സ്ഥിരമായിട്ടുള്ള വ്യായാമം ആരോഗ്യപൂർണ്ണമായ ജീവിതം പ്രദാനം ചെയ്യുമെന്നു മാത്രമല്ല നമ്മുടെ ദീർഘായുസ്സിനും നല്ലതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയിൽ നല്ലൊരു വിഭാഗം ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ്.
രാവിലെ അഞ്ചരമണിക്ക് തന്നെ ശ്രുതി ഫ്ലാറ്റ് ഉണരും. സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഫ്ലാറ്റിന് ചുറ്റും മോർണിംഗ് വാക്ക് തുടങ്ങും. ജോലിത്തിരക്കുള്ള ആൾക്കാർ വൈകുന്നേരം ആയിരിക്കും വ്യായാമത്തിനായി തിരഞ്ഞെടുക്കുക. ഈ രണ്ടു കൂട്ടർക്കും നൂറുകൂട്ടം നിർദ്ദേശങ്ങളും ഉപദേശങ്ങളും നല്കനായി 74 കാരനായ ഡൊമിനിക് ചേട്ടൻ അവിടെ ഹാജർ ഉണ്ടാകും. ചേട്ടൻ പഴയ ഒരു സ്പോർട്സ് താരവും വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഒന്നാംസ്ഥാനം വാങ്ങിയ ആളും ഒക്കെയായിരുന്നു. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്ത് പ്രശ്നം ആരുപറഞ്ഞാലും അതിനുള്ള ഒറ്റ പ്രതിവിധിയേ ഉള്ളൂ. വ്യായാമം!! അത് കുറെയൊക്കെ ശരിയാണ് താനും. ശരിയായ ആഹാരക്രമവും വ്യായാമവും ഉണ്ടെങ്കിൽ ഒരു പരിധിവരെ എല്ലാ അസുഖങ്ങളെയും നമുക്ക് പടിക്കുപുറത്ത് നിർത്താം. പക്ഷേ ഇത് മൂത്ത് മൂത്ത് ഡൊമിനിക് ചേട്ടനെ കാണുമ്പോൾ തന്നെ ആൾക്കാർ ഓടും എന്ന അവസ്ഥയായി. വൈകുന്നേരം ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ പാർക്കിൽ കളിക്കുന്ന കുട്ടികൾ ഒക്കെ പറയും. “അങ്കിൾ, ദയവുചെയ്ത് ഉപദേശം തുടങ്ങരുത്. കളിക്കാൻ അമ്മ ആകെ കുറച്ചു സമയമേ അനുവദിച്ചിട്ടുള്ളൂ. എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ട്. വെയിൽ കൊള്ളുന്നത് കൊണ്ട് ഇഷ്ടംപോലെ വൈറ്റമിൻ ഡി എനിക്ക് ഉണ്ട്. വേണമെങ്കിൽ പുറത്ത് വിൽക്കാനുള്ളതു പോലുമുണ്ട്. നന്നായി വ്യായാമം ചെയ്യുന്നുണ്ട്.”
“പോടാ, പോടാ പോയി തരക്കാരോട് പറ. കളി കഴിഞ്ഞെങ്കിൽ വീട്ടിൽ പോയി എണ്ണം കൊടുക്കടാ” എന്നും പറഞ്ഞ് അങ്കിൾ വാക്കിംഗ് സ്റ്റിക്കും ആയി ആഞ്ഞു നടക്കും. ആരെയെങ്കിലും ഉപദേശിക്കാൻ കിട്ടിയില്ലെങ്കിൽ പുള്ളിക്ക് അന്നത്തെ ഉറക്കം സുഖം ആകില്ല എന്ന ഒരു നിലയാണ്.
അങ്ങനെയിരിക്കുമ്പോഴാണ് അങ്കിളിന് ഒരു പുതിയ ഇരയെ വീണുകിട്ടിയത്. 7 ബി യിൽ പുതിയ താമസക്കാർ എത്തി. എല്ലാവർക്കും അമിതവണ്ണം ഉണ്ട്. ഭാര്യയും ഭർത്താവും രണ്ട് ആൺമക്കളും ഒക്കെ അമിതവണ്ണക്കാർ തന്നെ. രണ്ടാഴ്ച നിരന്തരം ഉപദേശിച്ച് രണ്ട് ആൺമക്കളും ജിമ്മിൽ പോകാൻ തുടങ്ങി. ഭർത്താവിൻ്റെയും ഭക്ഷണക്രമം ഒക്കെ നിയന്ത്രിച്ച് വ്യായാമം ചെയ്യിപ്പിച്ച് ഒരുവിധം ശരിയാക്കി. പക്ഷേ ഇവരുടെ അമ്മ, ഒരു രക്ഷയുമില്ല. തടി ഉണ്ടെന്ന് മാത്രമല്ല നമ്മുടെ ലാലേട്ടനെ പോലെ ഒരു ചരിവുമുണ്ട്. ഡൊമിനിക് അങ്കിളിൻ്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു.അഞ്ച് ലിറ്റർ വെള്ളം നിറച്ച പിടിയോടു കൂടിയ ഒരു ക്യാൻ വലതു കൈയിൽ പിടിച്ച് രണ്ടുനേരം നടക്കുകയാണ് പാവം. ഒരുമാസത്തിനകം തടിയും ചരിവും മാറ്റി തരാം എന്നാണ് ഡൊമിനിക് അങ്കിളിൻ്റെ വെല്ലുവിളി.
അങ്കിളിൻ്റെ ഫ്ലാറ്റിനടുത്ത വീട്ടിലെ 12 വയസ്സുള്ള ആൺകുട്ടിക്ക് തൈറോയ്ഡ് സംബന്ധമായ ഒരു സർജറിക്ക് എറണാകുളം ‘ആസ്റ്റർസിറ്റിയിൽ’ അഡ്മിറ്റ് ആയി എന്ന് അറിഞ്ഞ ഉടനെ അങ്കിൾ അങ്ങോട്ട് പാഞ്ഞു. അവരെ ഉപദേശിച്ച് സർജറി മൂന്ന് മാസത്തേക്ക് മാറ്റി വപ്പിച്ചു. അതിന് നല്ലൊരു വ്യായാമമുറ ഉണ്ടത്രേ. കഴുത്ത് മുകളിലേക്കും താഴെയ്ക്കും മണിക്കൂറിൽ പത്ത് പ്രാവശ്യം വെച്ച് പൊക്കുകയും താഴ്ത്തുകയും ചെയ്യുക. മുഴ വലിഞ്ഞു അപ്രത്യക്ഷം ആയിക്കോളും എന്ന്.
ആയിടക്കാണ് ഒരു ഫ്ലാറ്റിലെ തിരുവനന്തപുരത്ത് എൻജിനീയറിങ്ങിന് പഠിക്കാൻ പോയിരുന്ന പെൺകുട്ടി മഞ്ഞപ്പിത്തം ബാധിച്ച് വീട്ടിൽ തിരികെയെത്തിയത്. മഞ്ഞപ്പിത്തത്തിന് അലോപ്പതിയിൽ മരുന്നില്ല. രണ്ടാഴ്ച പരിപൂർണ വിശ്രമമാണ് ഡോക്ടർ പറഞ്ഞത്. ആ കുട്ടിക്കും കട്ടിലിൽ കിടന്നു ചെയ്യേണ്ട ചില വ്യായാമമുറകൾ ഒക്കെ പറഞ്ഞു കൊടുക്കാൻ പതിവുപോലെ അങ്കിൾ പറന്നെത്തി. പിന്നെ പിന്നെ ഇദ്ദേഹം ഒരു കോമാളി കഥാപാത്രമായി ആ ഫ്ലാറ്റിൽ എല്ലാവർക്കും.
എട്ടൊമ്പത് തവണ ലൂസ് മോഷൻ വന്ന് ഡോക്ടറെ കാണാൻ ഓടുന്ന പയ്യനോട് “നീ എവിടെയും പോകണ്ട, ഞാൻ ഒരു എക്സർസൈസ് പറഞ്ഞു തരാം എന്ന് അങ്കിൾ പറഞ്ഞപ്പോൾ സെക്യൂരിറ്റി പറഞ്ഞത്, “ചേട്ടാ വേഗം ഡോക്ടറുടെ അടുത്തേക്ക് ഓടിക്കോ, ഇവിടെയൊക്കെ വൃത്തികേടാക്കാൻ നിൽക്കല്ലേ എന്നാണ്.” അതുപോലെ ഇടയ്ക്കിടെ ഡയാലിസിസിന് പോകുന്ന രോഗിയോട് ഞാൻ മൂന്നുമാസംകൊണ്ട് വ്യായാമം ചെയ്യിപ്പിച്ച് ഇത് മാറ്റി തരാം എന്ന് പറഞ്ഞു നോക്കിയെങ്കിലും കതിരിന്മേൽ കൊണ്ട് വളം വച്ചിട്ട് കാര്യം ഇല്ല എന്നും പറഞ്ഞു അസുഖം വരാതെ നോക്കേണ്ടതായിരുന്നു ഇനി ഇപ്പോൾ വന്നതിൻ്റെ ബാക്കി നോക്കട്ടെ എന്നും പറഞ്ഞു ഡൊമിനിക് ചേട്ടനെ ചെവിക്കൊണ്ടില്ല.
വ്യായാമം ചെയ്യുന്നത് ഹൃദയത്തിനും മസ്തിഷ്കത്തിനും ആരോഗ്യത്തിന് നല്ലതും ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിക്കുകയും രോഗങ്ങൾ പിടിപെടുന്നത് കുറയുകയും ചെയ്യുമെന്നുള്ളതു തർക്കമില്ലാത്ത കാര്യം തന്നെ. പക്ഷേ അത് വിചാരിച്ച് ഊർദ്ധവായു വലിച്ചുകിടക്കുന്നവനോടും വ്യായാമം ചെയ്യൂ എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? അതുപോലെ ചില പാരമ്പര്യരോഗങ്ങൾ, കിഡ്നി സംബന്ധമായ അസുഖങ്ങൾ…. …..അതിനൊക്കെ വിദഗ്ധ ചികിത്സ നേടിയ മതിയാകൂ. എല്ലാത്തിനും ഉള്ള ഒറ്റമൂലി അല്ല വ്യായാമം എന്ന് ഡൊമിനിക് അങ്കിളിന് ഈയിടെ നന്നായി മനസ്സിലായി.
ഫ്ലാറ്റിൽ പുതിയതായി യുവദമ്പതികൾ താമസത്തിന് എത്തി. രണ്ടുമാസം കഴിഞ്ഞപ്പോൾ ആ ഫ്ളാറ്റിൽ നിന്ന് സന്ധ്യയ്ക്കും അസമയത്തും ഒക്കെ വലിയ ബഹളം കേട്ട് തുടങ്ങി. പകൽസമയം രണ്ടുപേരും ഓഫീസിൽ പോകുന്നതുകൊണ്ട് അനക്കം ഒന്നും ഇല്ല. ഇതരഫ്ലാറ്റ് നിവാസികളും സെക്യൂരിറ്റിയും ഒക്കെ ഇത് ശ്രദ്ധിച്ച് ‘പൂച്ചും പൂച്ചും’ ഓരോന്ന് പറയാൻ തുടങ്ങി. കുടുംബവഴക്കാണ് എന്ന് താമസിയാതെ ഒരാൾ കണ്ടുപിടിച്ചു. ആ വിവരം പരസ്പരം കൈമാറി എല്ലാവരും അറിഞ്ഞു. ബാക്കിയുള്ളവരുടെ സ്വൈര്യജീവിതം ഇല്ലാതായി തുടങ്ങി. “ആര് ചോദിക്കും ഇതിവരോട്, ചെറുപ്പക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ഞങ്ങൾ വാങ്ങിയ ഫ്ലാറ്റിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും എന്നൊക്കെ മുഖത്തടിച്ചതു പോലെ ന്യൂ ജീസ് പറഞ്ഞാൽ നമ്മൾ ചമ്മില്ലേ? ” എന്നൊക്കെ ആലോചിച്ചു പ്രസിഡണ്ടും സെക്രട്ടറിയും കൂടി തലപുകച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫ്ലാറ്റിലെ കുട്ടിപ്പട്ടാളം ഒരു ഐഡിയ പറഞ്ഞത്. കേട്ടപ്പോൾ അത് തരക്കേടില്ല എന്ന് മുതിർന്നവർക്കും തോന്നി. എല്ലാവരും കൂടി എല്ലാറ്റിനും ഒറ്റമൂലി കൽപ്പിക്കുന്ന ഡൊമിനിക് അങ്കിളിനെ തന്നെ ഈ ജോലിയും ഏൽപ്പിച്ചു.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മാനസിക അവസ്ഥ മെച്ചപ്പെടുത്താനും, ഉൽക്കണ്ഠ കുറയ്ക്കാനും അതിലൂടെ ആത്മവിശ്വാസം ഉയർത്താനും വിഷമങ്ങളിൽ നിന്നും മനസ്സിനെ അകറ്റി നിർത്താനും കഴിയും. ‘യോഗ’ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇതെന്തേ എന്നോട് നേരത്തെ പറയാതിരുന്നത് എന്ന് ചോദിച്ച് ഡൊമിനിക് അങ്കിൾ പരിഭവിച്ചു. ഇത് ഞാൻ ഇപ്പോ ശരിയാക്കി തരാം. നിസ്സാരം! ഇതാണോ ഇത്ര വലിയ ഒരു കാര്യം എന്നും ചോദിച്ച് ഡൊമിനിക് അങ്കിൾ അപ്പോൾ തന്നെ യുവമിഥുനങ്ങളുടെ വീട്ടിൽ പോയി.
റിസൾട്ട് അറിയാൻ ഫ്ലാറ്റ് നിവാസികൾ കാത്തിരുന്നു. പക്ഷേ അന്നുമുതൽ ഡൊമിനിക് അങ്കിൾ അപ്രത്യക്ഷമായി. ഇതെന്തുപറ്റിയെന്ന് എല്ലാവരും അന്വേഷണമായി ഒരാഴ്ച എല്ലാവരും പരസ്പരം പറഞ്ഞിരുന്നതല്ലാതെ ആരും കാര്യമായ അന്വേഷണമൊന്നും നടത്തിയില്ല. നാട്ടിലോ മറ്റോ വല്ല അത്യാവശ്യത്തിനും പോയതായിരിക്കും എന്ന് കരുതി. ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസിഡൻറും സെക്രട്ടറിയും കൂടി ഡൊമിനിക് അങ്കിളിൻ്റെ ഫ്ലാറ്റിൽ ചെന്ന് കോളിംഗ് ബെല്ലിൽ വിരലമർത്തി. കഴുത്തിൽ കോളർ ഇട്ട് വന്നു അങ്കിൾ കതകു തുറന്നു. ഇത് കണ്ട് ഞെട്ടിയ രണ്ടുപേരോടും അങ്കിൾ പറഞ്ഞു. “എനിക്ക് കഴുത്തിൽ രണ്ട് കശേരുക്കൾക്ക് ക്ഷതം പറ്റി. അതുകൊണ്ട് കോളർ ഇട്ടിരിക്കുകയാണ് എന്ന്.
“അല്ല, അങ്കിൾ ആ യുവദമ്പതികളെ ഉപദേശിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പോയതല്ലേ, പിന്നെ കണ്ടില്ല. അതുകൊണ്ട് അന്വേഷിച്ചു വന്നതാണെന്ന്.” പറഞ്ഞു. അപ്പോൾ ഡൊമിനിക് അങ്കിളിൻ്റെ മറുപടി ഇതായിരുന്നു. “അവർ ചെറുപ്പക്കാരല്ലേ , അവർക്ക് നമ്മുടെ ഒന്നും ഉപദേശത്തിൻ്റെ യാതൊരു ആവശ്യവുമില്ല. രണ്ടുപേരും കരാട്ടെ അഭ്യസിച്ചവരായിരുന്നു. ഞാൻ ഉപദേശിക്കാൻ ചെന്നത് രണ്ടുപേരുടെയും ഗുസ്തിക്ക് ഇടയിലേക്കായിരുന്നു. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം.” എന്ന്
ആദ്യത്തെ ചമ്മൽ ഒക്കെ മാറി ഡൊമിനിക് അങ്കിൾ കഴുത്തിൽ കോളറും ഇട്ട് ഇപ്പോൾ പാർക്കിൽ വൈകുന്നേരം കുട്ടികളുടെ കളി കാണാൻ വന്നിരിക്കുമ്പോൾ അവരൊക്കെ ഉപദേശവുമായി എത്താറുണ്ട്. ”ഒടിഞ്ഞ പിടലി ഒട്ടിച്ചു ചേർക്കാൻ ചില പുതിയ വ്യായാമമുറകൾ കാണിച്ചു തരട്ടേ, അങ്കിൾ, കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിച്ച് മുകളിലോട്ടും താഴോട്ടും നോക്കിയാൽ പെടലി ശരിയാകും എന്നും പറഞ്ഞ്”.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.