അമ്മ പുമുഖത്തിരുന്നു പറഞ്ഞു,
“നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും.”
മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ്
തിരികെ മാളത്തിലേക്കു പോയി.
ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു
” തണുത്ത കാറ്റിൽ ആത്മാവ് പിടയും ”
അന്നു പാതി രാത്രിയിൽ ഒരു തവള ഉറക്കെ കരഞ്ഞു.
ആരും പുഷ്പങ്ങൾ മണത്തില്ല.
തേൻ ഇറ്റു വീണതുമില്ല.
ഉറുമ്പുകൾ എവിടേയോ പോയി.
ഒടുവിൽ ഗരുഡൻ വന്നു.
അമ്മയെ തൊട്ടു തലോടി.
അമ്മയുടെ കാലുകളിൽ കൊക്കുകൊണ്ട് ഉരുമി.
ചെവികളിൽ എന്തോ മന്ത്രിച്ചു.
പിന്നെ പറന്നുപോയി.
– അനിൽ വൈശാഖം