1. വിജയം
അടിവയറ് പൊരിയുന്നുണ്ടെങ്കിലും
അടിയറവ് വെയ്ക്കാത്തവന്
വിജയം സുനിശ്ചിതമത്രെ
2. ഇടപെടൽ
അവരുടെ കലഹം തീർക്കാൻ തങ്കപ്പൻ ഇടപ്പെട്ടു.
എന്നാൽ അവർ തങ്കപ്പനെ തീർത്തു
3. ആരോപണം
മുറിവിൽ തൊട്ടപ്പോൾ
മുറിവേറ്റവൻ വേദനയാൽ അലറുമ്പോൾ
ഭ്രാന്താണെന്ന് അവർ ആരോപിച്ചു
4. തോൽവി
ക്രിക്കറ്റിൽ സെഞ്ച്വറി നേടാതെ ഇന്ത്യ തോറ്റപ്പോൾ,
സെഞ്ച്വറി നേടി ഇന്ധന വില ഇന്ത്യയെ തോൽപിച്ചു.
5. മൗനസംഗീതം
അയാളുടെ മൗനത്തെ ദുർവ്യാഖ്യാനിച്ച്
കെണിയിലകപ്പെടുത്തിയ ശത്രുവിനോട്
ആയുധമാക്കിയത് മൗനം തന്നെയായിരുന്നു.
6. ബോധ്യപ്പെടുത്തൽ
അയാൾ സ്വന്തം ജീവിതത്തിൽ സംതൃപ്തനാണ് പക്ഷേ
മറ്റുള്ളവരേ ബോധ്യപ്പെടുത്തുവാനൊരുങ്ങുമ്പോൾ
നഷ്ടപ്പെടുന്നത് അയാൾ നേടിയെടുത്ത സമാധാനമത്രെ.
7. രൂപാന്തരം
എൻ്റെ ചിന്തകളുടെ അഗ്നിപർവ്വതത്തിൽ
നിന്നാണ് ഇന്നത്തെ ഞാൻ രൂപപ്പെട്ടത്
8. ഒരു ഓണനുണക്കഥ
പാതാളത്തിൽ നിന്ന് ചന്ദ്രനിലേക്ക് പോയ്
അവിടെ നിന്നാണെത്രെ ഈ തവണ
മാവേലി കേരളത്തിലേക്ക് വരുന്നത്.
ചന്ദ്രായാൻ 3 യിൽ ദൃശ്യം പതിഞ്ഞുവത്രെ.
9. മായാത്തകാലം
എത്ര കറുപ്പിച്ചിട്ടും
ആ നരയുടെ വെളുപ്പ്
ജ്വലിച്ച് നിന്നു.
10. അടിമ
എൻ്റെ സ്വപ്നമല്ല നിന്റേത്
നിൻ്റെ സ്വപ്നമല്ല എന്റേത്
നിൻ്റെ സ്വപ്നത്തിലേക്ക് എന്നെ
തളളിയിടുമ്പോൾ ഞാൻ നിൻ്റെ
അടിമ കുഴിയിൽ അകപ്പെടുന്നു
11. പറന്ന് പറന്ന് പറന്ന്
അറിവിൻ്റെ അഗാധ ങ്ങളിലേക്ക് കുതിക്കുമ്പോഴും
തിരിച്ചറിവിൻ്റെ ആകാശങ്ങളിലേക്ക്
പറക്കാൻ അയാൾ കൊതിച്ചു.
12. എഴുത്തുക്കാരൻ
എഴുതി എഴുതി എഴുത്തിൻ്റെ ദാഹം
തീരുന്നില്ലായെന്ന വ്യഥയായിരുന്നു അയാളിൽ
13. കുത്തിവെപ്പ്
കുത്തി തിരുപ്പിന് പ്രതിരോധ കുത്തി-
വെപ്പുണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു.
കുത്തിവെയ്ക്കാൻ കുത്തി ഇരുന്നപ്പോൾ .
14. വിശ്വാസം
എനിക്ക് നിന്നെ വിശ്വാസമാണെന്ന്
വീണ്ടും വീണ്ടും പറയുമ്പോൾ അതൊരു
വിശ്വാസ കുറവിൻ്റെ ലക്ഷണമാണെന്ന്
മനസ്സിലാക്കുവാൻ കാലങ്ങൾ വേണ്ടിവന്നു.
15. പകരം
നിറം വെളുപ്പെങ്കിലും
ഉപ്പിന് പകരം പഞ്ചസാരയും
പഞ്ചസാരക്ക് പകരം
ഉപ്പും ചേർക്കാനാകുമോ.
16. അയാൾ
അയാൾക്ക് ഇടം ഉണ്ട് തന്റേടം ഇല്ല
അറിവ് ഉണ്ട് തിരിച്ചറിവില്ല.
വക ഉണ്ട് വകതിരിവില്ല.
ആശ ഉണ്ട് നിരാശയിലാണ് .
17. തെറ്റുക്കാർ
നിയമത്തിൻ്റെ മുൻപിൽ ശരിയാണെങ്കിലും
നീതിയുടെ മുൻപിൽ അവർ തെറ്റുക്കാരായിരുന്നു.
18. അവസ്ഥ
ഗുഡ് നൈറ്റ് പറയുന്നിടത്ത് ഗുഡ് മോർണിങ്ങും,
ഗുഡ് മോർണിങ്ങ് പറയുന്നിടത്ത് ഗുഡ് നൈറ്റും
പറയുന്ന അവസ്ഥയിലാണ് അയാൾ
19. ഒന്നാമൻ
ബുദ്ധിമാനാകാനല്ലാ
നീതിമാനാകുവാൻ നോക്കി
ആയതിനാൽ ഒന്നാമനായില്ല.
20. കുറ്റക്കാരൻ
പണമില്ലാത്തവനെ
ഒരു കുറ്റം ചെയ്തവനായിട്ടാണ്
അവർ കണ്ടിരുന്നത്.
– ആന്റോ കവലക്കാട്ട്