അന്നെനിക്ക് ഏഴു വയസ്സ് പ്രായം. പാലക്കാട് മിഷൻ സ്കൂളിലെ പ്രൈമറി സെക്ഷനിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി. രണ്ട് മൂന്ന് ദിവസമായി കൂട്ടുകാരികളൊക്കെ പറഞ്ഞുകേൾക്കുന്നു ഈ സ്കൂളിൻ്റെ കുറച്ചകലെയുള്ള ഉയർന്ന ക്ലാസ്സുകൾ ഉള്ള കെട്ടിടത്തിൽ ചാക്ക് വിരിച്ച് ഒരു ഭ്രാന്തൻ വരാന്തയിൽ കിടന്നുറങ്ങുന്നുണ്ടെന്നും നമ്മുടെ സ്കൂൾ സമയം അവസാനിക്കുന്ന സമയത്ത് ഇവിടെ നിന്നിറങ്ങുന്ന കൊച്ചുകുട്ടികളെ ചാക്കിലാക്കി വീട്ടിൽ കൊണ്ടുപോയി കൊന്ന് തിന്നുന്നുവെന്നും. ഞങ്ങൾ സ്കൂൾവിട്ട് ഈ മെയിൻ സ്കൂളിന് മുമ്പിലൂടെയാണ് ബസ് സ്റ്റാൻഡിലേക്ക് ബസ് കയറാനായി പോകുക. ആ മനുഷ്യൻ അവിടെ ഒരു ചാക്ക് വിരിച്ച് ഉറങ്ങി കിടക്കുന്നതും കണ്ടിട്ടുണ്ട്. എൻ്റെ കൂട്ടുകാരി, സുധ ആണെന്നാണ് എൻ്റെ ഓർമ്മ.” മിക്കവാറും അയാൾ ഇന്ന് നിന്നെ ആയിരിക്കും കൊന്നു തിന്നാൻ പോകുന്നത്, അതുകൊണ്ട് ഒരു പണി ചെയ്യാം. അവളുടെ വീട് അവിടെ അടുത്താണ്. അന്നവിടെ പോകാമെന്നും പിറ്റേന്ന് അവധി ദിവസങ്ങൾ ആയ ശനിയും ഞായറും ആണല്ലോ നാളെ രാവിലെ നിൻ്റെ വീട്ടിലേക്ക് പോകാം” എന്നും പറഞ്ഞു. ഞാനും അത് സമ്മതിച്ചു. സ്കൂളിനു തൊട്ടടുത്തുള്ള അവളുടെ വീട്ടിലേക്ക് നടന്നു പോയി. സുധയുടെ അമ്മ ഞങ്ങളെ സ്വീകരിച്ച് കാപ്പിയും ചൂട് ദോശയും ഒക്കെ തന്നു. ഞങ്ങൾ അവിടെ കുറേനേരം കളിച്ചുകൊണ്ടിരുന്നു. സന്ധ്യയായപ്പോൾ ഞങ്ങൾ രണ്ടുപേരും കുളിച്ച് ഞാൻ സുധയുടെ ഡ്രസ്സ് ഇട്ട് പൂജാമുറിയിൽ കയറി സന്ധ്യാനാമം ജപിക്കാൻ തുടങ്ങി.
“രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദപാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭവതാര പാഹിമാം”……
ഞങ്ങൾക്ക് പ്രത്യേകിച്ച് ഒരു പൂജാമുറി ഇല്ലെന്നും ഹാളിൽ ക്രിസ്തുവിൻ്റെ ഒടുക്കത്തെ അത്താഴത്തിൻ്റെ ഒരു ഫോട്ടോയുടെ താഴെ ഇരുന്ന് സന്ധ്യാവന്ദന പ്രാർത്ഥനകളും പിന്നെ തിരുഹൃദയ കൊന്തയുമാണ് ചൊല്ലുകയെന്നൊക്കെ കൂട്ടുകാരിയെ പറഞ്ഞു കേൾപ്പിച്ചു.
അപ്പോഴേക്കും സുധയുടെ അമ്മ കുളിച്ച് വൃത്തിയായി ശുഭ്ര വസ്ത്രധാരിണിയായി ചന്ദനത്തിരിയും വിളക്കും കത്തിച്ചു വച്ചിട്ടുള്ള ആ പൂജാമുറിയിൽ കയറിയിരുന്ന് രാമായണപാരായണം തുടങ്ങി. ആ കൗതുകക്കാഴ്ചകൾ ഞാൻ സന്തോഷത്തോടെ നോക്കിയിരുന്നു. കൂട്ടത്തിൽ അവരുടെ സന്ധ്യാനാമം പഠിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ഭയങ്കര സന്തോഷവുമായിരുന്നു.
പക്ഷേ സുധയുടെ അച്ഛൻ ഓഫീസിൽ നിന്ന് വന്നതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഈ കുട്ടിയുടെ വീട്ടുകാർ വിഷമിക്കല്ലേ, എന്ത് അന്തകേടാണ് ഈ ചെയ്തു വെച്ചിരിക്കുന്നത് എന്നൊക്കെ ചോദിച്ച് വഴക്കുപറഞ്ഞു തുടങ്ങിയപ്പോൾ സുധയും അമ്മയും കരയാൻ തുടങ്ങി. അദ്ദേഹം എന്നെ വിളിച്ച് വീടും അഡ്രസ്സും അച്ഛൻ്റെ പേരുമൊക്കെ ചോദിച്ചു. അപ്പോഴേക്കും സമയം ഒരു ഏഴര മണി ആയി, എനിക്കും വീട്ടിൽ പോകണമെന്നും അമ്മയെയും സഹോദരങ്ങളെയും കാണണമെന്നും തോന്നിത്തുടങ്ങി.
അപ്പോൾ അച്ഛൻ്റെ ഫിയറ്റ് കാറിൻ്റെ ഞരങ്ങി ഉള്ള വരവിൻ്റെ ശബ്ദം ഞാൻ കേട്ടു. സുധയുടെ അച്ഛൻ എൻ്റെ അച്ഛനെ സ്വീകരിച്ചു. ഞാൻ ഓഫീസിൽ നിന്ന് കുറച്ചു താമസിച്ചാണ് എത്തിയതെന്നും കുട്ടിയോട് വീടും അഡ്രസ്സും തിരക്കി കൊണ്ടിരിക്കുകയായിരുന്നു എന്നും പറഞ്ഞു. ഏതായാലും യൂണിഫോം തിരികെ ധരിച്ച് ബാഗുമായി സുധയോടും സുധയുടെ അമ്മയോടും യാത്ര പറഞ്ഞ് കാറിൽ കയറി. എൻ്റെ മൂത്ത രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു അച്ഛനോടൊപ്പം. അവരോട് സുധയുടെ വീട്ടിൽ പോകാൻ ഉണ്ടായ സാഹചര്യം ഞാൻ പറഞ്ഞു കേൾപ്പിച്ചു. അവർ രണ്ടുപേരും ആ സ്കൂളിൽ ആണ് അന്ന് പഠിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായം ആയിരുന്നതുകൊണ്ട് അവർ ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തും. അതുകൊണ്ടു തന്നെ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങുന്ന ആ ഭ്രാന്തനെ അവർക്കറിയാമായിരുന്നു. തിരിച്ചു വീട്ടിലെത്തി. ആരും എന്നോടൊന്നും ചോദിക്കേണ്ട എന്ന് പറഞ്ഞിരുന്നുവെന്ന് തോന്നുന്നു. അമ്മയോട് കാര്യങ്ങൾ ഞാൻ വിശദമാക്കുമ്പോഴും കാര്യമായ പ്രതികരണം ഒന്നും ഇല്ല. വേഗം ചോറുണ്ട് കുരിശു വരച്ചു കിടന്നോ എന്ന് പറഞ്ഞു അമ്മ. കൊടുങ്കാറ്റിനു മുമ്പുള്ള ആ നിശബ്ദത എന്നെ ഭയപ്പെടുത്തി. വീട്ടിലാകെ ശ്മശാനമൂകത. ചിരിയില്ല, കളിയില്ല, ഊണു കഴിക്കുമ്പോഴും സിനിമ പേരിൻ്റെ ആദ്യാക്ഷരം പറഞ്ഞുള്ള ബഹളം ഒന്നുമില്ല. രണ്ടു വയസ്സുള്ള കുഞ്ഞനുജത്തി മാത്രം ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. സുധയുടെ വീട്ടിലെ പൂജാമുറിയിലെ വിശേഷങ്ങൾ ഞാൻ വാ തോരാതെ പറയുമ്പോഴും യാതൊരു പ്രതികരണവുമില്ലാതെ മൂത്ത സഹോദരങ്ങൾ എന്നെ നോക്കി ‘ആക്കി’ ചിരിക്കുന്നുണ്ട്. എനിക്ക് കിട്ടാൻ പോകുന്ന അച്ഛൻ്റെ ശിക്ഷകൾ ഓർത്തിട്ടാവും. ‘കീഴ്ക്കോടതി’ യിൽ ഈ കേസ് നിൽക്കില്ല എന്ന് എനിക്ക് അതിനോടകം മനസ്സിലായിരുന്നു.
ഒമ്പതുമണിയോടെ അച്ഛൻ മുറ്റത്തു പോയി ചെമ്പരത്തി കമ്പ് മുറിക്കാൻ. കമ്പ് മുറിച്ചു കൊണ്ടുവന്ന് സിനിമ പാട്ടൊക്കെ പാടി കത്തി വെച്ച് അതിൻ്റെ അനാവശ്യ ശിഖരങ്ങൾ ഒക്കെ ചെത്തിക്കളഞ്ഞ് മിനുക്കുന്നു. എന്തായാലും അടി കിട്ടുമെന്നുറപ്പായി.
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പ്രതിയെ പോലെ അച്ഛൻ എന്നെ വിളിച്ച് വിശദീകരണം ചോദിച്ചു. ഞാൻ എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞു. അതുകഴിഞ്ഞാണ് അച്ഛനും അമ്മയും സഹോദരങ്ങളും അവർ ആ നിമിഷം വരെ അനുഭവിച്ച ടെൻഷനെ കുറിച്ച് പറഞ്ഞത്. കൃത്യം നാലരയോടെ ‘പാറ’ ബസ്സിൽ എത്തുന്ന എന്നെ കാണാതായപ്പോൾ തൊട്ട് അവർ ബസ് സ്റ്റാൻഡിലും പരിസരത്തും അന്വേഷണം തുടങ്ങിയതാണ്. അച്ഛൻ ഓഫീസ് സമയം കഴിഞ്ഞു വന്ന് മൂത്ത രണ്ടു സഹോദരങ്ങളെയും കൂട്ടി എൻ്റെ സ്കൂളിലെത്തി. അവിടെയെങ്ങും ഒരു ഈച്ച പോലും ഇല്ല. സ്കൂളിനടുത്തുള്ള ഹെഡ്മാസ്റ്ററുടെ വീട്ടിൽ അന്വേഷിച്ചു. എല്ലാവരും പരിഭ്രാന്തരായി സ്കൂളിന് ചുറ്റും അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടുത്തെ മുറുക്കാൻ കടയിൽ ബീഡി വലിക്കാൻ വന്ന ഒരു ചുമട്ടുതൊഴിലാളി പറയുന്നത് മൂന്നരയ്ക്ക് ആ കുട്ടി ഒരു കൂട്ടുകാരിയുമായി നടന്നു പോകുന്നത് കണ്ടു എന്നും ഈ കുട്ടി ബസ്സിൽ പോകുന്ന കുട്ടിയല്ലേ എന്ന് ഞാൻ ഓർത്തിരുന്നുവെന്നും. പിന്നെ അയാളെയും കൂട്ടി അവിടെ അടുത്തുള്ള വഴിയിൽ കയറി ഈ സ്കൂളിൽ പഠിക്കുന്ന വല്ല കുട്ടികളും ഉണ്ടോ എന്ന് തിരക്കിപിടിച്ച് അവസാനം അവിടെ എത്തി. അവരെ അത്ഭുതപ്പെടുത്തിയത് ഞാൻ യാതൊരു കൂസലുമില്ലാതെ സുധയുടെ ഉടുപ്പിട്ട് നെറ്റിയിൽ ഭസ്മം തൊട്ട് സന്ധ്യാനാമം പഠിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു എന്നതായിരുന്നു. അച്ഛൻ നടന്ന കാര്യങ്ങൾ ഒക്കെ പറയുമ്പോൾ അമ്മ നിയന്ത്രണംവിട്ട് പലതവണ എൻ്റെ അടുത്തേക്ക് വരാൻ ആഞ്ഞപ്പോഴും അച്ഛൻ തടഞ്ഞു. അച്ഛൻ തെറ്റു മനസ്സിലായോ എന്നു ചോദിച്ചു എന്നോട്. തല കുമ്പിട്ടു നിന്ന് എല്ലാം കേട്ട് തെറ്റ് മനസ്സിലായി എന്നും ഇനി ആരോടും ചോദിക്കാതെ എവിടെയും പോകില്ല എന്നും പറഞ്ഞു.
നല്ല കാര്യം എന്ന് അച്ഛൻ്റെ മറുപടി. പക്ഷേ ഇതെന്നും ഓർമ്മ ഉണ്ടാകണമെങ്കിൽ ഈ കഷായം കുടിച്ചേ മതിയാകു എന്ന് പറഞ്ഞ് മുട്ടിനുതാഴെ സ്ലിംഗ്, സ്ലിങ് രണ്ടടി. ഹോ! ആ അടിയുടെ ഓർമ്മ ഈ പ്രായത്തിലും എൻ്റെ മനസ്സിലുണ്ട്. പിന്നെ ഇന്നുവരെ ജീവിതത്തിൽ ഇതുപോലുള്ള കുസൃതികൾ; കുസൃതികൾ അല്ല മണ്ടത്തരങ്ങൾ ചെയ്തിട്ടില്ല.
ഇന്നും കർക്കിടകവും രാമായണമാസവും എത്തുമ്പോൾ എൻ്റെ മനസ്സിലെ മണിച്ചെപ്പിലെ ഒരു മായാത്ത ഓർമ്മ.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.