പൊടുന്നനെ നിലയ്ക്കുന്ന
പെണ്ണാഴങ്ങളിലേയ്ക്ക്
വെറുതെയൊന്നൂളിയിട്ടാലറിയാം
അവളൊരായിരം തവണ
മരിക്കാതെ മരിച്ചവളാണെന്ന് .
ചിറകറ്റ പക്ഷിയെ പോലെ
കൂട്ടിലടയ്ക്കപ്പെടുന്നവളുടെ
ഉള്ളിലൊരു ചിത്രശലഭം
നിറഭേദങ്ങൾ തേടി പാറിപ്പറക്കുന്നുണ്ടാവും.
നാലുചുവരുകൾക്കുള്ളിലൊരാകാശം പീലി വിടർത്തും
പൊയ്പ്പോയ വസന്തകാലക്കുളിരത്രയും
നീരുറവ പോലുള്ളിൽ നുരഞ്ഞുയരും
ഒടുവിൽ, ഇനിയുമെന്തെന്ന
ചോദ്യത്തിൻ്റെ
കൊളുത്തിലവളൊരു
ഊഞ്ഞാല കെട്ടും
മഞ്ഞച്ച വെയിലിലേയ്ക്കവൾ
കാലുനീട്ടി നിശ്ചലം
കിടക്കുമ്പോൾ
അപ്പോഴും അറ്റുപോയിട്ടില്ലാത്ത
നോവുകളവളെ
കൊത്തിപ്പറിക്കുന്നുണ്ടാവും.
ഒറ്റപ്പെടുത്തലിൻ നിസ്സംഗതയിലും
കുറ്റപ്പെടുത്തലിൻ
തീച്ചൂളയിലും
വെന്തു നീറുമ്പോഴും
നാളെയെന്നൊരാശ
അവളിൽ തിരി നീട്ടും
കൂടെയുണ്ടെന്ന ചേർത്തു പിടിക്കലിനായ്
ഉള്ളം തുടിക്കും
അത്രയും മതിയത്രേ
ആകാശത്തോളം അവൾക്ക് പൂത്തുലയാൻ !
അതുപോലും നിഷേധിക്കപ്പെടുമ്പോഴാണല്ലോ
അവൾ സ്വയം
എരിഞ്ഞില്ലാതാവുന്നതും.
ജീവൻ്റെ അവസാന തുള്ളി
കണികയും നിലയ്ക്കും മുമ്പ്
ഇന്നലെയോളം കണ്ട
കിനാക്കളൊക്കെയും
ചാരനിറമാർന്ന്
വെള്ളിയാങ്കല്ലിനുമപ്പുറത്തേയ്ക്ക്
പറന്നേറുന്നത്
അവളുൾക്കണ്ണാൽ കാണുന്നുണ്ടാവുമോ?
– ജിഷ വേണുഗോപാൽ