വല്ലാത്ത പുതുമയുള്ള പേരല്ലേ കവചം കളയാത്ത കർണ്ണൻ എന്നത്. ജീവിതത്തിൽ അതാകാനാണ് ഗുരു എന്നെ ഉപദേശിച്ചത്. ചരിത്രവും യാഥാർത്ഥ്യവും ഐതിഹ്യവും കൂടിക്കലർന്നതാണ് ഇതിഹാസങ്ങൾ. ഇന്ത്യയിലെ ഇതിഹാസങ്ങൾ ആണ് രാമായണവും മഹാഭാരതവും. അവയിൽ മഹാഭാരതത്തിലെ കഥാപാത്രമാണ് കർണ്ണൻ. രാജകുടുംബത്തിലായിരുന്നു ജനനം. പിതാവ് സൂര്യനാണ്.
കവചകുണ്ഡലങ്ങളോടെയായിരുന്നു ഭൂമിയിലേക്കുള്ള വരവ്. അവ ഉള്ളപ്പോൾ കർണൻ അജയ്യനാണ്. പക്ഷേ എന്ത് കാര്യം? മഹർഷി ഉപദേശിച്ച മന്ത്രം വിവാഹത്തിനു മുമ്പേ തന്നെ പരീക്ഷിച്ചപ്പോൾ കന്യകയായ രാജകുമാരിക്ക് ഉണ്ടായ മകനായിപ്പോയി!! കുന്തീദേവി ജനങ്ങളുടെ പരിഹാസം പേടിച്ചു. അതുകൊണ്ട് പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഒരു പേടകത്തിൽ ആക്കി നദിയിൽ ഒഴുക്കി വിട്ടു. രാജാവിൻ്റെ വേലക്കാരൻ ആയ അതിരഥനും ഭാര്യ രാധയും ആണ് ആ കുഞ്ഞിനെ എടുത്തു വളർത്തിയത്. ബ്രാഹ്മണകുമാരൻ എന്ന ഭാവത്തിൽ പരശുരാമനിൽ നിന്ന് ബ്രഹ്മാസ്ത്ര വിദ്യ പഠിച്ചു. പക്ഷേ കർണൻ ബ്രാഹ്മണൻ അല്ലെന്ന് മനസ്സിലാക്കിയപ്പോൾ ക്ഷത്രിയ വിരോധിയായ പരശുരാമൻ ‘വേണ്ടസമയത്ത് വിദ്യ ഫലപ്പെടുകയില്ല’ എന്നു ശപിച്ചു. പാണ്ഡവരുടെ കൂടെ ആയുധവിദ്യ പഠിച്ചു. ആയുധ പരീക്ഷയിൽ പങ്കെടുത്ത കർണ്ണനെ കുലീനനല്ല എന്ന് പറഞ്ഞു ഗുരു അധിക്ഷേപിച്ചു. അപമാനത്തിൽ നിന്നു രക്ഷിക്കാൻ ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി. ദുര്യോധനൻ ആയി കർണൻ ആജീവനാന്തം സഖ്യം ചെയ്തു. അനേകം തടസ്സങ്ങൾ ഉണ്ടായിട്ടും കർണൻ മരണം വരെയും കൃത്യനിഷ്ഠയും കൃതജ്ഞതാഗുണവും പാലിച്ചു. അതാണ് കർണൻ്റെ മഹത്വം.
കർണ്ണന് ധനുർവിദ്യയിൽ പ്രാവീണ്യമുണ്ടായിരുന്നു. മഹാഭാരതയുദ്ധത്തിന് ഇടയിൽ യുധിഷ്ഠിരൻ അടക്കമുള്ള സഹോദരൻമാരെ വധിക്കാൻ അവസരം കിട്ടി. എന്നിട്ടും അമ്മയ്ക്ക് നൽകിയ രഹസ്യ വാഗ്ദാനം മൂലം, അവരെ വധിക്കാതെ വിട്ടുകളഞ്ഞു. പക്ഷേ കർണ്ണൻ അർജുനനാൽ വധിക്കപ്പെട്ടു. കാരണം അർജുനൻ്റെ പിതാവായ ദേവേന്ദ്രൻ ബ്രാഹ്മണ വേഷത്തിൽ വന്ന്, കർണനെ അജയ്യനാക്കുമായിരുന്ന കവചകുണ്ഡലങ്ങൾ ദാനമായി വാങ്ങി പോയിരുന്നു. ഇതേ ദേവേന്ദ്രൻ തന്നെയാണ് ഒരു സൂത്രപ്രയോഗത്തിലൂടെ കർണൻ ക്ഷത്രിയൻ ആണെന്ന് പരശുരാമനെ ബോധ്യപ്പെടുത്തിയതും, പഠിച്ച ബ്രഹ്മാസ്ത്ര വിദ്യ വേണ്ട നേരത്ത് ഫലപ്പെടുകയില്ലെന്ന് ശപിപ്പിച്ചതും.
കവചകുണ്ഡല ദാനമാണ് കർണ്ണന് പറ്റിയ അമളി. അതുകൊണ്ട് കവചം കളയാത്ത കർണ്ണൻ ആകാൻ ഗുരു എന്നെ ഉപദേശിച്ചു. കവചം കളയാതിരിക്കാൻ എന്ത് ചെയ്യണമെന്നും ഗുരു പറഞ്ഞുതന്നു.
കാരണവന്മാരെ ബഹുമാനിക്കുക. അപമാനം ഉണ്ടായാൽ പോലും അത് സഹിക്കുക. പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക.അപ്പോൾ അവരുടെ അനുഗ്രഹം കവചം ആകും.
ഈ ഉപദേശം മനസ്സിൽ വച്ചുകൊണ്ട് എൻ്റെ ജീവിതനൗക മുന്നോട്ടുനീങ്ങുന്നു. കവചം കളയാത്ത കർണൻ്റെ പൊരുൾ ഇതാണ്.
– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.