ഈ കടവ് എൻ്റെ അമ്മ.
അമ്മയുടെ മടിയിലിരുന്ന് ഞാൻ
അനുഭവങ്ങളുടെ നെല്ലിക്ക നുണയുന്നു.
കയ്പും മധുരവും.
ആയുസ്സിൻ്റെ മരത്തിൽ
നിന്ന്, എറിഞ്ഞു തിർത്ത
നെല്ലിക്കകളുടെ കയ്പും മധുരവും
പേടിച്ചരണ്ട ബാല്യം;
ചളിയങ്കോട് കടവിൽ
ചകിതനായി നിന്ന്
വിതുമ്പിയ ബാല്യം.
അമ്മൂമ്മ പറഞ്ഞു:
“കടവുകൾ ഇനിയെത്രയോ
താണ്ടാനിരിക്കുന്നു കുഞ്ഞേ “
അത് തീരങ്ങളിലേക്കുള്ള
പൊട്ടൻ്റെ കടത്തു തോണിയായിരുന്നു.
പൊട്ടൻ്റെ തോണി
ചന്ദ്രഗിരിപ്പുഴയുടെ ഓളങ്ങളെ
കീറിമുറിച്ച് ആശ്വാസ തീരത്തേക്ക്
ആളുകളെ കടത്തിക്കൊണ്ടിരുന്നു.
മൊഴിഞ്ഞില്ലങ്കിലും മൊഴി കേട്ടില്ലങ്കിലും
ജീവിതത്തിൻ്റെ കനലുകൾ
പൊരുളൂകൾ ഏറ്റുവാങ്ങി
തോണിക്കാരൻ കടന്നു പോയി.
ഈ കടവ്
എൻ്റെ അമ്മ
അമ്മയുടെ മടിയിൽ
ഞാനിരിക്കുന്നു ഒറ്റയ്ക്ക്
നെല്ലിക്കയുടെ ഇളം മധുരം;
നിനവുകളുടെ ഇത്തിരിവെട്ടം.
- എ. ബെണ്ടിച്ചാൽ