക് നേരിട്ടും വെള്ളമെത്തിക്കുന്നുണ്ട്.
കുറ്റിയാടി റിസർവോയറിൽ വെള്ളം കുറവ് – വേനൽക്കാലത്ത് 14 MW മാത്രം ഉൽപാദനം.
എവിടെ നിന്നു വെള്ളം കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. അപ്പോൾ K.Aug.Scheme എന്നു പേരിട്ടു. പിന്നീടു ഇവിടെ നിന്നു വെള്ളം കിട്ടുമെന്നായപ്പോൾ
K.A. Scheme (Banasura sagar Scheme) എന്നാക്കി.
പണി പൂർത്തിയാക്കിയപ്പോൾ
Banasurasagar എന്ന പേരിനു പ്രാധാന്യം കൊടുത്തു.
C. കുറ്റിയാടിയും ഞാനും
ഞാൻ 1988 ൽ പള്ളത്ത് റിസർച്ച് ഓർഗനൈസേഷൻ്റെ ഡയരക്ടരായിരുന്നു. ആ സമയത്തു് ഒരു പഠനം നടത്തി.കുറ്റിയാടി ഡാം പണിതിട്ട് 15 വർഷങ്ങളായി. ഡാമിൻ്റെ സുരക്ഷ എത്രയുണ്ട് ? പണിത കാലത്തുദ്ദേശിച്ചിരുന്ന തരത്തിലാണൊ ഡാം നിലനിൽക്കുന്നത് എന്നൊക്കെയാണ് പരിശോധിച്ചത്.
ഫലങ്ങൾ ഇങ്ങനെ –
ഡാം അല്പം താഴുന്നു. ഇടതുകരയിൽ 0.825 മില്ലിമീറ്റർ. വലതു കരയിൽ 0.5. ജലാശയം നിറയുമ്പോൾ അണക്കെട്ട് അല്പം പുറകോട്ടു വളയുന്നു. എന്നാൽ വെള്ളം താഴുമ്പോൾ വീണ്ടും പഴയതു പോലെ . ഒരു മിനിറ്റിൽ 200 ലിറ്റർ വെള്ളം ചോരുന്നു. ഈ ചോർച്ച ഞാൻ ചീഫ് എഞ്ചിനീയർ ആയിരുന്നപ്പോൾ തീർത്തു. സിമെന്റും വെള്ളവും ചേർത്ത കുഴമ്പ് അവിടവിടെ ഉണ്ടാക്കിയ കുഴികളിലൂടെ ഉന്നത മർദ്ദത്തിൽ അടിച്ചു കയറ്റുകയായിരുന്നു.
D.ബാണാസുരസാഗറും ഞാനും
മണ്ണുഡാമിൽ പ്രത്യേകിച്ച് 2 മാസം ബാണാസുര സാഗറിൻ്റെ സൂപ്രണ്ടിംഗ് എൻജിനിയർ ആയി കോഴിക്കോടും 2 വർഷം ചീഫ് എൻജിനിയറായി തിരുവനന്തപുരത്തും സേവനമനുഷ്ടിച്ചു.
പുഴ നേരത്തെ ഒഴുകിക്കൊണ്ടിരുന്ന സ്ഥലം കൈകാര്യം ചെയ്യുമ്പോളും ഇരു വശങ്ങളിലും പണിത ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒന്നാക്കുമ്പോളും വളരെ ശ്രദ്ധ വേണ്ട സമയമാണ്; ബാണാസുരസാഗർ ഡാമിൽ ഈ ജോലി നടത്തിയതു് എൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു.
ഭാരമേറിയ മണ്ണുമാന്തി യന്ത്രങ്ങൾ പോകുമ്പോൾ അസാധാരണമായ കുലുക്കം അനുഭവപ്പെട്ടു. അസ്തിവാരത്തിലെ മണ്ണു പരിശോധിച്ചപ്പോൾ തൂക്കക്കുറവുകണ്ടു. വിദഗ്ദനെ വരുത്തി. സാങ്കേതിക ഉപദേശം ഇതായിരുന്നു. മണ്ണു ഡാം പണിത് കനം 15 അടിയാകുമ്പോൾ 10 ഇഞ്ചു വ്യാസത്തിൽ കുഴികൾ ഉണ്ടാക്കുക. അവയിൽ ഒന്നര ഇഞ്ചു മുതൽ രണ്ടു ഇഞ്ച് വരെ വലിപ്പമുള്ള കരിങ്കൽ ചീളുകളിടുക. 10 ടൺ ഭാരമുള്ള ഇടിയൻ കൊണ്ടിടിച്ചു കയറ്റുക . അവ അസ്തിവാരത്തിലേക്കു കയറിപ്പോകും. ചീളുകൾ കയറാതായാൽ ആ കുഴിയിലെ പണി നിർത്താം. നൂറടി അകലമിട്ടു ഇതു പോലെ തലങ്ങനെയും വിലങ്ങനെയും ചെയ്യണം. പിന്നീടു രണ്ടു കുഴികളുടെ നടുക്കു ഇതുപോലെ ചെയ്യുമ്പോൾ വേണ്ട ചീളുകളുടെ അളവിൽ കുറവു വരും. ഈ ജോലി ഏർപ്പാടു ചെയ്ത് പ്രശ്നം തീർത്തു.
2025 ഇൽ 7.5.മെഗാവാട്ട് ഉത്പാദനം കൂടി വർദ്ധിപ്പിക്കുന്ന നവീകരണപ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കോടി രൂപ ചെലവഴിച്ചുള്ള പണികൾ അടുത്ത മാസം ആരംഭിക്കും. കേരളത്തിലെ 44 നദികളിലെ 41 എണ്ണവും പടിഞ്ഞാറോട്ട് ഒഴുകുന്നു.മൂന്നെണ്ണത്തിൻ്റെ യാത്ര കിഴക്കോട്ടാണ്.അതിലൊന്നാണ് കാവേരി. കാവേരിയുടെ ഒരു ഉപപോഷകനദിയിലെ വെള്ളം ബാണാസുരസാഗറിൽ തടഞ്ഞു വച്ച് കുറ്റിയാടിയിലേക്ക് ഒഴുക്കുന്നു.
സുവർണ ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തിൽ ഈ പദ്ധതികളിലെ സിവിൽ ജോലികളുടെ അണിയറ ശില്പികളെ കൂടി ഒന്ന് ഓർമ്മിക്കാം ! ആദരിക്കാം ! പലരും കാല യവനികയ്ക്ക്കുള്ളിൽ മറഞ്ഞു പോയി.
ശ്രീ. വി.ആർ. കൃഷ്ണയ്യർ (late),
ബ. വൈദ്യുതി മന്ത്രി ശ്രീ ആർ.ബാലകൃഷ്ണപിള്ള(late ),
കെ. രാമഭദ്രൻ നായർ(Er.)(late),
സി.ഗണേശപിള്ള( Er.)(late )
M.ഗോപാലനുണ്ണി (Er.)(late)
എം. എൻ. എ. മേനോൻ(Er.)(late)
Er. റ്റി.കെ.ഗംഗാധരൻ, കോഴിക്കോട്.
Er.റ്റി.ആർ. ജോണി, ഇരിങ്ങാലക്കുട.
Er. ആർ.ബാലകൃഷണൻ നായർ, തിരുവനന്തപുരം,
Er.കെ. സുന്ദരനായ്ക്, കർണ്ണാടക.
പ്രൊഫസർ ടി. സി. രാമനാഥ അയ്യർ (Er) (late) — Consultant
ശ്രീ. കുരിയൻ കളത്തിൽ, (തിരുവനന്തപുരം)
(Er. സണ്ണി.കെ.പീറ്റർ (കോലഞ്ചേരി.)
ഇവർ രണ്ടു പേരുമായിരുന്നു അന്നത്തെ പ്രധാന കരാറുകാർ.
– ജോണി ടി. ആർ., തെക്കേത്തല,
ഇരിഞ്ഞാലക്കുട. trjohny@gmail.com