‘ശ്രേയ ‘ ഫ്ലാറ്റിലെ ദീപാവലിയോടനുബന്ധിച്ച് ഉള്ള ആഘോഷങ്ങൾ ആയിരുന്നു ഇന്നലെ ഉച്ച തൊട്ട്. അതുകൊണ്ടുതന്നെ ഫ്ലാറ്റ് പ്രസിഡൻറ് പതിവ് പരിപാടികൾ ഒക്കെ മാറ്റിവെച്ച് രാവിലെ നടക്കാൻ പോലും പോകാതെ തലേ ദിവസത്തെ ക്ഷീണം കാരണം കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് ഭാര്യ വന്ന് പറഞ്ഞത് കഷണ്ടി സാംസൺ നിങ്ങളെ കാണാൻ വന്നിരിക്കുന്നു എന്ന്. നിറകണ്ണുകളോടെ സ്വീകരണമുറിയിൽ ഇരിക്കുന്ന സാംസണെ കണ്ടു ചാക്കോച്ചൻ ഒന്നു പകച്ചു. തലേദിവസം യാതൊരു പ്രശ്നവുമില്ലാതെ പിരിഞ്ഞത് ആണല്ലോ, ഇപ്പോൾ എന്തുപറ്റി എന്ന സന്ദേഹത്തോടെ ചാക്കോച്ചൻ വിവരം അന്വേഷിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയപ്പോൾ ചാക്കോച്ചന് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും ഞാൻ വേണ്ടത് ചെയ്യാമെന്ന് ഉറപ്പു കൊടുത്ത് സാംസനെ യാത്രയാക്കി.
കാര്യം എന്തെന്നല്ലേ? ദീപാവലി ആഘോഷം ഫ്ലാറ്റിൽ നാലുമണിയോടെ തുടങ്ങിയിരുന്നു. കുട്ടികൾക്ക് പടക്കം, ലാത്തിരി, കമ്പിത്തിരി, പൂത്തിരി, മൂളി, പൊട്ടാസ്, തലചക്രം, മാലപ്പടക്കം, ഓലപ്പടക്കം, ഏറുപടക്കം……. അതൊക്കെ കത്തിക്കാനും അപകട സാധ്യത മുൻകൂട്ടി കണ്ടു പൊതു പൈപ്പിനടുത്തുള്ള സ്ഥലം നേരത്തെ അളന്ന് തിരിച്ചിരുന്നു. പോരാത്തതിന് രണ്ട് ബക്കറ്റ് വെള്ളവും തൊട്ടടുത്തു തന്നെ കരുതി. അതുകൊണ്ട് തന്നെ മുതിർന്നവർ എല്ലാം കരുതലോടെ കുട്ടികളോടൊപ്പം പടക്കം പൊട്ടിക്കൽ പരിപാടി കഴിയുന്നതുവരെ ഉണ്ടായിരുന്നു. മുതിർന്ന വീട്ടമ്മമാർക്കും പെൺകുട്ടികൾക്കും എന്തെങ്കിലും വിനോദം വേണ്ടേ, അതിന് ‘ഫൺ വിത്ത് പാഴ്സൽ’ എന്ന ഒരു പരിപാടിയും അതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
സ്ത്രീകൾ എല്ലാവരും കസേരകളിൽ റൗണ്ട് ആയി ഇരിക്കണം. ഒരു പാഴ്സൽ കൈമാറി അടുത്ത ആൾക്ക് പാസ്സ് ചെയ്യണം. നടത്തിപ്പുകാരി ബെല്ലടിച്ചു കൊണ്ടിരിക്കും. ബെൽ നിർത്തുമ്പോൾ ആരുടെ കയ്യിലാണോ പാഴ്സൽ ആ ആൾ അതിൽ നിന്ന് എടുക്കുന്ന പേപ്പർ തുണ്ടിൽ എഴുതിയിരിക്കുന്ന കാര്യം എല്ലാവരുടെയും മുമ്പിൽ ചെയ്തു കാണിക്കണം. ചിലർക്ക്’ മണിച്ചിത്രത്താഴ്’ സിനിമയിലെ ശോഭന ചെയ്ത ഏതെങ്കിലും ഒരു ഭാഗം അഭിനയിച്ചു കാണിക്കുക, പാട്ടുപാടുക, നൃത്തം ചെയ്യുക………. അങ്ങനെ പല പല കാര്യങ്ങൾ. ഫ്ലാറ്റിലെ ബ്യൂട്ടി എന്ന് പറയാവുന്ന പെൺകുട്ടിയുടെ കൈയിൽ ആണ് ആ പ്രാവശ്യം പാഴ്സൽ പെട്ടത്. പേപ്പർ തുണ്ടിൽ എഴുതിയിരുന്നത് ഫ്ലാറ്റിൻ്റെ മുമ്പിലുള്ള ചെറിയ പൂന്തോട്ടത്തിൽ നിന്ന് ഒരു പൂ പറിച്ച് ഇവിടത്തെ ഏറ്റവും വലിയ കഷണ്ടി തലയന് മുടിയിൽ ചൂടാൻ കൊടുക്കണം എന്നതായിരുന്നു. പെൺകുട്ടി ഒന്ന് ആലോചിക്കകൂടി ചെയ്യാതെ പൂ പറിച്ച് കഷണ്ടി സാംസൺ അങ്കിളിനു കൊടുത്തു. എല്ലാവരും കൂടി കൂട്ട ചിരിയുമായി. ഇതുപോലുള്ള നിർദോഷ ഫലിതങ്ങൾ ആയിരുന്നു അതിൽ എല്ലാം എഴുതിയിട്ടിരുന്നത്. ഫ്ലാറ്റിലെ കുസൃതി പിള്ളേരാണ് ഇതിൻ്റെയൊക്കെ നടത്തിപ്പുകാർ. പടക്കം പൊട്ടിക്കലും മധുരപലഹാര തീറ്റയും രാത്രി ഡിന്നറും കഴിഞ്ഞ് എല്ലാവരും സന്തോഷമായി പിരിഞ്ഞതായിരുന്നു തലേദിവസം.
സാംസൺ ചാക്കോച്ചനോട് ആവശ്യപ്പെട്ടത് ഒന്നുമാത്രം. 70 വയസ്സുള്ള സാംസൻ്റെ 28 വയസ്സുള്ളപ്പോൾ ഉള്ള ഒരു ഫോട്ടോ ഫ്ലാറ്റിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടണമെന്നതായിരുന്നു. ചാക്കോച്ചൻറെ ഉറ്റസുഹൃത്തും സഹപാഠിയുമായിരുന്നു സാംസൺ. 1975 കാലഘട്ടത്തിൽ സാംസൺ തലമുടി സൂക്ഷിക്കുന്നത് കണ്ടു അന്ന് എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്. കുളിച്ചുകഴിഞ്ഞു തലമുടി കുറേ സമയം ഒരു ഹീറ്റർ അടക്കമുള്ള ചീപ്പ് വെച്ച് ചുരുട്ടി എടുക്കും. കാറ്റിന് എതിർവശത്തായി പ്രത്യേകം നോക്കിയിരുന്ന് ബസ്സിൽ നിന്ന് ഇറങ്ങിയാൽ ഉടനെ മറ്റൊരു റൗണ്ട് ചീപ്പ് എടുത്ത് പിന്നെയും മുടി ചീകിയൊതുക്കി….അങ്ങനെങ്ങനെ പൊന്നുപോലെ ആണ് സാംസൺ തലമുടി സംരക്ഷിച്ചിരുന്നത്. ആ സമയത്ത് ബെൽബോട്ടം പാന്റ്സും മുടി നീട്ടി വളർത്തലും ഒക്കെ ഒരു ഫാഷൻ ആയിരുന്നു. ഒരു പ്രത്യേക ബാർബർ ഷോപ്പിൽ മാത്രമേ തലമുടി വെട്ടിക്കു, അതും സോമൻ എന്ന ഒരാളെ കൊണ്ട് മാത്രം. സോമൻ ലീവോ മറ്റോ ആണെങ്കിൽ ആള് തിരിച്ചുപോയി പിറ്റേ ദിവസം വന്നേ വെട്ടു. തലമുടി വളരാനുള്ള പ്രത്യേക ക്രീമുകളും, തലമുടി സെറ്റ് ചെയ്യാനുള്ള സ്പ്രേയും ഒക്കെ കാശുമുടക്കി ഇഷ്ടംപോലെ വാങ്ങിച്ചുപയോഗിക്കുമായിരുന്നു. അത്രയും ശ്രദ്ധയോടെ തലമുടി സംരക്ഷിച്ചിരുന്ന സാംസൻ്റെ തലമുടി പക്ഷേ വേഗം നരച്ചു തുടങ്ങി. കൂടെ മുടികൊഴിച്ചിലും. ഉടനടി ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. കേട്ടിട്ടില്ലേ അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന്. ഇത് നിങ്ങളുടെ വീട്ടിലെ പാരമ്പര്യം ആയിരിക്കാം. നിങ്ങളുടെ അച്ഛനും മുത്തച്ഛനും ഒക്കെ കഷണ്ടിക്കാർ തന്നെയല്ലേ? പിന്നെ നിങ്ങൾ ആവശ്യത്തിൽ കൂടുതൽ തലയിൽ ഓരോന്ന് വാരിത്തേച്ചതു കൊണ്ടാകാം അവരേക്കാൾ വേഗം കഷണ്ടിയും നരയും വന്നു തുടങ്ങിയതെന്ന്. ഏതായാലും കഷണ്ടിയും നരയും കയറുന്നതിനുമുമ്പ് എത്രയും വേഗം ഒരു വിവാഹം കഴിക്കാൻ പറഞ്ഞ് ഡോക്ടർ കയ്യൊഴിഞ്ഞു. സാംസൺ അങ്ങനെ തോറ്റുകൊടുക്കാൻ തയ്യാറില്ലായിരുന്നു. അന്ന് ഹെയർഡൈ അത്ര സുലഭമല്ലായിരുന്നു. ബോംബെയിൽനിന്ന് സഹോദരി വശം ഡൈ വരുത്തി കറുത്തചായം അടിച്ചു സംഗതി രഹസ്യം ആക്കി വെച്ചു. 38 വയസ്സ് ആയപ്പോഴേക്കും ഡൈ അടിക്കാൻ തലമുടി തന്നെ ഇല്ലാതായി. മുഴുവനും കഷണ്ടി ആയി. സാംസനെ കൊണ്ട് നല്ലൊരു വരുമാനം നേടിയിരുന്ന ബാർബറും സങ്കടത്തിലായി. ഏതു വിലകൂടിയ വെട്ടും ക്രീമുകളും പരീക്ഷിക്കാൻ അവസരം തന്നിരുന്ന ആളായിരുന്നു സാംസൺ. അതു പോയിട്ട് ഇപ്പോൾ മൂന്നാല് മാസം കൂടുമ്പോൾ ബാർബർ ഷോപ്പിൽ ഒന്നു വന്നാൽ ഭാഗ്യം. എന്ത് വില കൊടുത്തും തലമുടി സംരക്ഷിച്ചിരുന്ന സാംസൺ മറ്റൊരു കാര്യം ചെയ്തു. വില കൂടിയ ഒരു വിഗ് വാങ്ങി, അതും വച്ചാണ് എപ്പോഴും നടന്നിരുന്നത്. പക്ഷെ കുസൃതിപിള്ളേർക്കി തറിയാമായിരുന്നു. സാംസൺ അങ്കിൾ ഫുൾ മൊട്ടയാണെന്ന കാര്യവും അങ്കിളിൻ്റെ വട്ടപ്പേര് ‘മൊട്ട സാംസൺ’, ‘കഷണ്ടി സാംസൺ’ എന്നൊക്കെയാണെന്നതും ആ ഫ്ളാറ്റിലെ പരസ്യമായ രഹസ്യമായിരുന്നു. അതൊന്ന് അങ്കിളിനെ കൂടി നേരിട്ട് അറിയിക്കണമെന്ന് കരുതി ചങ്കുകളും ചങ്കത്തികളും നേരത്തെ ഗൂഢാലോചന നടത്തി ചെയ്തൊരു പരിപാടിയായിരുന്നു.
ഏതായാലും 1975-ലെ സാംസൻ്റെ ഒരു കിടിലൻ ഫോട്ടോ എടുത്ത് “OUR SAMSON UNCLE in 1975 – ഒരു ഫയൽ ചിത്രം.” എന്ന അടിക്കുറിപ്പോടെ ചാക്കോച്ചൻ ശ്രേയ റസിഡൻസ് ഫ്ലാറ്റ് മെസ്സേജ് ഓൺലി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട് പ്രശ്നം സോൾവ് ചെയ്തു.
അതുകഴിഞ്ഞ് തലമുടി മുഴുവൻ പച്ചയും ചുവപ്പും ബ്രൗണും ആക്കി നടക്കുന്ന ചങ്കുകളോടും ചങ്കത്തികളോടും ചാക്കോച്ചൻ പറഞ്ഞു. “മക്കളെ, വീണുകിടക്കുന്ന പഴുത്തിലയെ നോക്കി പച്ചില ചിരിക്കുന്നത് പോലെയാണ് നിങ്ങളുടെയൊക്കെ ഈ ചിരി. കളിയാക്കലുകളും ചിരിയും ഇരട്ടപ്പേര് ഇടലും ഒന്നും വല്ലാതങ്ങ് വേണ്ട. നാളെ നിങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെ ആണെന്ന് ഓർമ്മ ഉണ്ടായാൽ നന്ന്.”
നമുക്കും വയസ്സ് ആകുകയും മുടിയും പല്ലും ഒക്കെ കൊഴിയുകയും ചെയ്യുമല്ലേ എന്ന കാര്യം ചാക്കോച്ചൻ അങ്കിൾ പറഞ്ഞപ്പോഴാണ് അവർക്കും തിരിച്ചറിവ് ഉണ്ടായത്.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.