കാലൻ വർക്കി അറക്കാൻ ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന പോത്ത് ഒരുനിമിഷത്തെ അശ്രദ്ധ കാരണം കയറുപൊട്ടിച്ചോടുന്നു. ഇവിടം മുതലാണ് ഒരുകുടിയേറ്റ കർഷക മലയോര ഗ്രാമത്തിൻ്റെ അന്തരീക്ഷത്തിൽ, അക്ഷരാർത്ഥത്തിൽ “ജല്ലിക്കട്ട് ” ആരംഭിക്കുന്നത്. അവനാ ഗ്രാമത്തെ ഇളക്കി മറിയ്ക്കുന്നു. വിളറിപിടിച്ച ജനക്കൂട്ടം അവൻ്റെ പിന്നിൽ കുതിച്ചു പാഞ്ഞു. റബ്ബർ തോട്ടവും പള്ളിപ്പറമ്പും പുരയിടങ്ങളും തകർത്തുകൊണ്ടാവൻ മുന്നേറി. കയറുപൊട്ടിച്ചു പോയ പോത്ത് വരുത്തിവെക്കുന്ന നാശനഷ്ടത്തിൻ്റെ പൂർണ്ണഉത്തരവാദിത്വം തനിക്കായിരിക്കും എന്നറിയാവുന്ന വർക്കി ആദ്യം ചെന്ന് വിളിക്കുന്നത് പ്രഭാകരനെയാണ്. “നക്സൽ പ്രഭാകരൻ”…ഒറ്റകാഴ്ചയിൽ അറിയാം അയാളൊരു പേടിത്തൊണ്ടനാണെന്ന്. അയാള് തന്നെ അറിയാതെ ആരൊക്കയോ “നക്സൽ” ആക്കിയ ഒരു പ്രഭാകരൻ. ജപ്തി നോട്ടീസ് പതിക്കാൻ വന്ന ബാങ്ക് ജീവനക്കാരോട് അയാൾ ചോദിക്കുന്നുണ്ട് “നക്സൽ പ്രഭാകരനോടാ കളി” എന്ന്. അയാൾക്ക് തന്നെ വലിയ ഉറപ്പില്ല….എന്നാലും ഒരു ശ്രമം. അതേൽക്കുന്നുമില്ല.
ഒരുതരത്തിൽ ചിന്തിക്കുമ്പോൾ ദുഷിച്ച ഭരണവ്യവസ്ഥയെ ചോദ്യം ചെയ്യുന്നവനാണ് പോത്ത്. കവലയിലിറങ്ങി അവൻ ഒരു ചെങ്കൊടി നാട്ടിയ കൊടിമരം കുത്തിമലർത്തി ആ ചെങ്കൊടിയുമായി ഓടി മറയുന്നതു കാണാം. അധികാര രാഷ്ട്രീയത്തിനായി ആശയത്തിൽ വെള്ളം ചേർക്കുന്നവരോട് അവന് സമരസപ്പെടാൻ കഴിയുന്നുണ്ടാവില്ല….ആരോട് പ്രതിഷേധിക്കണം എന്നറിയാതെ സഖാക്കൾ ഒരു നിമിഷം ആശയക്കുഴപ്പത്തിലാവുന്നു . പക്ഷെ അത്യാവശ്യസമയങ്ങളിൽ ഉപകരിക്കുന്നവനാണ് കാലൻ വർക്കി. [ഫണ്ട് രൂപീകരണം ] അതിലുമപ്പുറം ഇറച്ചിക്കടയിൽ അയാൾ സഖാക്കളെ അധികനേരം കാത്തു നിൽപ്പിക്കാറില്ല….സ്വാഭാവികമായും ശത്രുസ്ഥാനത്ത് വരാൻ പോത്ത് തന്നെയാണ് യോഗ്യൻ.
അധികാരവും അതിൻ്റെ ദുഷിച്ച മേൽക്കോയ്മയും നിലനിർത്താൻ ഭരണവർഗത്തിനെപ്പോഴും ഒരു പൊതുശത്രു അനിവാര്യമാണ്. അപ്രതീക്ഷിതമായി ഒത്തുവന്ന അവസരം ഒരു സുവർണ്ണാവസരമാക്കി മാറ്റാൻ അവർ തീരുമാനിക്കുന്നു. അവരാണ് പോത്തിന് പിന്നാലെ കുത്തിക്കുന്നവർ, അതിൽ സാധാരണക്കാരന് പങ്കെടുക്കാതെ വയ്യ. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും പങ്കാളിത്തം അതൊരു വിഷയംതന്നെയാണ്.കാലൻ വർക്കിയുടെ ജോലിക്കാരൻ ആന്റണി….അവനയാണ് കയറുപൊട്ടിച്ചുപോയ പോത്ത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ആന്റണിയുടെ നിലനില്പിനെ. അങ്ങനെ പ്രത്യേകിച്ചൊരു ഇടമൊന്നുമില്ലാതിരുന്ന ആന്റണി ഒന്ന് ഇടമുണ്ടണ്ടാക്കി വരുന്ന സമയമാണിത്. പോത്തിനെ വീഴ്ത്താൻ ഒന്നുരണ്ടവസരങ്ങൾ അവൻ്റെ മുന്നിൽ വന്നതുമാണ്..പക്ഷെ വിജയിച്ചില്ല. ആളുകൾ കുട്ടച്ചനെ വരുത്താൻ തീരുമാനിക്കുന്നു. കുട്ടച്ചൻ ആന്റണിയുടെ ആജന്മശത്രുവുമാണ്. കുട്ടച്ചനെ ഈ നാട്ടിൽനിന്നും ഓടിച്ചതിൽ ആന്റണിക്കുള്ള പങ്ക് കുട്ടച്ചന് നന്നായിട്ടറിയാം. അതിനായാൾ ആന്റണിയോട് പകരംവീട്ടും. താനായിട്ടുണ്ടാക്കിയെടുത്ത ഇടം.. അത് വർക്കിയുടെ പെങ്ങൾ സോഫിയയുടെ മുന്നിലും നാട്ടിലും നഷ്ടപ്പെടുത്താതിരിക്കാൻ ആന്റണിക്ക് പോത്തിനെ വീഴ്ത്തിയെ പറ്റൂ.കിണറ്റിൽ വീണ പോത്തിനെ അതിനകത്തുവച്ചു കൊല്ലാം. പക്ഷെ ആന്റണിയുടെ ദുർവാശി അതിനു സമ്മതിക്കുന്നില്ല. അതിനെ ജീവനോടെ പിടിച്ചു കരയിൽകയറ്റി കൊല്ലണം…. ആ ദുർവാശിക്ക് ഇരയാവുന്നതോ ഒരു സാധാരണക്കാരനും.അവനാണ് രക്തസാക്ഷി…. ഇവിടെ പോത്തിനെ ജീവനോടെ തളച്ചാൽ അതിൻ്റെ നേട്ടം ആന്റണിക്ക് മാത്രമാണ്.അതറിയാവുന്നവർ തന്നെയാണ് ജീവവാൻ പണയംവെച്ചും ആ സാഹസത്തിനു മുതിർന്നു കിണറ്റിൽവീണ് രക്തസാക്ഷിയായതും.ഇപ്പൊ നഷ്ടപെട്ടത് അവനു മാത്രം. പോത്ത് പോത്തിൻ്റെ വഴിക്കും പോയി. അങ്ങനെ കുറേപ്പേർ ഉണ്ടായിരുന്നു.. ഇപ്പോഴും ഉണ്ട്… ഇനിയും ഉണ്ടാവും.
ജീവനുമായി ഓടുന്ന വഴി പോത്ത് പോളിൻ്റെ തൊടിയിൽ കയറുന്നുണ്ട്. അയാളെ സംബന്ധിച്ചെടുത്തോളം പോത്ത് ഒരുവിഷയമാവുന്നില്ല. അയാൾക്ക് നഷ്ടമൊന്നും വരുതാത്തിടത്തോളം, പോത്തും ഭൂമിയുടെ അവകാശിയാണെന്നും.. അതിനെ അതിൻ്റെ വഴിക്കു വിട്ടേക്കാനും പറയുന്ന പോൾ അടുത്ത നിമിഷം അതായത് അയാളുടെ തൊടിയിലെ വാഴയും കപ്പയും പോത്ത് നശിപ്പിക്കാൻ തുടങ്ങിയതോടെ അയാളുടെ തനി സ്വാഭാവം പുറത്തുകാണിക്കുന്നു. തെറി അന്തരീക്ഷത്തെ പങ്കിലമാക്കും എന്ന് പറഞ്ഞ അയാളുടെ തെറിവാക്കുകൾ കാലൻവർക്കിക്കുപോലും അസഹനീയമായിരുന്നു. ഒരു നാട് മുഴുവൻ കൂട്ടായി രക്ഷാപ്രവർത്തനം നടത്തുമ്പോള്‍ അതിലൊന്നും പങ്കെടുക്കാതെ തനിക്കുവന്ന നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന പോളിനെ നമുക്ക് കാണാം.അവന്‍ ജീവിച്ചു എന്നത് ലോകത്തിനൊരു ഗുണവും ഇല്ല. സ്വാര്‍ഥതയുടെ പ്രതിരൂപമാണ് പോള്‍.
പള്ളിവക ചന്ദനമരം മോഷിടിച്ചു വിറ്റത്തിനു ജയിലില്‍ പോയ കുട്ടച്ചന്‍ ഗ്രാമത്തില്‍ വിലക്കപ്പെട്ടവന്‍ ആണെങ്കിലും ഒരു പൊതുശത്രുവിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞതെല്ലാംമറക്കാന്‍ ആളുകള്‍ തയ്യാറാവുന്നു.കുട്ടച്ചന്‍ ഗ്രാമത്തിലെത്തുന്നു.അധികാര കേന്ദ്രങ്ങള്‍ എപ്പോഴും അനുസരണയുള്ള വലാട്ടിപ്പട്ടികളെ വളര്‍ത്തി വലുതാക്കും. കുട്ടച്ചന്‍ ഒരു വാലാട്ടിപ്പട്ടിയാണ്.ഇന്നത്തെയും പണ്ടത്തെയും വാലാട്ടിപ്പട്ടികളെപ്പോലെത്തന്നെ. പോത്തുവേട്ടയുടെ മറവില്‍ തൻ്റെ നിഗൂഡലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് അയാള്‍ അവിടെത്തുന്നത്. ഇത് അയാള്‍ക്കൊരവസരമാണ്.ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരവസരം.
ഇനിയൊരു പ്രധാന കഥാപാത്രം കുര്യച്ചനാണ്. സമ്പന്നനാണ്… കൈവിട്ടു ചിലവാക്കാത്തവനാണ്… കൃഷിയുടെ മർമ്മമറിഞ്ഞു കൃഷിചെയ്ത് നല്ലനിലയിൽ ജീവിക്കുന്നു.നാട്ടുകാരോട് വലിയ താത്പര്യമൊന്നുമില്ല അയാൾക്ക്…നാട്ടുകാർക്ക് തിരിച്ചും…..തരാം കിട്ടിയാൽ കുര്യച്ചാനിട്ടൊന്നു പണിയാം എന്നോർത്തിക്കുന്ന നാട്ടുകാരാണ് ചുറ്റിലും. സമ്പന്നതയുടെ സുഖലോലുപതയിൽ മദ്യത്തിലും ഭക്ഷണത്തിലും പൊങ്ങച്ചത്തിലും സുഖം കണ്ടെത്തി ജീവിക്കുന്ന ഒരാൾ.ഇവിടെ ഈ ലോകത്തിനെത്തു സംഭവിച്ചാലും തനിക്കൊന്നും സംഭവിക്കില്ല എന്ന് കരുതുന്ന നമ്മളിൽ
ആരെയൊക്കയോപോലെ…. ഒരു നാട് പടനയിച്ച മുന്നേറുമ്പോൾ കുര്യച്ചൻ ഒരു കോഴിയായി മാറിപ്പോവുന്നതു കാണാം.
അങ്ങാടിയിൽ ഒരു ചായക്കച്ചവടക്കാരനുണ്ട് അയ്യാളുടെ വിഷയം വിരണ്ടോടിയ പോത്തോ അത് തകർത്തെറിഞ്ഞ അയാളുടെ കടയോ അങ്ങാടിയോ ഒന്നും അല്ല. വർക്കി അടങ്ങുന്ന കുടിയേറ്റക്കാരുടെ പാരമ്പര്യമാണ്.പുറത്തുനിന്നു വന്നവർ വരത്തൻമാരാണ്.അവർക്കും കുടുംബമഹിമയോ തറവാടോ ചരിത്രവും ഒന്നുമില്ല.അഥവാ ഉണ്ടെങ്കിൽത്തന്നെ അത് പുറത്തുപറയാൻ പറ്റാത്ത എന്തെങ്കിലും ആയിരിക്കും. ഈ അസഹിഷ്ണുത അയാളുടെ കൂടപ്പിറപ്പാണ്…. അയാളിൽ ഒളിഞ്ഞിരിക്കുന്ന ഒരു കപട ദേശീയവാദിയെ സൂക്ഷിച്ചുനോക്കിയാൽ കാണാൻ പറ്റും.അയാളുടെ കുലം ഉന്നതമാണെന്നും ബാക്കി എല്ലാം അവരിൽ താഴ്ന്നവരാണെന്നുമുള്ള ബോധം.അയാളുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുത അത് വെളിപ്പെടുത്തുന്നുണ്ട്.
പൂമാലയിൽ നിന്നും വന്ന ഒരു സംഘമുണ്ട്…. യാതൊരു ഉത്തരവാദിത്ത്വവും ഇല്ലാതെ ലോകത്തിനു ഭാരമായി ജീവിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവർ സമൂഹത്തിലവൻ ദുരന്തങ്ങളാണ്. പോത്ത് കയറുപൊട്ടിച്ചോടുന്നു എന്നറിഞ്ഞ അവർക്ക് അതും ഒരാഘോഷമാണ്.മദ്യവും പടക്കങ്ങളുമായി എത്തുന്ന അവർ അതൊരാഘോഷമാക്കി മാറ്റുകയാണ്. പോത്ത് വർക്കിയുടെ മുതലാണെന്നവർക്കറിയാം… എന്നാലും അതിൻ്റെ പങ്കു പറ്റാൻ യാതൊരുളുപ്പുമില്ലാതെ വരുന്ന ഒരു യുവജനക്കൂട്ടം.ഒരു നാടിൻ്റെ ഏറ്റവും വലിയ ശാപം ഇവരെപ്പോലുള്ളവരാണ്.ആരാലും നിയന്ത്രിക്കാനാവാത്തവർ.ഓമനയുടെ വീട്ടിൽനിന്നും കുര്യച്ചനെ പിടിക്കുപിടിക്കുമ്പോൾ അവരുടെ കോഴിയെ പൂമാലക്കാർ എടുത്തോണ്ട് പോവുന്നത് കാണാം. പോത്ത് വീണുകിടക്കുന്ന കിണറിനു സമീപം ആളുകൾ ജീവൻമരണ പോരാട്ടം നടത്തുമ്പോൾ അവർ ആകോഴികളെ കൊന്നു കറിവെക്കുന്നതും മദ്യപിച്ചു പാട്ടു പാടുന്നതും കാണാം.
പള്ളിപ്പറമ്പിൽ എത്തിയ പോത്ത് അവിടത്തെ കൃഷിയും നശിപ്പിക്കുണ്ട്. പള്ളിവികാരിയും ഇടവകയിലെ തലമുതിർന്നവരും ആന്റണിക്കെതിരെ കുതിച്ചു ചാടുന്നുണ്ട്… പോത്തിനെ വെടിവെച്ചു കൊല്ലാത്തതിൽ പോലീസ്‌കാരോട് അരിശപ്പെടുന്നു…അതും കഴിഞ്ഞ വികാരി ഓഫീസിൽ കയറി നല്ല മൂന്ന്കിലോ പോത്തിറച്ചിക്കു വേറെ ഏതോ കടയിൽ വിളിച്ചേൽപ്പിക്കുന്നു.അതാണ് ലോകം.
കിണറ്റിൽ നിന്നും പുറത്തെത്തിയ പോത്ത് വീണ്ടും രക്ഷപെട്ടോടുന്നു.. ഇവിടം മുതൽ അവസാനംവരെ…പോത്തിൻ്റെ യും സിനിമയുടെയും…ഈ സമയം വരെ നമ്മൾ കണ്ട പോത്തിൻ്റെ പ്രതിച്ഛയായിൽ മാറ്റം വരുന്നതുപോലെ തോന്നുന്നു…കാരണം,ഇതൊരു ദാരുണാന്ത്യമാണ്….ഒരു ജനകീയ വിചാരണ പോലെ ഒന്ന്…ഒരു സമൂഹത്തിനു മുകളിൽ തൻ്റെ താൽപ്പര്യങ്ങൾ മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ലോകത്തിലെ മിക്ക സ്വേച്ഛാധിപതികളുടെയും അവസാനം ഇങ്ങനയൊക്കെ ആയിരുന്നു.ഇതുവരെ ഭരണകൂടം വേട്ടയാടിയിരുന്നു പോത്ത് എന്ന സങ്കല്പം സ്വയമേ ഒരു ഭരണാധികാരി ആവുന്നതുപോലെ……. ജനഹിതമറിയാതെ ഭരണം നടത്തുന്ന ഏതൊരു ഭരണാധികാരിയും അവസാനം നേരിടേണ്ടി വരുന്ന ദുരന്തം.അടിച്ചമർത്തപ്പെട്ടവൻ്റെ സ്വാതന്ത്ര്യബോധം…അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങൾ…അടക്കിവെച്ച കോപം…എല്ലാം അണപൊട്ടിയൊഴുകുന്ന വിപ്ലവത്തിൻ്റെ ദിവസം ജനക്കൂട്ടം വിധി നടപ്പിലാകും….അന്തിമവിധി.
ചതുപ്പിലിറങ്ങിയ പോത്തിന് മുകളിൽ ഒരുപാട് കുന്തങ്ങൾ തറച്ചു നിൽക്കുന്നുണ്ട്.പിന്നാലെ കുതിച്ച ആർക്കുവേണമെങ്കിലും അതിൻ്റെ അവകാശം ഉന്നയിക്കാം.ആദ്യം എത്തിച്ചേർന്ന ആന്റണി….അതിന്നു പിന്നാലെ പൂമാലക്കാർ….അതിനു പിന്നാലെ എത്തുന്ന എണ്ണമറ്റ ജനങ്ങൾ…ആർക്കും…അധികാരചിഹ്നത്തിനുമേൽ അന്തിമവിജയത്തിനായി പരസ്പരം പോരാടി ജനത ഒരു ചെളിക്കൂനയായി മാറുന്ന ഒരു കാലം…വിജയം..ചരിത്രത്തിൽ തൻ്റെ പേരു മാത്രം രേഖപ്പെടുത്താനുള്ള വെപ്രാളത്തിൽ തൻ്റെ കാലിനടിയിലൂടെ ചെളിയിലമർന്നുപോവുന്നവരെ കാണാനാവാത്ത തിമിരം ബാധിച്ച ജനക്കൂട്ടമായി നമ്മൾ മാറിപ്പോയി. അവനവനപ്പുറം വേറൊന്നിനും പ്രസക്തിയില്ലാത്ത
ഒരു സമൂഹത്തിൻ്റെ പിന്നിലേക്കുള്ള മുന്നേറ്റം……ശിലായുഗത്തിലേക്കോ, ഗോത്രകാലത്തിലേക്കോ ഉള്ള സാംസ്കാരിക പിൻനടത്തം.. അത് വളരെ സൂക്ഷ്മമായി ലിജോ അഭ്രപാളികളിൽ വരച്ചു വെച്ചിരിക്കുന്നു.
എല്ലാം എൻ്റെ തോന്നലുകൾ മാത്രമാണ്…….വിയോജിപ്പുകൾ ഉണ്ടാവാം….
– അമൽ കോയച്ചാട്ടിൽ