ദാസേട്ടൻ കബീർ ഡോക്ടറെ കാണാൻ തുടങ്ങിയിട്ട് എത്ര വർഷമായിട്ടുണ്ടാകും.?
സാറ് ഈ ആശുപത്രിയിൽ എത്തിയതുമുതൽ ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയതാണ്. കൃത്യമായി പറഞ്ഞാൽ ഇന്നത്തേക്ക് രണ്ടുവർഷം.
രണ്ടുവർഷം, അതൊരു നീണ്ട കാലാവധിയല്ലേ ദാസേട്ടാ.. ഒരു വ്യക്തിയെ ക്കുറിച്ച് മനസ്സിലാക്കാൻപറ്റിയ നീണ്ട കാലാവധി. ആട്ടെ , ദാസേട്ടനെന്താണ് അവനെക്കുറിച്ചു മനസ്സിലാക്കിയിരിക്കുന്നത്.?
അങ്ങനെ ചോദിച്ചാൽ മറുപടിപറയൽ അത്രഎളുപ്പമല്ല. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. സാറ് നിഷ്കളങ്കനും മനസ്സിൽ കറയില്ലാത്ത ആളുമാണ്. ഇടപഴകാൻ എളുപ്പവുമാണ്. ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം അദ്ദേഹം ഒരു തികഞ്ഞ മതഭക്തനാണ് എന്നുള്ളതാണ്. മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സാറിന് നന്നായിട്ടറിയാം. ഒരാളെക്കുറിച്ച് ഇത്രയൊക്കെ മനസ്സിലാക്കിയാൽ പോരെ സാർ.?
മതി. ധാരാളം മതി. ദാസേട്ടന് അവൻ്റെ ചുറ്റുപാടുകളെ കുറിച്ചറിയുമോ, വീട്ടുകാരെക്കുറിച്ചും സാമ്പത്തിക സ്ഥിതിയും മറ്റും. അവനത് എപ്പോഴെങ്കിലും നിങ്ങളോടു പറഞ്ഞിട്ടുണ്ടോ.?
ഇല്ല സാർ, ഞാനക്കാര്യം സാറിനോട് ചോദിച്ചിട്ടില്ല, സാറെന്നോടു പറഞ്ഞിട്ടുമില്ല. സാറിൻ്റെ ഇവിടത്തെ ജീവിത രീതികൾ വച്ചു നോക്കിയാൽ അൽപം പ്രാരാബ്ധമുള്ള കുടുംബത്തിലെ അംഗമാണെന്നു കരുതേണ്ടിവരും. എളിമയോടെയുള്ള പെരുമാറ്റരീതികളും അതിൻ്റെഭാഗമായി പഠിച്ചതാകും.
സാറെന്താണ് ഇങ്ങനെ ചോദിക്കാൻ കാരണം.? അദ്ദേഹം നാട്ടിൽ വല്ല കുഴപ്പത്തിലും പെട്ട് നാടുവിട്ടു വന്നതാണോ.? ഒരിക്കലുമല്ല ദാസേട്ടാ, തന്നെയുമല്ല അവൻ ദാസേട്ടൻ മനസ്സിലാക്കിയതു പോലെ പ്രാരാബ്ധക്കാരനുമല്ല. നാട്ടിലെഏറ്റവും വലിയ ഭൂപ്രമാണിയുടെ രണ്ടു മക്കളിൽ മൂത്ത മകനുമാണ്.
പിന്നെ എന്തിനാണ് സാറ് ഇവിടെ വന്നിങ്ങനെ കഷ്ടപ്പെടുന്നത്. നാട്ടിൽ കുടുംബത്തോടൊപ്പം നിന്നാൽ പോരായിരുന്നോ ?
മതിയായിരുന്നു. അവൻ്റെ ഉപ്പയുടെയും ഉമ്മയുടെയും ആഗ്രഹവും അതു തന്നെയായിരുന്നു. അവൻ്റെ ഉപ്പ നാട്ടിലെ ഭൂപ്രമാണിയാണെന്നു ഞാൻ പറഞ്ഞല്ലോ, എൻ്റെ അറിവ് ശരിയാണെങ്കിൽ പത്ത് ഏക്കറിലധികം വരുന്ന വയല് അവൻ്റെ ഉമ്മയുടെ പേരിൽ ഇപ്പോഴുമുണ്ട്. അത്രതന്നെ ഭൂമി ഉപ്പയുടെ പേരിലുമുണ്ട്. നാട്ടിലെ ഹൈസ്കൂൾ ഉപ്പയുടെ സ്ഥലത്താണ്. അദ്ദേഹമാണതിൻ്റെ മാനേജർ, അദ്ധ്യാപകരിൽ ഏറെയും നാട്ടുകാർ തന്നെയാണ്. അവരെല്ലാം ആ സ്കൂളിൽ പഠിച്ചവരുമാണ്. അവനെയും ഒരു അദ്ധ്യാപകനാക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. മോളുട്ടിയുടെ സോറി സാവിത്രിയുടെ അച്ഛൻ്റെ നിർബന്ധ പ്രകാരമാണ് അവൻ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതാൻ തീരുമാനിച്ചത്, പഠനത്തിലെ മികവും നാട്ടിൽ ഒരു ഡോക്റ്ററില്ലാത്തതിൻ്റെ കുറവ് പരിഹരിക്കലുമായിരുന്നു അങ്ങനെ നിർബന്ധിക്കാനുളള കാരണമായി അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കിൽ നീയും അവൻ്റെ കൂടെ പരീക്ഷ എഴുതിക്കോ എന്നും പറഞ്ഞ് അദ്ധ്യാപകനാവാൻ ആഗ്രഹിച്ചിരുന്ന എന്നെ ഡോക്ടറാവാൻ പറഞ്ഞുവിട്ടത് അവൻ്റെ ഉപ്പയാണ്. രണ്ടുവർഷം കഴിഞ്ഞപ്പോൾ സാവിത്രിയെയും അദ്ദേഹം എട്രൻസ് പരീക്ഷ എഴുതാൻ പറഞ്ഞുവിട്ടു. നല്ല മാർക്കോടെ പാസായതു കൊണ്ട് ഞങ്ങൾക്ക് ഡൽഹിയിലെ കോളജിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു. മൂന്നുപേരുടെയും പഠന ചെലവ് അവൻ്റെ ഉപ്പ തന്നെയാണ് വഹിച്ചത്. സാവിത്രി അവിടെ എത്തുന്നതു വരെയും ഞങ്ങളുടെ താമസം കോളജിനടുത്തുളള ഒറ്റമുറി വീട്ടിലായായിരുന്നു. എം.ബി.ബി.എസ്സ് പാസ്സായി പി.ജിക്ക് അഡ്മിഷൻ കിട്ടിയപ്പോഴാണ് ഞങ്ങൾക്ക് മാറി താമസിക്കേണ്ടി വന്നത്.
അന്നുമുതൽ അവൻ ഡൽഹിയിലും ഞാൻ ബാംഗ്ലൂരിലുമായി. പരസ്പരം കാണുന്നത് വല്ലപ്പോഴും കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ ഡൽഹിയിൽ പോകുമ്പോഴും നാട്ടിൽ എത്തുന്ന സമയത്തുമായി. സാവിത്രിയുടെ താമസം ഹോസ്റ്റലിലായിരുന്നതു കൊണ്ട് അവർക്കു തമ്മിൽ കാണാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇതിനിടയിൽ സാവിത്രിക്ക് ഒരു കൂട്ടുകാരിയെയും കിട്ടിയിരുന്നു. പേരു പറഞ്ഞാൽ ദാസേട്ടൻ അവളെ അറിയും. സഫിയ്യ ബീഗം എന്നാണവളുടെ പേര്. സഫിയ്യ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. നമ്മുടെ ഖാദർക്കയുടെ മകളാണ്. ഞങ്ങളുടെ ഇടയിലേക്ക് സഫിയ്യയും കൂടെ കടന്നുവന്നതോടെ നാട്ടിൽ ചെലവഴിക്കാൻ കിട്ടിയിരുന്ന അവധി ദിവസങ്ങൾ ഡൽഹിയിലും ബാംഗ്ലൂരിലുമാണ് ഞങ്ങൾ ചെലവഴിച്ചത്. ഇതിനിടയിൽ സാവിത്രിയുടെ അച്ഛൻ മരണപ്പെട്ടു. സ്കൂളിൽ നിന്നും പിരിയാൻ ഒരു മാസവും കൂടെ ബാക്കി നിൽക്കെയാണതു സംഭവിച്ചത്.
സാധാരണക്കാർക്ക് ആധുനിക ചികിത്സ ലഭ്യമാക്കാൻവേണ്ടി നാട്ടിൽ ഒരു ആശുപത്രി ഉണ്ടാക്കണമെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. വീട് നിൽക്കുന്ന സ്ഥലം അതിനുവേണ്ടി ഉപയോഗിക്കാമെന്ന ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂളിൽ നിന്നും പിരിഞ്ഞതിനുശേഷം കിട്ടുന്നപണം അതിനുവേണ്ടി ചെലവഴിക്കാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ. കെട്ടിടത്തിൻ്റെ പ്ലാൻ തയ്യാറാക്കി സാവിത്രിയെ കാണിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. സാവിത്രിയുടെ മനസ്സിനെ അത് കാര്യമായി ബാധിച്ചു. അതുവരെയും ഊർജ്വസ്വലതയോടെ കണ്ടിരുന്ന അവളുടെസ്വാഭാവത്തിലും ആ മാറ്റം പ്രതിഫലിക്കാൻ തുടങ്ങി. പതിയെ പതിയെ അവളുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടാവുകയും ഇടക്കിടെ ക്ലാസ്റൂമിൽ തളർന്നു വീഴുന്നഅനുഭവങ്ങളുമുണ്ടായി. ചില ദിവസങ്ങളിൽ രാത്രി ഹോസ്റ്റലിൽ വച്ചും അങ്ങനെ സംഭവിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അവൾ മികച്ച റാങ്കോടെ എം.ബി.ബി എസ്സ് പാസാവുകയും അവിടെ തന്നെ പി.ജിക്ക് ചേരുകയും ചെയ്തിട്ടുണ്ടായിരുന്നു.
അവരുടെ സാറിൻ്റെ നിർദ്ദേശപ്രകാരം അവൾക്ക് ഹോസ്റ്റലിൽനിന്നും കബീറിൻ്റെ ഒറ്റമുറി വീട്ടിലേക്ക് മാറിതാമസിക്കേണ്ടതായും വന്നു. ഒറ്റമുറിയെന്നു പറഞ്ഞാൽ കിച്ചണും വർക്കേരിയയും അറ്റാച്ച്ഡ് ബാത്ത്റൂമിനുപുറമെ കോമൺ ബാത്ത്റൂമുമെല്ലാം ഉളള ഒരുകൊച്ചുവീട്. ഒരു അവധി സമയത്ത് ഡൽഹിയിൽ എത്തിയതിനു ശേഷമാണ് ഞാനതെല്ലാമറിയുന്നത്. അവൾക്ക് അപസ്മാര രോഗം പിടിപ്പെട്ടതിൻ്റെ ലക്ഷണമാണതെന്നാണ് സാറ് പറഞ്ഞതെന്നായിരുന്നു സഫിയ്യ അന്നെന്നോടു പറഞ്ഞിരുന്നത്. അവനോടൊപ്പം താമസം തുടങ്ങിയതു മുതൽ അവളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായി. ഇടയ്ക്കുവച്ചു നഷ്ടമായ കുസൃതിയും കളിതമാശകളും അവളിൽ പ്രകടമായി. പക്ഷേ ആ മാറ്റം ആരോഗ്യസ്ഥിതിയിൽ ഉണ്ടായില്ല. രാത്രി സമയത്ത് ഛർദിയും വിറയലും കൂടി കൊണ്ടിരുന്നു. പലപ്പോഴും ക്ലാസിൽ ചെന്നിരിക്കാൻ പറ്റാത്ത അവസ്ഥയായി. അവൻ്റെ പഠനത്തെയും അത് പ്രതികൂലമായി ബാധിക്കാൻതുടങ്ങി. മിക്ക ദിവസങ്ങളിലും സഫിയ്യക്ക് അവരോടൊപ്പം കഴിയേണ്ടിവന്നു. അധികം താമസിയാതെ സഫിയ്യയും ആ ഒറ്റമുറി വീട്ടിലെ താമസക്കാരിയായി.
ഒരു ദിവസം ക്ലാസ്സിൽ വച്ച് രക്തം ഛർദിച്ചതോടെ സാറിൻ്റെ നേതൃത്വത്തിലുളള മെഡിക്കൽ ടീം അവളെ വിദഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കി.ഒരാഴ്ചകഴിഞ്ഞു സഫിയ്യയോട് സാറ് ആ വിവരംപറഞ്ഞു. സാവിത്രി ഇന്നൊരു കടുത്തബ്ലഡ് ക്യാൻസർ രോഗിയാണ്. ഇപ്പോൾ ചെയ്തു കഴിഞ്ഞ ടെസ്റ്റ് പ്രകാരം പതിനഞ്ചുവയസ്സു മുതൽ അവളൊരു ക്യാൻസർ ബാധിതയാണെന്നാണ് റിസൽട്ട്. ആരോഗ്യസ്ഥിതി മോശമാവാതിരിക്കുന്നതിന് ആവശ്യമായ ചികിത്സകൾ നമുക്കിവിടെ വച്ചു തന്നെ ചെയ്യാം. അതേസമയം രോഗം പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ ഇനി സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ദൈവം സാഹായിച്ചാൽ അഞ്ചോ ആറോ വർഷം മെഡിസിൻ കഴിച്ച് അവൾക്ക് ആരോഗ്യത്തോടെ ജീവിക്കാം. സഫിയ്യയും അബ്ദുള്ളയും ചേർന്ന് അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചെറിയ പ്രായമല്ലേ, മനസ്സിൽ പല പ്രതീക്ഷകളുമുണ്ടാകും. അതെല്ലാം പലരുമായും ബന്ധപ്പെടുത്തിക്കൊണ്ടുളളതുമായിരിക്കും. അതിനെയെല്ലാം ക്രമപ്പെടുത്താനും ചിലതെങ്കിലും വേണ്ടെന്നുവയ്ക്കാനും ക്രമേണ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അങ്ങനെ ചെയ്യുന്നതാണ് നല്ലത്.
(തുടരും…)
– K.M സലീം പത്തനാപുരം