അത് ഉച്ചയോടെ തീർന്നു. ഉച്ച സമയത്തേക്കുണ്ടാക്കിയത് അതു കഴിഞ്ഞ് വിതരണം ചെയ്യരുതെന്നാണ് കഫീലിൻ്റെ കൽപ്പന. അതു തെറ്റിച്ചാൽ എൻ്റെ കാര്യം പോക്കാണേ, ഇനി മൂന്നു ദിവസം കഴിഞ്ഞേ ക്യാൻ്റെീനിൽ മോരുകറി ഉണ്ടാവുകയുള്ളൂ. അതാണ് പതിവ്. സാറിന് മോരുകറിയും കൂട്ടി ചോറ് കഴിക്കുന്നത് അത്രയേറെ ഇഷ്ടമാണെങ്കിൽ ഇനിയൊരു വഴിയേ ഉള്ളൂ. എന്താണത്.? രാത്രി ഭക്ഷണം ഇവിടെ വച്ചാക്കുക.
അത് ശരിയാകില്ല ദാസേട്ടാ.
എന്തുകൊണ്ട് ശരിയാകില്ല, ടേസ്റ്റിൻ്റെ കാര്യത്തിലാണെങ്കിൽ സാറയാണ് അക്കാര്യത്തിൽ എൻ്റെ ഗുരുനാഥ, അവളാണ് മോരുകറി ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചത്.
എങ്കിൽ ഇനി മറിച്ചൊന്നും പറയാനില്ല. ചേച്ചിയുടെ ചോദ്യം ഞങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.
കബീർ ഡോക്ടറതു പറഞ്ഞതോടെ സാറചേച്ചി കിച്ചണിലേക്കു പോയി. മഗ്‌രിബ് ബാങ്കിൻ്റെ ശബ്ദംകേട്ട പാടെ ബെഡ്‌റൂമിൽചെന്ന് വൃത്തിയുള്ള ഒരു തുണിയെടുത്ത് കബീർഡോക്ടറെ ഏൽപിച്ചതിനുശേഷം നിസ്കരിക്കുന്നതിനുളള സ്ഥലവും അവർ ചൂണ്ടിക്കാണിച്ചു കൊടുത്തു. തുടർന്നുളള സംസാരത്തിൽ അവരും പങ്കുചേർന്നു.
എട്ടുമണിയോടെ ഭക്ഷണം കഴിച്ചതിനുശേഷം അവർ മൂന്നുപേരും അവിടെ നിന്നുമിറങ്ങി. ദാസേട്ടൻ ക്യാൻ്റെീനിലേക്കും ബാപ്പുവും കുട്ടനും റൂമിലേക്കുംപോയി. റൂമിൽ എത്തിയതിനു ശേഷമുള്ള അവരുടെ സംസാരം കൂടുതലായും നാട്ടിലേക്കുള്ള യാത്രയെ സംബന്ധിച്ചുളളതായിരുന്നു. ടിക്കറ്റു കൺഫോമാകുന്നതുവരെയും ആശുപത്രിയിൽ വരണമെന്ന പ്രേമചന്ദ്രൻ സാറിൻ്റെ നിർദ്ദേശം ഇടക്കുവച്ച് സംസാര വിഷയമായി.
സാറ് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യാനായിരുന്നു നിൻ്റെ ഉദ്ദേശം.?
എനിക്ക് ഇവിടെ ചിലസ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ടായിരുന്നു. കുറേയേറെപുണ്യസ്ഥലങ്ങൾ. മദ്രസയിൽ പഠിക്കുന്ന കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹമാണത്. സാറ് അങ്ങനെ പറഞ്ഞതു കൊണ്ട് ടിക്കറ്റ് കൺഫോമായതിനു ശേഷം രണ്ടോ മുന്നോ ദിവസം അതിനു വേണ്ടി ചെലവഴിക്കാമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു.
അതിനെന്തിനാ ടിക്കറ്റ് കൺഫോമാവാൻ കാത്തു നിൽക്കുന്നത്. നാളെ തന്നെ ആയാലെന്താകുഴപ്പം. ?
സാറിനോട് ഞാനങ്ങനെ സമ്മതിച്ചതല്ലേ, ഇനിയത് മാറ്റി പറയുന്നത് മോശമല്ലേ.
ഒരോന്നിനും അതിൻ്റെതായ രീതിയുണ്ട്. പറയേണ്ട രീതിയിൽ പറയേണ്ടവരെകണ്ടു പറഞ്ഞാൽ ശരിയാവാത്തതായി ഒന്നുമില്ല. നിനക്കത് ശീലമില്ലാത്തതു കൊണ്ടാണ്. നിനക്ക് ഏതൊക്കെ സ്ഥലങ്ങളാണ് സന്ദർശിക്കേണ്ടതെന്നു വച്ചാൽ ഒരുലിസ്റ്റ് തയ്യാറാക്കിക്കോ, റൂട്ടും കാര്യങ്ങളുമെല്ലാം ഞാൻ റെഡിയാക്കാം. പ്രേമചന്ദ്രൻ സാറിൻ്റെ സമ്മതം വാങ്ങുന്ന കാര്യം എനിക്കു വിട്ടുതന്നേക്ക്. ഞാനത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തോളാം. എന്താ സമ്മതമാണോ.?
സാറ് സമ്മതിച്ചാൽ..
രണ്ടര വർഷത്തെ ഇടവേളയും അതിന് നിമിത്തമായ കാരണവും അവരെ സംബന്ധിച്ചിടത്തോളം ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ഒന്നായിരുന്നില്ല. അതുകൊണ്ടു തന്നെ, പരസ്പര ചർച്ചയിലേക്ക് അതുകടന്നുവരാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചു. ദാസേട്ടനെന്ന വഞ്ചിയിൽ കയറി തങ്ങൾക്കിടയിലുണ്ടായിരുന്ന വിടവ് അവർ അനായാസം മറികടന്നു. ഒരുമിച്ചൊരു ബെഡ്ഡിൽ പുതപ്പ് പങ്കിട്ടു കിടന്നപ്പോൾ അവർ പഴയ കാലത്തേക്കു തിരിച്ചുപോയി. സുബ്ഹി നിസ്കാരം കഴിഞ്ഞതിനു ശേഷം അൽപനേരം കൂടെ കിടക്കാമെന്നു കരുതി ബെഡ്ഡിനരികിൽ എത്തിയപ്പോഴേക്കും ശ്രീധൻ ഉണർന്നു കഴിഞ്ഞിരുന്നു.
നീ എവിടെ പോയതായിരുന്നു.?
എവിടെയും പോയതല്ല, ഉണർന്നപ്പോൾ സമയം സുബ്ഹി ആയിട്ടുണ്ടെന്നു മനസ്സിലായി. അതുകൊണ്ട് എഴുന്നേറ്റ് ചെന്ന് സുബ്ഹി നിസ്കരിച്ചു. അൽപ സമയംകൂടെ കിടക്കാമെന്നു തോന്നിയതു കൊണ്ട് വീണ്ടും ഇവിടെയെത്തി. നീ ഉണർന്നസ്ഥിതിക്ക് ഇനി ഞാൻ കിടക്കുന്നില്ല. നീ കുളിച്ചു ഫ്രഷായി വരുമ്പോഴേക്കും ഞാൻ കട്ടൻചായ റെഡിയായാക്കാം.
അടുത്തപരിപാടിയെന്താ.? ചായ കുടിക്കുന്നതിനിടയിൽ കബീറാണതു ചോദിച്ചത്.
നമ്മൾ നേരെ സുമിത്ര മാഡത്തെ ചെന്നു കാണുന്നു. നിൻ്റെ ആഗ്രഹം പ്രേമചന്ദ്രൻ സാറിനെ അവർ ബോധ്യപ്പെടുത്തുന്നു. സാറിൻ്റെ സമ്മതത്തോടെ നീകാണണമെന്നാഗ്രഹിക്കുന്ന പുണ്യഭൂമികളിലേക്ക് ഇന്നുതന്നെയാത്ര ആരംഭിക്കുന്നു. അത്ര തന്നെ.
ഇന്നതൊക്കെ നടക്കുമോ.?
ആദ്യം നീ ഡ്രസ്സ്മാറ്റി റെഡിയാവ്, നടക്കുമോ ഇല്ലയോ എന്നതൊക്കെ നമ്മുടെ കാര്യാവതരണത്തെ ആശ്രയിച്ചിരിക്കും.
മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം സുമിത്ര മാഡത്തോടു സംസാരിച്ചതും പ്രേമചന്ദ്രൻ സാറിൻ്റെ അനുവാദം വാങ്ങിയെടുത്തതുമെല്ലാം ശ്രീധരനാണ്. ക്യാൻ്റെീനിൽ ചെന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ദാസേട്ടനോട് വിവരങ്ങൾപറഞ്ഞ് അവർ യാത്ര ആരംഭിച്ചു. മസ്ജിദുന്നബവി ലക്ഷ്യമാക്കി അവർയാത്ര തുടർന്നു. പള്ളിയും പരിസരവും നടന്നു കണ്ടതിനുശേഷം സമരഭൂമികളായ ഉഹ്ദും ഖന്തഖും സന്ദർശിച്ച് മക്കയിലേക്കു പുറപ്പെട്ടു. മക്കായാത്രയിലെ പ്രഥമ സന്ദർശനം കഅബാലയമായിരുന്നു. സഫാ മർവക്കിടയിലൂടെയുള്ള നടത്തം കഴിഞ്ഞതിനു ശേഷം ഹിറാഗുഹയിലേക്ക് യാത്രതിരിച്ചു. തനിച്ചു ഡ്രൈവ് ചെയ്യേണ്ടി വന്നതു കൊണ്ട് ആവശ്യമായ വിശ്രമത്തിനു ശേഷമാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്കവർ യാത്രചെയ്തത്. ഹിറാ ഗുഹയിലേക്കുള്ള നടന്നുകയറ്റവും ഇറക്കവും എക്കാലവും മനസ്സിൽ കാത്തുസൂക്ഷിക്കാൻ പറ്റിയ അനുഭവമാണെന്നായിരുന്നു ശ്രീധരൻ്റെ അഭിപ്രായം. യുവാവായ തനിക്ക് ഇവിടെ എത്താൻ ഇത്ര പ്രയാസപ്പെടേണ്ടി വന്നെങ്കിൽ യുവത്വം പിന്നിട്ട പ്രവാചക പത്നിയായ ഖദീജബീവി ഈ മലകയറി ഇറങ്ങാൻ എത്രത്തോളം പ്രയാസമനുഭവിച്ചിട്ടുണ്ടാകുമെന്ന ചിന്ത കബീറിൻ്റെ മനസ്സിനെ സങ്കടപ്പെടുത്തി. സുദീർഘമായ വിശ്രമത്തിനുശേഷം തമ്പുകളുടെ നഗരമെന്നറിയപ്പെടുന്ന മിനായിലേക് യാത്രപുറപ്പെട്ടു. വർഷത്തിലൊരിക്കൽ ഒരാഴ്ചക്കാലം ജനലക്ഷങ്ങൾ ഒത്തുചേരുന്നതും പിന്നീടുളള ദിവസങ്ങളിൽ വിജനമായി കിടക്കുകയും ചെയ്യുന്ന വിശാലമായൊരു ഭൂപ്രദേശമാണത്. ഏറെ കൗതുകത്തോടെയാണത് കണ്ടു മടങ്ങിയത്. തമ്പുകളുടെ ചിത്രങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ വേണ്ടിഅതൊന്നു പ്ലേ ചെയ്തുനോക്കവേ ഡൽഹിയിൽ നിന്നും സഫിയ്യയുടെ കാൾ വന്നു.
ഹലോ, ബാപ്പുട്ടീ, ഞാൻ സഫിയ്യയാണ്. ഹലോ, കേൾക്കാം. സഫിയ്യപറഞ്ഞോളു.
നിങ്ങൾ എവിടെയാണ്. ടിക്കറ്റ് കൺഫോമായോ.?
ഇല്ല സഫിയ്യാ, ടിക്കറ്റ് കൺഫോമായിട്ടില്ല. ഞങ്ങൾ ഒരുടൂറിലാണ്.
ഞങ്ങൾ എന്നു പറഞ്ഞാൽ.?
ഞാനും ശ്രീധരനും.
ആരാ ശ്രീധരൻ.?
വിളിപ്പേരുപറഞ്ഞാൽ നീ അവനെ അറിയാതിരിക്കില്ല , കുട്ടൻ.
നമ്മുടെകൂടെ ഉണ്ടായിരുന്ന കച്ചറകുട്ടനാണോ. ജയിക്കാനായി ജനിച്ചവൻ?
അതെ നമ്മുടെ കച്ചറ കുട്ടൻതന്നെ.
എങ്കിൽ ഒരാളെയും കൂടെ കൂട്ടാമായിരുന്നില്ലേ, എന്തിന്.?
(തുടരും…)
– K.M സലീം പത്തനാപുരം