പോർബന്തറിൽ നിന്നും പോരിൻ്റെ നാഥനായ്
പാരിൽപിറന്ന മഹാമഹതേ
പാരിതോ നാഥനായ് അങ്ങേ നമിക്കുന്നു
പാഴതില്ലാത്ത നിൻ വാക്കുകൾക്കായ്
പാമര വർഗ്ഗത്തെ ചേർത്തു നീ ഓരത്ത്
പാഴ് പോലെറിഞ്ഞു നിൻ മേലുടുപ്പ്
പാദങ്ങളെത്താത്ത വേഷ്ടി ധരിച്ചുനീ
പാദം ചവിട്ടി ഈ ഭാരതത്തിൽ
പാണ്ഡിത്യമേറിയ വാക്കുകളോതി നീ
പാവമാം മർത്യർക്കു ജ്യോതിസ്സായി
പുത്തൻ പ്രമാണിയാം ആംഗല ശക്തിയേ
പൂമ്പാറ്റപോലെ പറപ്പിച്ചിടാൻ
പരജീവി സ്നേഹം അഹിംസയും ധർമ്മവും
പരലോക മർത്യരിൽ കുത്തിവച്ചൂ
പലരായ മർത്യനെ കരലാളനം ചെയ്ത്
വലുതായ ഭാരതം കൈവരിച്ചൂ
പാണ്ഡവ ശക്തി പോൽ പ്രാപ്തരാം ആംഗലർ
പാതിര നേരത്തു നാടുവിട്ടൂ
പാറിപറക്കുന്ന മൂവർണ്ണമാം കൊടി
പുത്തൻ പ്രഭാതത്തിൽ അങ്ങുനട്ടു
പാരയാം ശത്രുക്കളേറിയ തുപ്പാക്കി
പാവനമായ നിൻ ചോര വീഴ്ത്തി
പാരതിൽ മർത്യൻ വസിച്ചിടും നാൾ വരെ
പാലിച്ചിടും ബഹുകാലമെല്ലാം
പുഞ്ചിരി തൂകുന്ന മൊഞ്ചുള്ള നിൻ മുഖം
പല്ലറ്റമോണയേ കാട്ടിടുന്നൂ
പത്തലും കണ്ണടേം വേറിട്ടു നിർത്തുന്നു
പത്തരമാറ്റോടെ ലോകമെങ്ങും
പത്താം മാസത്തിൽ രണ്ടാം ദിനത്തിലോ
പാരിൽ പിറന്നനാൾ ഓർക്കുമെങ്ങൾ
പാരിൽ പരക്കുന്ന മർത്യർക്കിതേകുന്നു
ഗാന്ധിജയന്തിതൻ ആശംസകൾ
– ജോൺസൺ എഴുമറ്റൂർ