കുട്ടാ..നീ സാവിത്രിയോട് വിവാഹാഭ്യാർത്ഥന നടത്തിയത് ആത്മാർത്ഥമായിട്ടായിരുന്നോ.?
അതെ.
അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് നീ കരുതുന്നുണ്ടോ .?
എന്നോട് വിരോധമില്ലെന്നാണ് എൻ്റെവിശ്വാസം.
നേരത്തെ ഉണ്ടായ വിവാഹാഭ്യാർത്ഥനയിൽ നീ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ.? അതായത് ഈയൊരു കണ്ടീഷനിൽഅവളെ വിവാഹം ചെയ്യാൻ നീ തയ്യാറാണോ എന്നാണെൻ്റെ ചോദ്യം.
തീർച്ചയായും. നിന്നെപ്പോലെതന്നെ ഒരു നല്ല സുഹൃത്ത് എന്ന നിലയിൽതന്നെയാണ് ഞാനും അവളെ കണ്ടിരുന്നത്. ആ നിലയിൽ തന്നെയാണ് പെരുമാറിയതും. ഡൽഹിയിലെ താമസത്തിനിടയിലാണ് അവളുടെ സ്വഭാവമഹിമ ഞാൻ പൂർണാർത്ഥത്തിൽ അനുഭവിച്ചറിഞ്ഞത്. സൗഹൃദം പ്രണയമായി മാറാനത് കാണമാവുകയും ചെയ്തു. ഈയൊരു കാര്യം നിന്നോടോ അവളോടോ തുറന്നു പറയാൻ എനിക്കു സാധിച്ചിരുന്നില്ല. ഞാൻ ആഗ്രഹിക്കുന്ന തരത്തിലൊരു മറുപടി നിങ്ങളിൽ നിന്നും ഉണ്ടായില്ലെങ്കിലോ എന്ന ഭയമായിരുന്നു അതിനുള്ള കാരണം. ഒരിക്കൽ നാട്ടിൽ ചെന്നസമയത്ത് അവളുടെ വിവാഹകാര്യം ഉപ്പ എന്നോടു പറഞ്ഞിരുന്നു. അവൾക്ക് പറ്റിയ ഒരാളെ കണ്ടെത്തണമെന്ന് പറഞ്ഞേൽപ്പിക്കുകയും ചെയ്തിരുന്നു. അവളൊരു രോഗിയാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് അന്നുഞാനവളോടു എൻ്റെ താൽപര്യം അറിയിച്ചത്. അതിനവൾ പറഞ്ഞ മറുപടി മറ്റൊരർത്ഥത്തിലാണ് ഞാൻ മനസ്സിലാക്കിയത്. പിന്നീട് സംഭവിച്ചതെല്ലാം നിനക്കറിയാമല്ലോ, സ്വഭാവത്തിലും സൗന്ദര്യത്തിലും ഞാൻ അവളെക്കാളും എത്രയോ പിറകിലാണ്. പിന്നെ അവളുടെ ആരോഗ്യത്തിൻ്റെ കാര്യം. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പരിഗണനാവിഷയമേഅല്ല. അന്നും അതെ. ഇന്നും അതെ. എത്ര കാലം ജീവിക്കുമെന്നതിലല്ല, ജീവിക്കുന്ന കാലം എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചാണ് ഞാൻചിന്തിച്ചിട്ടുള്ളത്. ആ നിലയിൽ അവളെയെനിക്ക് ഇന്നും സ്വീകാര്യമാണ്.
ഒ.കെ. ഞാനീവിവരം ആദ്യം പറയേണ്ടത് ആരോടാണ്, ഉപ്പയോടാണോ അതല്ല സാവിത്രിയോടാണോ അതോ സഫിയ്യയോടോ, ആരോടുവേണമെങ്കിലും ഞാൻ പറയാം.
അവരോടു പറയുന്നതിനു മുൻപായി സാറിനോട് പറയുന്നതല്ലേ നല്ലത്.
ഒ.കെ. അങ്ങനെയും ആവാം. പക്ഷേ ഒന്നുകിലത് നീ തന്നെപറയണം , അല്ലെങ്കിൽ സഫിയ്യയെ ഏൽപിക്കണം. എന്താ വേണ്ടത്. ?
സഫിയ്യയെ ഏൽപിക്കാം.
അവർ മറ്റന്നാൾ നാട്ടിലേക്കു പോകുമെന്നല്ലേ പറഞ്ഞത്. അങ്ങനെയെങ്കിൽ ഇന്നുതന്നെ അവളോട് കാര്യം പറയുന്നതാണ് നല്ലത്. സൗകര്യമുള്ള സ്ഥലം കണ്ടാൽ വണ്ടി സൈഡാക്കി നിർത്താൻ ശ്രദ്ധിക്കണം, നമുക്ക് ഇപ്പോൾ തന്നെ അവളെ വിളിച്ചു പറയാം. അവളോട് നീ സംസാരിക്കുന്നോ അതോ ഞാൻ സംസാരിക്കണോ.?
നീ സംസാരിച്ചാൽ മതി. അതാണ് നല്ലത്.
ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ അവൾ അറ്റൻ്റെ് ചെയ്യുന്നില്ലല്ലോ കുട്ടാ.. ഒന്നുകൂടെ ശ്രമിച്ചു നോക്കാം..
ഹലോ.. സഫിയ്യാ.. ബാപ്പുവാണ്. നീതിരക്കിലല്ലങ്കിൽ ഒരു പ്രധാന കാര്യം പറയാനുണ്ടായിരുന്നു.
ഞാൻ കിച്ചണിലാണ്. കുഴപ്പമില്ല, പ്രധാനപ്പെട്ട കാര്യമാണെന്നല്ലേ പറഞ്ഞത്, പറഞ്ഞോളൂ.
സാവിത്രിയുടെ വിവാഹക്കാര്യം നീ നേരത്തെ പറഞ്ഞിരുന്നല്ലോ, കുട്ടന് അവളെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നാണ് എൻ്റെ ബലമായ അഭിപ്രായം. നീ സാറിനോട് പറഞ്ഞുകൊണ്ടോ, നേരിട്ടു ചോദിച്ചോ അവളുടെ അഭിപ്രായമെന്താണെന്ന് ഉടനെ അറിയിക്കണം. താൽപര്യമുണ്ട് എന്നാണു പറയുന്നതെങ്കിൽ കുട്ടൻ്റെ ലീവും കാര്യങ്ങളുമൊക്കെ അതിനനുസരിച്ച് ക്രമപ്പെടുത്താൻ വേണ്ടിയാണ്.
ഒ.കെ. അവൾ വാഷ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു പത്തുമിനിറ്റ് കഴിഞ്ഞാൽ ഞങ്ങൾ ഭക്ഷണം കഴിക്കാനിരിക്കും. അപ്പോൾ അവളോടു തന്നെ ഞാനിക്കാര്യം നേരിട്ടുപറയാം അവളെന്താണോ പറയുന്നത് അത് നിങ്ങളെ വിളിച്ചറിയിക്കുകയും ചെയ്യാം. എന്താ, അങ്ങനെ ചെയ്താൽ പോരെ.?
മതി. ധാരാളം മതി. അപ്പോഴേക്കും ഞങ്ങൾ അവൻ്റെ റൂമിലെത്താനും സാധ്യതയുണ്ട്.
കുട്ടാ .. ഒരു നിലക്ക് ചിന്തിച്ചാൽ സഫിയ്യ അവളോട് നേരിട്ട് കാര്യങ്ങൾ പറയുന്നതുതന്നെയാണ് നല്ലത്. അവർ തമ്മിലാകുമ്പോൾ മറച്ചു കെട്ടില്ലാതെ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ പറ്റും. മറിച്ച് സാറ് പറയുമ്പോൾ അതിനൊരു ആജ്ഞയുടെയോ, നിർദ്ദേശത്തിൻ്റെയോ സ്വരമുണ്ടാകും. മനസ്സിലെ വിയോജിപ്പ് തുറന്നു പറയാൻ അത് തടസ്സമാവുകയും ചെയ്യും. അത് ഗുണത്തേക്കാളേറെ നിനക്കും അവൾക്കും ദോഷകരമായി മാറുകയും ചെയ്യും. ഉപ്പ പറയാറുള്ളതു പോലെ എല്ലാം നല്ലതിനാണെന്നു കരുതിയാൽ നമുക്കും നല്ലതു പ്രതീക്ഷിക്കാം.
പ്രതീക്ഷിച്ചതു പോലെ പത്തുമിനിറ്റിനകം അവർ റൂമിൽ എത്തിച്ചേർന്നു.
ഇനിയുള്ള യാത്ര അൽപം ഉറങ്ങിയതിനു ശേഷമാക്കുന്നതിൽ നിനക്ക് വല്ല പ്രയാസമുണ്ടാ.?
ഒരു പ്രയാസവുമില്ല കുട്ടാ. നീ ഒരു പാടുദൂരം തനിച്ച് ഡ്രൈവ് ചെയ്തതല്ലേ. ഇനിയങ്ങോട്ട് നീ വരണമെന്നില്ല. ഒരു ടാക്സി സംഘടിപ്പിച്ചു തന്നാൽ മതി, ഞാൻ തനിച്ചു പൊയ്ക്കോളാം.
നീ കരുതിയതു പോലെ എനിക്കിതൊന്നും ഒരു പുതുമയുളള കാര്യമല്ല. പ്രയാസമായി തോന്നിയിട്ടുമില്ല. ഇത്രയും ദൂരം കാറ് ഓടിക്കാമെങ്കിൽ ഇനിയും അത് ചെയ്യാൻ എനിക്കറിയാം. അതിനൊരു ടാക്സിയെയും ആശ്രയിക്കേണ്ടതില്ല. ഡ്രസ്സ് മാറ്റി കുളികഴിഞ്ഞാൽ നമുക്ക് ഭക്ഷണം വല്ലതും കഴിച്ച് അൽപനേരം ഉറങ്ങാൻ നോക്കാം. നേരത്തെ ഉണർന്നാൽ നേരത്തെ യാത്ര തുടരുകയും ചെയ്യാം.
ഉണരാൻ അൽപം വൈകിയെങ്കിലും പകലിനെ അപേക്ഷിച്ച് വാഹനങ്ങൾ കുറവായിരുന്നതുകൊണ്ടാണ് രാത്രിതന്നെ യാത്ര തുടരാൻ അവർ തീരുമാനിച്ചത്. പ്രകാശപൂരിതമായ മനോഹര പാതയിലൂടെ ചുറ്റുപാടുകൾ ആസ്വദിച്ചു കൊണ്ടുള്ള യാത്രയിൽ അവർ സംസാരിച്ചതത്രയും ഇടക്കാലത്തുവച്ചു നഷ്ടമായ സൗഹൃദത്തെക്കുറിച്ചായിരുന്നതുകൊണ്ട് ട്രാഫിക് ബ്ലോക്കുകളൊന്നും തന്നെ അവർക്ക് അരോചകമായി അനുഭവപ്പെട്ടില്ല. ക്യാൻ്റെീനിൽ എത്തുമ്പോഴേക്കും ദാസേട്ടൻ അടച്ചുപൂട്ടി പോയിട്ടാണ്ടാകുമെന്ന് അറിയാവുന്നതു കൊണ്ട് ഇടക്കുവച്ച് ഭക്ഷണം കഴിച്ചതിനു ശേഷമാണ് അവർ യാത്ര തുടർന്നത്. റൂമിൽ തിരിച്ചെത്തിയ വിവരം സാവിത്രിയെയും സഫിയ്യയെയും വിളിച്ചറിയിക്കുന്നതിനുവേണ്ടി കബീർ ഫോൺ എടുത്തെങ്കിലും ഈ സമയം അവർ നല്ല ഉറക്കത്തിലായിരിക്കുമെന്ന് ശ്രീധരൻ പറഞ്ഞത് കൊണ്ട് അതു വേണ്ടെന്നുവച്ചു. വസ്ത്രം അലക്കുന്നതും അയേൺ ചെയ്യുന്നതുമായി ഒട്ടേറെ ജോലികൾ ചെയ്തു തീർക്കാനുണ്ടെങ്കിലും നാളെയാവാമെന്ന ധാരണയോടെ അവർ ലൈറ്റണച്ച് ഉറങ്ങാൻ കിടന്നു.
ഉറക്കത്തിൽ നിന്നും ഉണർന്ന ഉടനെ ഫോണെടുത്ത് സഫിയ്യയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
ഹലോ.. സഫിയ്യാ.. ഞാൻ ബാപ്പുവാണ്. എഴുന്നേറ്റില്ലേ.?
ഫോൺ ശബ്ദിച്ചതു കൊണ്ട് ഉണർന്നു. എന്താ ഈ നേരത്തൊരു ഫോൺവിളി.?
പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഞങ്ങളിന്നലെ രാത്രി വൈകിയാണ് തിരിച്ചെത്തിയത്. അതുകൊണ്ടാണ് ഇന്നലെ വിളിക്കാതിരുന്നത്. ഞാൻ പറഞ്ഞ കാര്യം സാവിത്രിയോട് സംസാരിച്ചിരുന്നോ.?
(തുടരും…)
– K.M സലീം പത്തനാപുരം