ബാല്യത്തിലമ്മതൻ കൈ പിടിച്ച്
വേലത്തരങ്ങളെ കാട്ടിയേറെ
ബാല്യചാപല്യങ്ങളറ്റകാലം
സോദര കൈകളോ തോളിലേറ്റി
ബാലിശക്കാരനായ്തീർന്ന നാളിൽ
വേലീടെ പത്തലിൽ ചൂടറിഞ്ഞു
ബാലികക്കാരിയാം സോദരിതൻ
പാണീഗ്രഹിച്ചന്നു സ്കൂളിലെത്തി
ബാല്യം കൊഴിഞ്ഞങ്ങു കേമനായി
കാലം കളം വരച്ചെൻ്റെ മേനീൽ
കാതൽ പകുത്തിടാറായ കാലം
കൈകൾ പിടിച്ചന്നു ചേർത്തു നിർത്തി
കാലം കിതച്ചേറെ അന്യമായി
കാരസ്കരം പോൽ രുചിച്ച നാൾകൾ
നഷ്ടാദി കഷ്ടം ഭവിച്ച നാളും
പാണീ ബലത്തിനാൽ തൃപ്തയാക്കി
പിഞ്ചായമൊഞ്ചർക്കു താതനായി
പഞ്ചാരവാക്കിനു ബന്ദിയായി
പാണീ പിണച്ചേറെയോടി കാതം
കാലം വരച്ചിതാ വൃദ്ധ ചിത്രം
കായം കുനിഞ്ഞതാം കോലമാക്കീ
കേശം നരച്ചിതാ വൃദ്ധനായി
വിട്ടില്ല പാണികൾ ചേർത്തു വച്ചു
മുട്ടറ്റ കോലിനെ സ്വന്തമാക്കീ
ജീവൻ തിരിച്ചങ്ങു പോയിടും നാൾ
കായം കിടത്തുന്ന പെട്ടിയിൻ മേൽ
പാണീൽ പിരിച്ചൊരു പാശമായി
കൈതാങ്ങിയാഴ്ത്തുന്നു ഖിന്നരായി
– ജോൺസൺ എഴുമറ്റൂർ