മാനത്തിലരുണൻ നിൽക്കുന്നിതാ…!
നിർദ്ദോഷിയാം ഭൂമിയോട് കോപിഷ്ടനായി.
അനുസരണക്കേടുള്ള മക്കളോട്…
വദനം കറുപ്പിക്കുമച്ഛനെപ്പോൽ…!
വെന്ത്പൊള്ളുന്നീ തരിശ്ശുഭൂവിൽ,
വറ്റിവെടിച്ചുവരണ്ട പാരിൽ,
ദാഹിച്ചവശനായ് പാറുന്നിതാ….
കാക്കക്കറുമ്പൻ മുറിവാലൻ….!
പോകേണമിന്നിവനെത്ര കാതം?
അലയേണമീക്കണ്ണുകളെത്രദൂരം?
ഇത്തിരി ദാഹജലത്തിനായി…!
അതിനായി മാത്രമീ ജീവിതമോ?
കണ്ണിലിരുട്ട് മൂടിത്തുടങ്ങി,
ചിറകുകൾ തളർന്നവശനായി,
വാടിക്കൊഴിഞ്ഞു താഴോട്ടുവീണു…
ഭൂമിയിൽ പതിക്കുന്നൊരുൽക്കയെപ്പോൽ..!
പുലരിയിൽ പെയ്തൊരു ചാറ്റൽമഴ,
നീലച്ചെറു ബക്കറ്റിൽ കെട്ടിനിന്നു .
ആ ബക്കറ്റിൽ ചെന്നുവീണുവല്ലോ…!
കാക്കക്കറുമ്പൻ മുറിവാലൻ…
ബോധം തെളിഞ്ഞ കറുമ്പൻ കാക്ക,
ആമോദത്തോടെ ത്രസിച്ചുനിന്നു.
ഒരു കവിൾ വെള്ളം കുടിച്ചിറക്കി,
ആവോളമാവെള്ളം നോക്കിനിന്നു.
കഴുത്തോളമുള്ള തെളിഞ്ഞവെള്ളം,
മുങ്ങിനിവർന്നു, കറുമ്പൻകാക്ക.
മാലോകരൊക്കെയും നോക്കിനിന്നു,
നീന്തുന്നൊരീ മത്സ്യകന്യകനെ…!
കൂട്ടരേ കൂടി വിളിപ്പതിനായ്,
തിരികെമടങ്ങി കറുമ്പൻ കാക്ക…
തിരിച്ചുവന്നപ്പോളാ കാഴ്ച്ചകണ്ട്,
ഞെട്ടിത്തരിച്ചു കറുമ്പന്മാരാറുപേർ…!
കമിഴ്ന്നുക്കിടപ്പതാ നീലബക്കറ്റ്,
തെളിനീരലിഞ്ഞൂ പൂഴിമണ്ണിൽ,
നീചരാം മാനവർ പൊട്ടിച്ചിരിച്ചു,
കാക്കകളെ നോക്കിയീവിധം ചൊല്ലി…!
“ഇവറ്റകളെ കൊണ്ട് ശല്ല്യമായി..
കാക്കക്കുളി കണ്ട് പോകുന്നവർക്ക്
മാർഗ്ഗതടസ്സം വഴിമധ്യേ…
കാക്കക്കുളി കണ്ടാൽ ദുശ്ശകുനം….!”
പോകേണം വീണ്ടുമീയെത്ര കാതം?
അലയേണമിതുപോലെ എത്ര ദൂരം?
ഇത്തിരി ദാഹജലത്തിനായി…!
അതിനായി മാത്രമീ ജീവിതമോ?
രാഹുൽ.എം.എസ്