ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വാട്സാപ്പ് മെസ്സേജ് ആണിത്. വാർദ്ധക്യ സഹജമായ ഓർമ്മക്കുറവും നടക്കാൻ ബുദ്ധിമുട്ടും ഉള്ള 82 വയസ്സായ ഭർത്താവിന് ഒരു ദിവസം പെട്ടെന്ന് ഫിറ്റ്‌സ് വന്നതിനെത്തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫോൺ ചെയ്തു പറഞ്ഞു. ഞൊടിയിടയിൽ അവിടുന്ന് ആംബുലൻസ് എത്തി രോഗിയെയും ഭാര്യയേയും കൊണ്ടുപോയി അദ്ദേഹത്തെ എല്ലാ ടെസ്റ്റുകൾക്കും വിധേയനാക്കി. കൊവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചതിനെ തുടർന്ന് കോവിഡ് ഐസിയു ബെഡ്റൂമിൽ അഡ്മിഷൻ കൊടുത്തു. അവർ പറഞ്ഞ ഭീമമായ തുക അപ്പോൾ തന്നെ കൗണ്ടറിൽ അടച്ചു. വേണ്ടിവന്നാൽ വെൻറിലേറ്ററിലേക്ക് മാറ്റാൻ ഉള്ള സമ്മതപത്രവും ഭാര്യയുടെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങി. കോവിഡിന്റെ യാതൊരു ലക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എല്ലാം കൂടി കണ്ടിട്ട് ഒരു പന്തികേട് തോന്നിയപ്പോൾ ഭാര്യ തൻറെ സഹോദരനെ വിവരം അറിയിച്ചു. സഹോദരൻ അപ്പോൾ തന്നെ അവിടെയെത്തി ആ ആശുപത്രിയിൽ നിന്ന് തൻറെ സ്വന്തം റിസ്കിൽ ഇദ്ദേഹത്തിൻറെ ഡിസ്ചാർജ് വാങ്ങി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്തപ്പോൾ റിസൾട്ട് നെഗറ്റീവ്. വെറും രണ്ട് ദിവസത്തെ മരുന്നുകൊണ്ട് അസുഖം മാറി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി.
ഇതെന്ത് പകൽകൊള്ളയാണ്? ഒരു രോഗിയുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നത് എത്ര വലിയ പാപമാണ്? ഇതിലും എത്രയോ ഭേദമാണ് മോഷണവും പിടിച്ചു പറിയും.
ഇതിനു സമാനമായ ഒരു അനുഭവം എൻറെ ഫ്ലാറ്റിലെ തുണി തേപ്പുകാരൻ എന്നോട് പങ്കുവയ്ക്കുകയുണ്ടായി. പേര് മുരുകൻ. ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഠിനാധ്വാനം ചെയ്തു കേരളത്തിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ. കുടുംബം തിരുനെൽവേലിയിൽ.ടെക്നോപാർക്കിന് അടുത്തുള്ള ഫ്ലാറ്റുകളാണ് മുരുകന്റെ ജോലിസ്ഥലം. ഓരോ ഫ്ലാറ്റിനും മുരുകൻ ഓരോ ദിവസം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ആ ദിവസങ്ങളിൽ ഫ്ലാറ്റ്നിവാസികൾ തേയ്ക്കാനുള്ള തുണി കൃത്യമായി വീടിനുപുറത്ത് ബിഗ്ഷോപ്പർ ബാഗുകളിൽ ആക്കി വയ്ക്കും. മുരുകൻ ചെന്ന് അത് എടുത്തുകൊണ്ടുപോയി തേപ്പുവണ്ടിയിൽ ഇട്ട് ഭംഗിയായി തേച്ച് തിരികെ അതാത് ഫ്ലാറ്റിനു മുമ്പിൽ തന്നെ കൊണ്ടു വയ്ക്കും. മിക്കവാറും വീടുകളിലും മാസശമ്പളം ആണ് മുരുകന്. മാസത്തിൽ ഒന്നോ രണ്ടോ തവണ സമ്പാദ്യവുമായി തിരുനെൽവേലിയിലേക്ക് പോയി ഭാര്യയോടും മക്കളോടും ഒപ്പം താമസിച്ച് തിരികെ പോരും. ചെറിയ വാടകയുള്ള ഒരു ലോഡ്ജിലാണ് താമസം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഫ്ലാറ്റിൽ ആ വീട്ടിലെ കുടുംബനാഥൻ വിദേശത്ത് പോവുകയാണ് അവരുടെ സ്കൂട്ടർ വിൽക്കാൻ പോകുന്നു എന്ന് അറിഞ്ഞത്. 2014ലെ ആ സ്കൂട്ടർ കയ്യോടെ മുരുകൻ വാങ്ങി ഗഡു ഗഡുവായി അയ്യായിരമോ പതിനായിരമോ മുരുകന്റെ കയ്യിൽ ഉള്ളപോലെ അവരുടെ ഭാര്യയെ ഏൽപ്പിക്കും. ഓടിക്കാൻ പഠിച്ച് ലൈസൻസും എടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സ്കൂട്ടർ ഓടിക്കുമ്പോൾ ചെറിയൊരു മിസ്സിംഗ് പോലെ തോന്നി. ഫ്രീ സർവീസ് ഒക്കെ കഴിഞ്ഞിരുന്നു എന്നാലും അധികം ഓടിയിട്ടില്ലാത്ത ആ സ്കൂട്ടർ സാധാരണ വർക്ഷോപ്പിൽ കാണിക്കാൻ പാടില്ലല്ലോ? ഉടനെ സർവീസ് സെൻററിനെ സമീപിച്ചു. സ്ഥാപനത്തിൻറെ പേരും വണ്ടി ഉത്പാദിപ്പിച്ച കമ്പനിയുടെ പേരും പ്രിൻറ് ചെയ്ത യൂണിഫോമിട്ട ആൾ പ്രത്യക്ഷപ്പെട്ടു. വണ്ടിയുടെ കംപ്ലൈൻറ് ചോദിച്ചു മനസ്സിലാക്കി നമ്പറും എഴുതി എടുത്ത് ഒരു രശീതിയും കൊടുത്ത് ശരിയാകുമ്പോൾ ഫോൺ വിളിക്കാം എന്ന് പറഞ്ഞു വിട്ടു. പിറ്റേദിവസം മുരുകനെ തേടി ആ ഫോൺകോൾ എത്തി. ചില നിസ്സാര കുഴപ്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതെല്ലാം ഞങ്ങൾ പരിഹരിച്ചു. പക്ഷേ ഈ സ്കൂട്ടറിന്റെ കാർബറേറ്റർ മാറിയേ പറ്റൂ അതിന് 4000 രൂപ ചെലവ് വരും നിങ്ങൾ ആയതുകൊണ്ട് വിളിച്ചു ചോദിച്ചതാണ് എന്ന് പ്രത്യേകം പറഞ്ഞു. കേട്ടതും മുരുകൻ പറഞ്ഞു.
“അയ്യോ! വേണ്ട കാർബറേറ്റർ മാറ്റേണ്ട. ഞാൻ വന്ന് അത് എടുത്തോണ്ട് പൊക്കോളാം” എന്ന്. ഒന്നാമത് മക്കൾക്ക് സ്കൂൾ തുറക്കുന്നുവെന്നും പറഞ്ഞ് സകല ഫ്ലാറ്റുകാരോടും കടം വാങ്ങിയിരിക്കുകയാണ്. അത് വേലയെടുത്ത് വീട്ടണം. അതിനു പുറമെ രണ്ടു കുഞ്ഞുങ്ങൾക്കും പനി, മഴക്കാലജന്യരോഗങ്ങൾ…..
എല്ലാംകൂടി നക്ഷത്രമെണ്ണി ഇരിക്കുന്ന സമയത്താണ് അടുത്ത ഇരുട്ടടി പോലെ സ്കൂട്ടറിന്റെ കാർബറേറ്റർ മാറ്റണമെന്ന് പറയുന്നത്. സ്കൂട്ടർ സ്വന്തമായി കിട്ടിയപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. അതിൻറെ ഫോട്ടോയൊക്കെ എടുത്ത് മക്കൾക്കും ഭാര്യക്കും അയച്ചു കൊടുത്ത് അടുത്തുതന്നെ അപ്പാ സ്കൂട്ടറിൽ തിരുനെൽവേലിയിലെ ത്തുമെന്നും നമ്മൾ എല്ലാവരും കൂടി ഇനി സ്കൂട്ടറിൽ ആണ് സിനിമയ്ക്കു പോവുക എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ച്, കേരളത്തിൽനിന്ന് അവരുടെ അപ്പ സ്കൂട്ടറിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു മക്കളും ഭാര്യയും.അപ്പോഴാണ് ഈ വാർത്ത. അടുത്ത ദിവസം തന്നെ മുരുകൻ സർവീസ് സെൻററിൽ പോയി സ്കൂട്ടർ തിരികെ കൊണ്ടുവന്ന് ലോഡ്ജിന്റെ ചായ്പ്പിൽ വച്ചു. ദിവസങ്ങൾ കടന്നുപോയി. എന്താ ഊരുക്കു പോയില്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ആണ് മുരുകൻ ഈ വിവരം പങ്കുവച്ചത്. കഴുത്തിൽ ഐ. ഡി കാർഡും യൂണിഫോമും ഒന്നുമില്ലാത്ത ഒരു മേസ്തിരി നടത്തുന്ന ചെറിയൊരു വർക്ഷോപ്പിൽ ആ സുഹൃത്തിന്റെ നിർദേശ പ്രകാരം സ്കൂട്ടർ കൊണ്ട് കൊടുത്തു. ഒരു രണ്ടു മണിക്കൂർ നേരം കൊണ്ട് വൃദ്ധനായ ആ പഴയ മേസ്തിരി 400 രൂപയിൽ താഴെ വാങ്ങി സ്കൂട്ടർ നന്നാക്കി കയ്യിൽ കൊടുത്തു. കാർബറേറ്റർ മാറ്റണമെന്നും ചുരുങ്ങിയത് 4000 രൂപ ആകും എന്നാണല്ലോ സർവീസ് സെൻറർകാരൻ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ മേസ്തിരി പറഞ്ഞത് ഇപ്പോഴുള്ള കുട്ടികൾക്ക് ഒന്നും തീരെ ക്ഷമയില്ല. പിന്നെ അതാത് വർഷം ഇറങ്ങുന്ന സ്കൂട്ടറുകളുടെ എല്ലാ സ്പെയർപാർട്സുകളും സർവീസ് സെൻറർകാർ തന്നെ വരുത്തി വച്ചിട്ടുണ്ട്. അതിനു കച്ചവടം ഉണ്ടാക്കണ്ടേ അതിനാണ് ചെറിയ കംപ്ലൈൻറ് ആയി കൊണ്ടുവരുന്ന വണ്ടികളുടെ സ്പെയർപാർട്സ് തന്നെ മാറ്റി വലിയൊരു ബില്ലും കൊടുത്ത് അവരെ പറഞ്ഞയക്കുന്നത് എന്ന്. മേസ്തിരിയും സുഹൃത്തും കൊടുത്ത ധൈര്യത്തിൽ മുരുകൻ ആ ആഴ്ച തിരുനെൽവേലിയിലേക്ക് സ്കൂട്ടറിൽ തന്നെ പോയി തിരികെ വന്നു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ബിരുദവും ഒന്നുമില്ലെങ്കിലും പ്രായോഗിക ബുദ്ധിയിൽ ചിലപ്പോൾ നമ്മുടെ സാധാരണ വർക്ക് ഷോപ്പ് മേസ്തിരിമാർ പല കാര്യങ്ങളിലും ഇവരേക്കാൾ ഒരുപടി മുന്നിൽ അല്ലേ എന്ന് പലപ്പോഴും സംശയിച്ചുപോകും.
മനുഷ്യൻറെ കാര്യമായാലും വാഹനങ്ങളുടെ കാര്യമായാലും റിപ്പയർ ചെയ്യേണ്ടിവരുമ്പോൾ വിദഗ്ധ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിൽ പ്രയോഗക്ഷമതയുടെ മിശ്രിതം ഉണ്ടാകണമെന്ന് നിർബന്ധമില്ല.
ജീവിതം ഒരു രണഭൂമി തന്നെ. കുഴിബോംബുകൾ എവിടെയും ഉണ്ടാകാം. ഓരോ ചുവടും കരുതലോടെ മാത്രം മുന്നോട്ടു വയ്ക്കുക. കാശ് ഉള്ളവരുടെ കയ്യിൽ നിന്നും നിങ്ങൾ ഇഷ്ടംപോലെ പിഴിഞ്ഞുകൊള്ളൂ! പക്ഷേ മുരുകനെ പോലെ ഉള്ള അത്തപ്പാടികളെയും രോഗികളെയും എങ്കിലും വെറുതെ വിട്ടുകൂടെ? ചിന്തനീയം!!
- മേരി ജോസി മലയിൽ, തിരുവനന്തപുരം.