തിരകളെ ചുoബിച്ച്
തീരങ്ങളൊക്കെയും
അലയതിൽ ചേരുന്നു
ലാസ്യമോടെ
കലിപൂണ്ടൊരാഴിതൻ
കുതിരുന്ന തീരത്ത്
കദനങ്ങളേറുന്നു
കുടിലുകളിൽ
പുലിമുട്ടു മേലെയായ്
അലിവറ്റ തിരമാല
അലറി കുതിക്കുന്നു
മലതുല്യമായ്
ചരടറ്റ യാനങ്ങൾ
ഗതിയറ്റ പ്രേതമായ്
അലയുന്നിതാഴിയിൽ
ഭ്രാന്തമോടെ
കടലമ്മ കാത്തതാം
കടലിൻ്റെ മക്കളോ
കനിവിൻ കരങ്ങളെ
കൂപ്പിടുന്നു
തിരമാലയെത്തിച്ച
കടലാമ പൂഴിയിൽ
വെടികൊണ്ട പന്നിപോൽ
പാഞ്ഞിടുന്നു
കരയുന്ന മക്കളേ
കഥ ചൊല്ലിയേകീട്ട്
കലിപൂണ്ടൊരാഴിയേ
കാത്തിരിപ്പൂ
കൺകണ്ട മൂർത്തിയാം
കണവനോ പോയിട്ട്
മൂന്നാലുനാളായി
തമ്പുരാനേ
കുടലിൽ നിറച്ചിടാൻ
കൂടിലാകെശൂന്യമാ
ഉണരുന്ന കുട്ടികൾ –
ക്കെന്തുനീട്ടും
കനിവുള്ള ദൈവമേ
കൃപതോന്നിയെങ്ങളെ
മുകളേക്കെടുക്കണേ
ചടുലമായീ
അലയാഴി തീരങ്ങൾ
വിജനങ്ങളാകുന്നു
കടലമ്മ ഭ്രാന്തിയായ്
തുള്ളിടുന്നൂ
ഇരുളിൻ മറവിലായ്
അലയടിച്ചീടുന്നു
അലസനാം നായതൻ
ദീർഘനാദം
മനമെന്ന കോവിലിൽ
ഭയമെത്തി മൂർത്തിയായ്
കുളിരിഴഞ്ഞേറുന്നു
പൂമേനിയിൽ
കരിന്തിരി കത്തിയ
കരിവിളക്കറ്റുപോയ്
ഇരുളിൻ്റെ തോഴരായ്
തീർന്നുരാവിൽ
– ജോൺസൺ എഴുമറ്റൂർ