കരിവള്ളൂർ പൂരം കാണാനക്കരെ
നിന്നൊരു പെണ്ണു വരുന്നേ
കരിവള്ളിക്കാവും ചുറ്റി
വിളവിളയും വയലും ചുറ്റി
അകതാരിൽ സ്വപ്ന മുറങ്ങും പെണ്ണ്
തീരത്തുണ്ടൊരു കാമുകനെ
വഴിയോരത്തെങ്ങോ തിരഞ്ഞൊളി-
കണ്ണിണയോതുവതെന്തേ?
കണങ്കാലിൽ പത്തരമാറ്റിൻ
തങ്കത്തളകൾ താളമടിച്ചു
നിറമാറിൽ കനക കിങ്ങിണി
തെളുതെളെ മിന്നി വിളങ്ങുന്നേ.
വടിവൊത്ത നിതംബം മറച്ചതി –
ശോഭ യെഴുന്നൊരു കാർമുടിയും
അരയന്നപ്പിടയതു പോലൊരു
പെണ്ണു കുണുങ്ങി വരണൊണ്ടേ
തളിർവെറ്റില തോറ്റീടുന്നൊരു
കൈക്കുടന്നയ്ക്കുള്ളിൽ കുറുമൊഴി
മനം മത്തുപിടിച്ചീടുന്ന തരത്തി –
ലണിഞ്ഞഴകോടെ വരണൊണ്ടേ .
നിറയൗവനമേതോ സുമശര-
ലാളനയേതുമേ ഏശാതെ
നിറമാറിളകി, യാഴിത്തിരമാല –
നുരഞ്ഞു പതഞ്ഞീടുന്നതു പോലെ
കുറുമ്പിപ്പെണ്ണിവളൊരു ശുണ്ഠി
അരുമ കർക്കിടകക്കരുമാടി
കുറുമ്പേറി കൂത്തിനിറങ്ങി
കുനു കുനെയങ്ങനെ, അണയുന്നു.
– വിജയകുമാർ. പന്തളം