കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്, I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ വീടിൻറെ അഡ്രസ്സിൽ എഴുതിയിരിക്കുന്ന ഒരു വാക്ക് ഐ.ഡി. കാർഡിൽ നിന്ന് വ്യത്യസ്തമായിട്ടാണ് എഴുതിയിരിക്കുന്നത്.
എങ്ങനെ ടോൾ പാസ് കൊടുക്കാതെ ഇരിക്കാം എന്ന് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് അവിടത്തെ ഉദ്യോഗസ്ഥന്മാർ. മുരളിക്ക് ആണെങ്കിൽ ഇത് കിട്ടിയേ തീരൂ. കാരണം ജോലിയുടെ ഭാഗമായി മാസത്തിൽ പത്ത് പ്രാവശ്യമെങ്കിലും അങ്ങോട്ടുമിങ്ങോട്ടും പോകണം. എപ്പോഴും വണ്ടി നിർത്തി ഈ പൈസ ഒടുക്കാൻ പറ്റില്ല. മാത്രമല്ല കൊടുക്കാൻ തുടങ്ങിയാൽ അത് ഭീമമായ ഒരു തുകയും ആകും. അപ്പോഴാണ് രാവുണ്ണി മുരളിയുടെ സഹായത്തിന് എത്തിയത്.
“ഒരു കവറിൽ ഒരു തുക ഇട്ട് നീ തിങ്കളാഴ്ച രാവിലെ പോയി ഞാൻ പറയുന്ന ആ ഉദ്യോഗസ്ഥനെ കണ്ടാൽ മതി. ഞാൻ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്.” എന്ന് രാവുണ്ണി. മുരളി കവറുമായി കൃത്യസമയത്ത് ഓഫീസിൽ എത്തി ഉദ്യോഗസ്ഥനെ കാത്തുനിന്നു. മറ്റുചിലരും ഇദ്ദേഹത്തെ കാത്ത് അവിടെ നിൽപ്പുണ്ട്. 11 മണിയായപ്പോൾ ഉദ്യോഗസ്ഥൻ വന്നു. ദൂരെ നിന്ന് തന്നെ എല്ലാവരും ഇദ്ദേഹത്തെ കാണുമ്പോൾ എഴുന്നേറ്റുനിന്ന് വലിയ ബഹുമാനം ഒക്കെ കാണിക്കുന്നുണ്ട്. അയാൾ കൈ കൊണ്ട് തിരിച്ച് വരവ് വച്ചതുപോലെ ആംഗ്യം കാണിച്ച് നേരെ വന്ന് സീറ്റിലിരുന്നു. മുരളി തന്നെ ആദ്യം കയറി. കവർ അദ്ദേഹം കാണത്തക്കവിധത്തിൽ മേശപ്പുറത്തു വച്ചു. രാവുണ്ണി ചേട്ടൻ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു.
“ങ്ഹാ, ഒരു സ്പെല്ലിങ് പ്രശ്നം അല്ലേ, അത് ശരിയാക്കി തരാം. ഒരു മൂന്നു ദിവസം കഴിഞ്ഞു വന്നാൽ മതി”. ഇത് കേട്ടയുടനെ മുരളി സന്തോഷത്തോടെ പുറത്തിറങ്ങി പോയി.
മൂന്നുദിവസം കഴിഞ്ഞ് കൃത്യസമയത്ത് പാസ് വാങ്ങാനെത്തി. 11:00 വരെ കാത്തു നിന്നപ്പോൾ ഉണ്ട് ആ സീറ്റിലേക്ക് മറ്റൊരു ഉദ്യോഗസ്ഥൻ നടന്നുവരുന്നു. ഇതെന്ത് കഥ!! മുരളി ഉടനെ രാവുണ്ണിയെ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സ്വിച്ച് ഓഫ്. ക്യാന്റീനിൽ പോയി വിവരം അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത് ആ സാർ അന്ന് വിരമിക്കുക യായിരുന്നു. അന്ന് രാത്രി ഇന്ന സ്ഥലത്ത് കൂടാം എന്നാണ് എല്ലാവരോടുമായി ആംഗ്യഭാഷയിൽ അദ്ദേഹം പറഞ്ഞിരുന്നത്. കവർ കൊടുത്ത കാര്യം ആരോടെങ്കിലും മിണ്ടാൻ പറ്റുമോ? ആ ഉദ്യോഗസ്ഥൻ കാസർകോട്ടുകാരൻ ആയിരുന്നു. അന്ന് വൈകുന്നേരം പാർട്ടി കഴിഞ്ഞ് എല്ലാവരും കൂടി ഗംഭീരയാത്രയയപ്പ് ഒക്കെ കൊടുത്ത് അദ്ദേഹത്തെ അവിടെ കൊണ്ട് ചെന്ന് ആക്കി ബാക്കി സഹപ്രവർത്തകരൊക്കെ ഇന്ന് തിരിച്ച് എത്തിയതേയുള്ളൂ എന്ന്. കാൻറീൻനിലെ സ്റ്റാഫ് മുരളിയോട് പറഞ്ഞു. മുരളി രാവുണ്ണിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ ഫോൺ പിന്നീട് ശബ്ദിച്ചില്ല. മുരളി പലയിടത്തും രാവുണ്ണിയെ അന്വേഷിച്ചു. കുഴിച്ചിട്ട പോലെ ആളെ കാണാനില്ല.
മൂന്നുമാസം കഴിഞ്ഞപ്പോഴുണ്ട് തല മൊട്ടയടിച്ച് മഞ്ഞൾ ഒക്കെ തേച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്നു രാവുണ്ണി. “ഞാൻ പലരുടെ കയ്യിൽ നിന്നും കമ്മീഷൻ വാങ്ങിയിരുന്നു. പൈസ കൊടുത്തു എന്നും പറഞ്ഞു ആർക്കും പോലീസിൽ പരാതി കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവർ എല്ലാവരും ഒത്തുചേർന്ന് എന്നെ കൈകാര്യം ചെയ്യാൻ ഒരു ദിവസം നിശ്ചയിക്കുന്നത് ആയി ഞാനറിഞ്ഞു. അങ്ങനെയാണ് ഭാര്യയോട് മാത്രം പറഞ്ഞ് ഞാൻ പഴനിയിൽ പോയി തലമുണ്ഡനം ചെയ്തു അവിടെ ഒളിച്ചു താമസിക്കുകയായിരുന്നു. നിനക്ക് അത്രയൊന്നും വേണ്ടി വന്നില്ലല്ലോ? ഈ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരെയൊക്കെ ഒരു സർപ്രൈസിലൂടെയാണ് വിരമിക്കുന്ന വിവരമറിയിച്ചതത്രേ. ആ പഹയൻ അന്ന് റിട്ടയർ ചെയ്യുകയാണെന്ന് ഞാൻ അറിഞ്ഞില്ല. എനിക്കും ഒരുപാട് നഷ്ടങ്ങൾ വന്നു. സാരമില്ല ഇപ്പോഴത്തെ ആളെ ഒന്നുകൂടെ നീ ഒരു കവറുമായി പോയി കാണ്. 45 വയസ്സ് ആയിട്ടുള്ളൂ ഇങ്ങേർക്ക്. ഇത്തവണ ഞാൻ ശരിക്ക് അന്വേഷിച്ചിട്ടുണ്ട്.ഇനി അബദ്ധം പറ്റില്ല. നീ എന്നോട് ക്ഷമിക്കു” എന്ന് പറഞ്ഞു.
കാര്യം കാണാൻ കഴുതക്കാല് പിടിക്കുക തന്നെ. മുരളി പുതിയ കവറുമായി പുറപ്പെട്ടു. മുരളിക്ക് എല്ലാ ആശംസകളും!!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.