കിടപ്പായ മുത്തശ്ശന്റെ ഓർമ്മകളിൽ നിന്നാണ്
മൂഷികക്കുഞ്ഞ് പത്തായപ്പുരയിൽ
നെല്ലുണ്ടെന്നറിയുന്നത് !
ദാരിദ്ര്യം കൊടിനാട്ടിയ കൂരയിൽ
അന്നമൊരു ദിവാസ്വപ്‌നം മാത്രം !
പത്തായപ്പുരയുള്ള വീട് കണ്ടെത്തണം !
മനുഷ്യർ ക്രൂരന്മാരാണ് എലികളെ
കൊല്ലാൻ ഇല്ലം വരെ ചുടും !
പക്ഷേ കണ്ണട വച്ച മുറിമീശയുള്ള
എഴുത്തുകാരനെ മുത്തശ്ശന് ഇഷ്ടമാണ് !
ഉറുമ്പിനുവരെ ഭൂമിയുടെ അവകാശം
പതിച്ചു നൽകിയ ഹൃദയ വിശാലൻ !
ചിന്തകൾ ഊർജ്ജമാക്കി
നാടു നീളെ അലഞ്ഞു…
പത്തായപ്പുര കെട്ടുകഥയെന്നു
മനസ് പറഞ്ഞു മടുത്തു !
കൊതിച്ചത് നെൽമണിയെങ്കിലും
കിട്ടുന്നത് തിന്നാമെന്ന് പറഞ്ഞ്
ആഗ്രഹവും വഴിമാറി !
കടയുടെ മൂലയിൽ പെട്ടിയിൽ
തിളങ്ങുന്ന ചന്ദ്രക്കല..
അന്നനാളം ഉണങ്ങിയവൻ
തേങ്ങാപ്പൂളിൽ സദ്യകണ്ടു !
ഓടിക്കയറിയതും അടഞ്ഞ സ്വാതന്ത്ര്യം
തിന്നുതീരുംവരെ അറിഞ്ഞിരുന്നില്ല !
എലിപ്പെട്ടിയിൽ കിടന്ന് പരതിയ
എലിക്കുഞ്ഞിനെ കണ്ട് മച്ചിലൊരു എലി
മക്കളെ എണ്ണിനോക്കി !
വീണത് വരുത്തൻ തന്നെ !
വിശപ്പല്ല വിഷയം…മോഷണം തന്നെ !
തച്ചുകൊല്ലും…
കാടിറങ്ങി നാടുതീണ്ടിയവനെ!
വിശപ്പ് മരണത്തിലേക്ക് വഴിവെട്ടിയ
കെണിയിലാണ് താനെന്നെറിയാതെ
മൂഷികക്കുഞ്ഞ് പത്തായപ്പുരയും
സ്വപ്നം കണ്ടു കിടന്നു !