അതൊക്കെ ഒരുപാട് പറയാനുണ്ട് സാർ. ഇപ്പോൾ തന്നെ സമയം ഏറെയായില്ലേ. നമുക്കതൊക്കെ നാളെ ഇതേ സമയം ഇതു പോലെ ഇവിടെ ഇരുന്നു കൊണ്ടുതന്നെ പറഞ്ഞു തീർക്കാം. റൂമിൽ ചെന്നിട്ട് സാറിനും ചിലതൊക്കെ ചെയ്യാനുള്ളതാണല്ലോ.
ശരിയാ ദാസേട്ടാ. സംസാരത്തിനിടയിൽ സമയം പോയത് ഞാൻ ശ്രദ്ധിച്ചില്ല. അപ്പോൾ പറഞ്ഞതുപോലെ ബാക്കി കാര്യങ്ങൾ നാളെ പറയാം..
ഖാദർക്കയുടെ കൂടെയിരുന്നു സംസാരിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ദാസേട്ടനോടൊപ്പമിരുന്ന് നാട്ടുകാര്യങ്ങൾ സംസാരിക്കാനുളള അവസരം ഇതാദ്യമായാണ് എനിയ്ക്കു കിട്ടുന്നത്. ഖാദർക്കയുടെ സംസാരം പോലെതന്നെ ദാസേട്ടൻ്റെ സംസാരവും കേട്ടിരിക്കാൻ സുഖമുള്ളതാണെന്നു മാത്രമല്ല, എനിയ്ക്കു പരിചയമുള്ള കാലത്തേക്കുള്ള തിരിച്ചു നടത്തവും കൂടെയാണത്.
സമയം വൈകിയതു കാരണം വസ്ത്രവും യുണിഫോമും അലക്കി ഉണക്കിയെടുത്തതല്ലാതെ അയേൺ ചെയ്യാനൊന്നും നിന്നില്ല. ബാത്ത്റൂമിലെ ബക്കറ്റിൽ നിന്ന് നാലഞ്ചുകപ്പ് വെള്ളമെടുത്ത് തലയിലൂടെ ഒഴിച്ചതിനു ശേഷം വിയർപ്പു മൂലം തൊലിപ്പുറത്ത് അടിഞ്ഞു കൂടിയ ഉപ്പുരസം നീക്കം ചെയ്യുന്നതിനു വേണ്ടി ദേഹമാസകലം സോപ്പു കൊണ്ടൊന്നു പതിയെ തടവി. പിന്നിട് ദേഹം നന്നായിട്ടൊന്നു തണുക്കുന്നതുവരെയും ബക്കറ്റ് നിറയെ വെള്ളമെടുത്ത് തലയിലൂടെ ഒഴിച്ചുകൊണ്ടിരിന്നു.
എന്നെ സംബന്ധിച്ചിടത്തോളം ബാത്ത്റൂമിൽ ഉയരത്തിലായി ഫിറ്റ് ചെയ്തിരിക്കുന്ന ഷവറൊരു അവശ്യവസ്തുവല്ല. ഇവിടെയെന്നല്ല മറ്റെവിടെ ചെന്നാലും ഞാനത് ഉപയോഗപ്പെടുത്താറില്ല. ഓർമ്മവച്ചകാലം മുതൽ നാട്ടിൽനിന്നും മാറി താമസിക്കുന്നതുവരെയും പുഴയിലേക്ക് എടുത്തു ചാടിയും നീന്തിക്കളിച്ചുമാണ് ഞാൻ കുളിക്കാറുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഷവറിലൂടെയുള്ള നേർത്ത ജലപ്രവാഹം എനിക്കൊട്ടും തൃപ്തികരമോ സ്വീകാര്യമോ ആയിരുന്നില്ല.
തല തോർത്തി, കൈലിയും ബനിയനും ധരിച്ച് പുതച്ചുമൂടി കിടന്ന ഉടനെതന്നെ കൺപോളകൾ ഉറക്കത്തെ വരവേൽക്കാൻ തുടങ്ങി. ചിന്തകൾ മനസ്സിനെ കീഴ്പ്പെടുത്തുന്നതിനു മുൻപായി ഉറക്കം മനസ്സിനെ കീഴ്പ്പെടുത്തിയതു കൊണ്ട് സുബ്ഹിവരെയും ഞാൻ സുഖമായുറങ്ങി.
ഉറങ്ങാൻ ഞാനെത്ര തന്നെ വൈകിയാലും ശരി ഉണരാൻ ഒട്ടും വൈകാറില്ല. അതും എൻ്റെ കുട്ടിക്കാല ശീലത്തിൻ്റെ ഭാഗം തന്നെയാണ്..
പതിവ് പ്രഭാത കർമ്മങ്ങളെല്ലം കഴിഞ്ഞ് ക്യാൻ്റെീനിൽ ചെന്ന് പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം പതിവുപോലെ മാനേജറുടെ മുറിയിലേക്കു ചെന്നു. ആ സമയം പ്രേമചന്ദ്രൻ സാറ് മറ്റൊരാളുമായി ഫോൺ സംഭാഷണത്തിലായാരുന്നതു കൊണ്ടും അതൊരു നീണ്ട സംഭാഷണമായിരുന്നതു കൊണ്ടും അതിനകത്തെ കസേരയിൽ ഡോക്ടർക്ക് അഭിമുഖമായി മൂകനായങ്ങനെ കുറച്ചധികം നേരമെനിക്കിരിക്കേണ്ടിവന്നു.. ഫോണിലൂടെയുള്ള സംഭാഷണം അവസാനിച്ചതോടെ ഡോക്ടർ വാച്ചിലേക്കു നോക്കിക്കൊണ്ട് എന്നോടു ചോദിച്ചു. നിങ്ങൾക്ക് ക്യാബിനിലേക്ക് പോവാനുളള സമയമായല്ലേ.? ഉം .അതെയെന്നർത്ഥം വരുന്നവിധത്തിൽ ഒരു മൂളക്കത്തിലൂടെ ഞാനതിനു മറുപടി നൽകി. ഞാൻ കസേരയിൽ നിന്നും എഴുന്നേൽക്കുന്നതുകണ്ട ഉടനെ ആംഗ്യ ഭാഷയിലൂടെ അവിടെ തന്നെ ഇരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിനിടയിൽ മേശപ്പുറത്തെ പേപ്പറിൽ കുറിച്ചു വച്ചത് ഒരാവർത്തി വായിച്ചു നോക്കിയതിനു ശേഷം അദ്ദേഹം എന്നോടായിപറഞ്ഞു. ഉച്ചയ്ക്കുശേഷം അൽപം വൈകിയേ നിങ്ങൾക്കിന്ന് ഇവിടെ നിന്നും പോകാനാകൂ.
അതിനെന്താണ് സാർ കാരണം.?
ഇന്ന് നമുക്ക് മൂന്നു സർജറികൾ ചെയ്യാനുണ്ട്. മൂന്നുംനേരത്തെ നിശ്ചയിച്ചതാണ്. ദിവസംനിശ്ചയിച്ചത് ഞാനും സമയംനിശ്ചയിച്ചത് അവരുമാണന്നേയുളളൂ. എന്തായാലും ഇന്നത് ചെയ്യൽ നിർബന്ധമുള്ളകാര്യമാണ്.
ഉച്ചവരെയുള്ളസമയം ഇരുപത്തിഎട്ട് പേഷ്യൻ്റെിനെയാണ് നിങ്ങൾക്ക് പരിശോധിക്കാനുളളത്. അതിൽ എട്ടുപേർ ഫസ്റ്റ്ടൈമാണ്. മറ്റുള്ളവർ നിങ്ങൾനേരത്തെ പരിശോധിച്ചിട്ടുളളവരും. ഒരു മണിക്കു മുൻപായി നിങ്ങൾതിയേറ്ററിൽ എത്തിയാൽ കൃത്യസമയത്തുതന്നെ നമുക്ക് സർജറി തുടങ്ങാൻ പറ്റും. നിങ്ങൾക്കെന്തെങ്കിലും.?
എനിക്കൊന്നും പറയാനില്ല സാർ , സാറ് പറഞ്ഞതുപോലെ ഒരുമണിക്കു മുൻപു തന്നെ ഞാൻ തിയേറ്ററിനകത്ത് എത്താൻ ശ്രമിക്കാം.
ഞാൻ നേരെ എൻ്റെ പരിശോധന മുറിയിലേക്കു പുറപ്പെട്ടു.
പന്ത്രണ്ടു മണിയായപ്പോഴേക്കും ടോക്കൺ പ്രകാരമുള്ളവരുടെയെല്ലാം പരിശോധന പൂർത്തിയായി. പത്തു മിനിറ്റ് സമയവും കൂടെ ക്യാബിനിൽ ചെലവഴിച്ചതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനു വേണ്ടി ക്യാൻ്റെീനിലേക്കു ചെന്നു.
സാധാരണ ഒരുമണിക്കു മുൻപായി ഞാൻ ഉച്ചഭക്ഷണം കഴിക്കാറില്ല. ഇവിടെയെന്നല്ല എവിടെ ആയിരുന്നാലും എൻ്റെ രീതിയാണത്. നാട്ടിൽ വിവാഹ പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോഴും അങ്ങനെ തന്നെയാണ്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് അതിനുള്ളത്. ഒന്ന് കുട്ടിക്കാലം തൊട്ടേ അങ്ങനെയാണ് ശീലിച്ചത് എന്നുളളതാണ്. കൂടുതൽ ഭൂമിയുള്ള കുടുംബമായിരുന്നതു കൊണ്ട് പത്തുപതിനഞ്ചു തൊഴിലാളികൾ സ്ഥിരമെന്നോണം വീട്ടിൽ ഭക്ഷണത്തിനായി ഉണ്ടാവാറുണ്ട്. പാടത്തു പണിനടക്കുന്ന സമയത്താണെങ്കിൽ അത് ഇരുപത്തിഅഞ്ചോ മുപ്പതോ ഒക്കെ ആവാറുമുണ്ട്. ജോലി തുടങ്ങുന്നതിനു മുൻപായി ഒരു കട്ടൻചായ, പിന്നീട് പത്തുമണിസമയത്ത് കഞ്ഞിയും ഉപ്പേരിയും. കൃത്യംഒരു മണിനേരത്ത് ചോറും കറിയും. വൈകുന്നേരം നാലിനും നാലരക്കുമിടയിൽ കട്ടൻ ചായയും ലഘു കടിയും ,എന്നതായിരുന്നു അന്നത്തെ രീതി. ചിട്ടയായ ഭക്ഷണക്രമം പാലിക്കണമെന്നത് ഉപ്പയ്ക്ക് നിർബന്ധമുള്ള കാര്യയിരുന്നതു കൊണ്ട് ഉപ്പയുടെ കീഴിൽ പണിയെടുക്കുന്നവർക്കും അതൊരു ശീലമായി മാറിയെന്നു മാത്രമല്ല അവരുടെ വീട്ടിലും അതവർ പ്രാവർത്തികമാക്കിയിട്ടുണ്ടായിരുന്നു.
കാര്യം അങ്ങനെയെല്ലാമാണെങ്കിലും ഭക്ഷണത്തിൻ്റെ കാര്യത്തിൽ സ്കൂളിൽ പഠിക്കുന്ന സമയത്താണ് ആ ശീലം എൻ്റെയൊരു നിഷ്ഠയായി മാറിയത്. അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് അതിലൊരു മാറ്റമുണ്ടായിട്ടുള്ളത്.
രണ്ടാമത്തെ കാര്യം ചെറിയ രീതിയിലുള്ള വിശപ്പ് എനിക്ക് ഇഷ്ടമാണ് എന്നതാണ്. ആ സമയത്ത് ഒന്നോ രണ്ടോ ഗ്ലാസ് പച്ചവെളളം കുടിക്കുമ്പോഴുണ്ടാകുന്ന സുഖവും ഉൻമേശവും എനിക്കിന്നും ഒരു ലഹരിയാണ്. ഇപ്പോൾ സമയം പന്ത്രണ്ടു മണി കഴിഞ്ഞ് പതിനഞ്ചു മിനിറ്റായിട്ടുണ്ട്. ഒരു മണി ആവുന്നതു വരെയും കാത്തിരുന്നാൽ സാറ് പറഞ്ഞതു പ്രകാരം തിയേറ്ററിലെത്താൻ കഴിയില്ല. ഭക്ഷണം കഴിക്കാതെ തിയേറ്ററിലേക്കു ചെന്നാൽ സാറ് വഴക്കു പറയാനുളള സാധ്യതയും ഏറെയാണ്. ഇന്നത്തെ പ്രത്യേക സാഹചര്യം പരിഗണാച്ച് ഞാൻ സാധാരണയിലും അൽപം നേരത്തെതന്നെ ഉച്ചഭക്ഷണം കഴിക്കാൻവേണ്ടി ക്യാൻ്റെീനിലെത്തിയത്.
കൈ കഴുകി ഡൈനിംഗ് ടേബിളിനരികിൽ ചെന്നിരുന്നപാടെ ദാസേട്ടൻ എൻ്റെ അരികിലെത്തി..
(തുടരും…)
– K.M സലീം പത്തനാപുരം