ഒരു ഓണം കൂടിയെത്തി. കഴിഞ്ഞ രണ്ടു വർഷവും കൊറോണ എന്ന കുഞ്ഞു വൈറസ് എല്ലാവരെയും വീട്ടുതടങ്കലിലാക്കിയ ആ ദിനങ്ങൾ കഴിഞ്ഞു. ഇത്തവണ ഓണാവധിയ്ക്ക് മകനും മകളും കുടുംബമായി വിദേശത്തുനിന്ന് വരുന്നുവെന്നറിഞ്ഞപ്പോൾ തന്നെ പൊറിഞ്ചുവിന് സന്തോഷം സഹിക്കാനായില്ല. പൊറിഞ്ചുവും ഭാര്യയും കൂടി മക്കളോടൊപ്പം ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. രണ്ടു പേരും ഗതകാലസ്മരണകൾ അയവിറക്കി.
പൊറിഞ്ചുവേട്ടൻ ആ ഫ്ലാറ്റിൽ എത്തിയിട്ട് 35 വർഷം ആയിരുന്നു. അദ്ദേഹം വരുമ്പോൾ ഫ്ലാറ്റുകൾ മുഴുവൻ പണി തീർന്നിട്ടില്ല. അദ്ദേഹത്തിൻ്റെ വീട് പണി കഴിഞ്ഞ് താക്കോൽ കിട്ടിയതും കുടുംബത്തോടൊപ്പം താമസത്തിനെത്തി. പിന്നാലെ ഒരു അമ്പതോളം വീട്ടുകാരുമെത്തി. എല്ലാവരും പരസ്പരം വളരെ വേഗം പരിചയപ്പട്ട് ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത്. അന്ന് പല ഫ്ലാറ്റുകളിലും ഇൻറീരിയർ വർക്കുകൾ, പൊതു ആവശ്യത്തിനുള്ള ജിം, പാർക്ക്, സ്വിമ്മിംഗ് പൂൾ ഇതിൻ്റെയൊക്കെ പണി പുരോഗമിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അമ്പത് വീട്ടുകാർ ചേർന്ന് യോഗം കൂടി അന്നേ പ്രസിഡൻറ്, സെക്രട്ടറിയെ ഒക്കെ തിരഞ്ഞെടുത്തിരുന്നു. പൊറിഞ്ചു ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഈരണ്ടു വർഷം കൂടുമ്പോൾ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, കമ്മറ്റി അംഗങ്ങൾ… .അങ്ങനെ എല്ലാ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പുണ്ടാകും.
ആ കാലത്ത് ഏറ്റവും കൂടുതൽ പൊറുതിമുട്ടിയത് സെക്യൂരിറ്റിക്കാരെ കൊണ്ടായിരുന്നു. ഇന്നിപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല. ഏജൻസിയിൽ വിളിച്ചു പറഞ്ഞാൽ അവർ തന്നെ സെക്യൂരിറ്റിക്കാരെയും ക്ലീനിങ് സ്റ്റാഫിനെയും എല്ലാം അറേഞ്ച് ചെയ്തു തരും. അവർക്ക് കൊടുക്കാനുള്ള തുക കൃത്യമായി അടച്ചാൽ നമ്മുടെ പ്രശ്നം തീർന്നു. രാത്രി മാത്രമായിരുന്നു അന്നൊക്കെ കാവൽ.അന്ന് മെയിൻഗേറ്റ് ഒന്നും പണി തീർന്നിട്ടില്ല. ഒരു ക്യാബിൻ ഉണ്ട് സെക്യൂരിറ്റിക്ക്. അതിനകത്ത് ഒരു കസേരയും ഫാനും ചെറിയൊരു കട്ടിലും ഉണ്ട്. രാത്രി ഉറങ്ങാതെ കാവൽ ഇരിക്കണം. വലിയ ശമ്പളം ഒന്നും കൊടുക്കാൻ നിവൃത്തിയില്ല. ഈ അമ്പതു വീട്ടുകാർ കൂടി പിരിവെടുത്ത് വേണം ഇയാൾക്ക് ശമ്പളം കൊടുക്കാൻ. അതുകൊണ്ടുതന്നെ ആ റേറ്റിന് കിട്ടുന്ന ആൾക്കാരുടെ ഗുണവും അതുപോലെ തന്നെയാണ്. രാത്രി ഉറക്കക്കുറവ് ഉള്ളവരൊ, മദ്യപിച്ച് വീട്ടിൽ ചെന്നാൽ അങ്ങോട്ട് കയറ്റാത്തവരോ വയസ്സന്മരെയോക്കെയാണ് മിക്കവാറും ഈ ജോലി ഏറ്റെടുക്കുക. കൃഷ്ണൻ, ശങ്കരൻ, പൈലി, കരുണൻ അങ്ങനെ നാലുമാസത്തിനുള്ളിൽ മൂന്നാല് പേര് വന്നു പോയി. ആരും ഉറച്ചു നിൽക്കില്ല. ഏറിയാൽ ഇരുപത് ദിവസം.
ആദ്യം നിയമിച്ചത് കൃഷ്ണൻ എന്ന ഒരു സെക്യൂരിറ്റിയെ ആയിരുന്നു. വൈകുന്നേരം അഞ്ചര മണിക്ക് വന്ന് എല്ലാവരുടയടുത്തും വന്നൊരു ഹലോ പറഞ്ഞ് തൻ്റെ സാന്നിധ്യം അറിയിച്ച് ഫ്ലാറ്റു നിവാസികളൊക്കെ വീട്ടിൽ കയറുന്നതോടെ കയ്യിൽ കരുതിയ മദ്യം അകത്താക്കി നല്ല ഉറക്കം തുടങ്ങും. ഒരു ദിവസം കൂട്ടുകാരൻ മദ്യപിച്ചിരുന്ന ഷാപ്പിൽ നിന്ന് കൃഷ്ണനെ സ്കൂട്ടറിൽ കയറ്റി നേരെ ഈ കസേരയിൽ കൊണ്ട് ചാരി ഇരുത്തി പോയി. കുറേ നേരം ഇയാൾ പ്രതിമ പോലെ അവിടെയിരുന്നു. അതുകഴിഞ്ഞ് കസേരയിൽ നിന്ന് ഉരുണ്ട് താഴെ വീണ് അവിടെ കിടന്നു. രാത്രി പതിനൊന്നു മണിയോടെ ബോധം വന്നപ്പോൾ അവിടുന്ന് എഴുന്നേറ്റ് പുറത്തിറങ്ങി. അടുത്ത വീട്ടിൽ ഒരാൾ ബീഡി വലിച്ച് നിൽപ്പുണ്ടായിരുന്നു അയാളോട് ഒരു ബീഡി ചോദിച്ചു അതിനുശേഷം ചോദിച്ചു. “ഞാൻ എങ്ങനെ ഇവിടെ എത്തി? എനിക്ക് വൈകുന്നേരം ഷാപ്പിൽ പോയത് മാത്രമേ ഓർമ്മയുള്ളൂ. നീയല്ലേ എന്നെ ഇവിടെ കൊണ്ട് ഇരുത്തിയത് എന്ന്”. “ഒന്ന് പോ ചേട്ടാ, അർധരാത്രിയ്ക്ക് പിച്ചും പേയും പറയുന്നോ?” എന്ന് പറഞ്ഞു രണ്ടുപേരും ഉന്തും തള്ളുമായി. രാത്രി നേരത്ത് ഫ്ലാറ്റിനു മുമ്പിൽ തല്ലു നടക്കുന്നു എന്ന് ആരോ ഫോൺ ചെയ്തു പറഞ്ഞതനുസരിച്ച് ഓടിച്ചെന്ന് പൊറിഞ്ചുവേട്ടൻ രണ്ടുപേരെയും പിടിച്ചുമാറ്റി.
പിന്നെ വന്നത് ഒരു പൈലി. ആൾ ഒരു മാന്യൻ. ഏഴുമണിക്ക് തന്നെ തൻ്റെ ക്യാബിനിലെ ക്രിസ്തുവിൻ്റെ പടത്തിന് മുമ്പിൽ രണ്ട് മെഴുകുതിരി കത്തിച്ചു വെച്ച് ഉറക്കെ ഉറക്കെ കൊന്ത ചൊല്ലും. എല്ലാവർക്കും പയിലിയെ ഇഷ്ടപ്പെട്ടു. എല്ലാ വീട്ടമ്മമാരും നിങ്ങള് പയിലിയെ കണ്ടു പഠിക്ക് എന്നുകൂടി പറയാൻ തുടങ്ങി. അര മുക്കാൽ മണിക്കൂർ നേരം അമ്പത്തിമൂന്നുമണി ജപം ഉറക്കെ വ്യക്തതയോടെ ചൊല്ലുന്നത് കേട്ടാൽ ദൈവം പോലും ഭൂമിയിലേക്ക് ഇറങ്ങിവരും. ഹോ!! അവസാനം നമുക്ക് നല്ലൊരു സെക്യൂരിറ്റിയെ കിട്ടി എന്ന് സമാധാനിച്ചു എല്ലാവരും, ഒരു ഫ്ലാറ്റു നിവാസി അവിചാരിതമായി പാതിരാത്രി ട്രെയിനിൽ വന്നിറങ്ങതുവരെ. രാത്രി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഫ്ലാറ്റു നിവാസി നോക്കിയപ്പോൾ സെക്യൂരിറ്റി ക്യാബിനിലും ആ പരിസരത്തും ഒന്നും പൈലിയെ കാണാനില്ല. പിന്നെയാണ് മനസ്സിലായത് പൈലി അടുത്തുള്ള കാർത്ത്യായനി ചേച്ചിയുടെ വീട്ടിലാണ് ഉറക്കമെന്ന്. ഫ്ലാറ്റു നിവാസികളൊക്കെ ഉറക്കം പിടിക്കുന്നതോടെ ആളു സ്ഥലംവിടും. വിശദീകരണം ചോദിച്ചപ്പോൾ പറയുകയാണ്. “പിന്നെ എനിക്ക് ഭ്രാന്തല്ലേ? ആ കൊതുക് കടിയും കൊണ്ട് അവിടെ ഇരിക്കാൻ. ഞാൻ കൊന്ത ചൊല്ലി കുറെ അനുഗ്രഹങ്ങളൊക്കെ അതുങ്ങൾക്ക് വാങ്ങി കൊടുത്തില്ലേ? തരുന്ന കാശിനുള്ള പണി ഞാൻ ചെയ്യുന്നുണ്ട് എന്ന്.”
പിന്നെ എത്തിയത് കരുണൻ. ഇവിടെയൊക്കെ ഒന്നു നടക്കാത്തത് എന്താ എന്ന് ചോദിച്ചാൽ ഉടനെ കരുണൻ പറയും ഞാൻ കണ്ണടച്ചിരുന്നു ഉറങ്ങുകയല്ല. നല്ല ചെവിട്ടോർമ്മയുണ്ടെന്ന്. അയാളും ഒരാഴ്ച കഴിഞ്ഞപ്പോൾ പോയി. ഇനി വയസ്സന്മാരെയും മദ്യപാനികളെയും ഈ പണിക്ക് വേണ്ട, ഊർജ്ജസ്വലരായ ചെറുപ്പക്കാരെ മതിയെന്ന് തീരുമാനമായി യോഗത്തിൽ.
അങ്ങനെ പകൽസമയം ബസ്സ്റ്റാൻഡിലും ചന്തയിലും ലോട്ടറി കച്ചവടം നടത്തുന്ന ഒരു ചെറുപ്പക്കാരൻ എത്തി. രഘുവരൻ. ആള് വലിയ കുഴപ്പമില്ല. സ്വഭാവദൂഷ്യമോ മദ്യപാനമോ ഒന്നുമില്ല. ആയിടക്കാണ് ഫ്ളാറ്റിൽ താമസം തുടങ്ങിയിട്ട് ആദ്യത്തെ ഓണം വരുന്നത്. 50 വീട്ടുകാരും കൂടി ഓണസദ്യ ഒരുക്കുക, കുട്ടികളുടെ ഡാൻസ്, പാട്ട്, വീട്ടമ്മമാരുടെ തിരുവാതിരകളി, പുരുഷന്മാരുടെ വടംവലി. അങ്ങനെ എല്ലാം നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്കാണ് രഘുവരൻ വന്നത്. ഇയാൾ പകൽ വരാത്തതുകൊണ്ട് രഘുവരൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒരു ദിവസം വൈകുന്നേരം രഘുവരൻ വന്നപ്പോൾ ഇവിടെ ഓണസദ്യയും ഡാൻസും പാട്ടും ഒക്കെ നടക്കുകയാണ്. അപ്പോൾ രഘുവരൻ പൊറിഞ്ചു വേട്ടനോട് ചോദിച്ചു. “ചേട്ടാ ഞാൻ ഒരു ഐറ്റം അവതരിപ്പിച്ചോട്ടേ? സ്കൂളിൽ പഠിക്കുമ്പോൾ കുഷ്ഠരോഗി, ക്ഷയരോഗി യൊക്കെയായി അഭിനയിച്ചിട്ടുണ്ട്.” അതിനെന്താ, രഘുവരൻ അവതരിപ്പിച്ചോ എന്ന് പറഞ്ഞു പൊറിഞ്ചു. അവസാന ഐറ്റം ആയിരുന്നു രഘുവരൻ്റെത്. ഇയാൾ അതിനിടക്ക് ഒരു സൂട്ട്കേസ്, വെട്ടുകത്തി, കൂളിംഗ് ഗ്ലാസ്, സ്‌കാഫ് ഒക്കെ ഫ്ലാറ്റു നിവാസികളിൽ നിന്ന് സംഘടിപ്പിച്ചിരുന്നു. ഇതൊക്കെ ആയി ഇദ്ദേഹം സ്റ്റേജിൽ കയറി. അന്ന് ഈ മൊബൈൽ ഫോൺ വന്നു തുടങ്ങിയിട്ടേയുള്ളൂ. മൊബൈലിൽ സംസാരിക്കുന്നത് പോലെ അഭിനയിച്ച് കൂളിംഗ് ഗ്ലാസ്, സ്‌കാഫ് തോളിൽ ഒക്കെ ധരിച്ച് സൂട്ട്കേസുമായി സ്റ്റേജിലൂടെ നടന്നു. പിന്നെ ഫോൺ ഓഫ് ചെയ്ത് അവിടെ വച്ചിട്ട്, ആദ്യം കൂളിംഗ് ഗ്ലാസ്, പിന്നെ വാച്ച്, പിന്നെ സ്കാഫ് അങ്ങനെ ഓരോന്നായി അഴിച്ചു മാറ്റി. പിന്നെ ഷർട്ട് അഴിച്ചു മാറ്റി. ഇത്രയുമായപ്പോൾ പൊറിഞ്ചുവിൻ്റെ ബി.പി. കൂടി.ഇയാൾ എന്തിനുള്ള പുറപ്പാടാണ് ദൈവമേ? സദസ്യർക്കിടയിൽ അധികവും വീട്ടമ്മമാരും മുതിർന്ന പെൺകുട്ടികളുമാണ്. അത് കഴിഞ്ഞു പാന്റൂരി. പൊറിഞ്ചുവിനു ദേഹം തളരുന്നത് പോലെ തോന്നി. ഭാഗ്യം ഒരു ബർമുഡ ഇട്ടിട്ടുണ്ട്. പെട്ടെന്ന് സ്യുട്ട്കേസ് തുറന്ന് അതിൽ നിന്ന് തളപ്പ് എടുത്ത് തൻ്റെ റോൾ തെങ്ങുകയറ്റക്കാരൻ്റെ താണ് എന്ന് സദസ്യരെ വെളിപ്പെടുത്തി, തെങ്ങ് കയറുന്നതൊക്കെ അസ്സലായി അഭിനയിച്ചു കൈയ്യടി വാങ്ങി പോയി. പൊറിഞ്ചു ഭാര്യയോട് പറയുകയായിരുന്നു, അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പിന്നീട് മകളുടെ കല്യാണം നടക്കുമ്പോൾ പോലും ഉണ്ടായിരുന്നില്ല എന്ന്. ഒരു നോർത്തിന്ത്യൻ ദമ്പതിമാരുടെ ഫ്ലാറ്റിലെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയത് കയ്യോടെ പിടിച്ച് അവനെയും പറഞ്ഞു വിടേണ്ടിവന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അവൻ്റെ മറുപടി കേരളത്തിൽ ഭാര്യഭർത്താക്കന്മാർ കൈകോർത്തുപിടിച്ച് റോഡിലൂടെ നടക്കാറില്ലല്ലോ, ഇവർ എപ്പോഴും കൈകോർത്തുപിടിച്ച് ആണത്രേ റോഡിലൂടെ നടക്കുക. എപ്പോഴെങ്കിലും അടികൂടുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ അവരുടെ ബെഡ്റൂമിൽ നോക്കിയത് എന്നായിരുന്നു വിശദീകരണം. ഭാഗ്യം മുത്തുഗവുവിൻ്റെ അർത്ഥം അറിയാൻ ശ്രമിച്ചതാണെന്നു പറയാത്തത്.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.