മാറാല മൂടിയ ജഗത്തിൽ
തപ്പിനടക്കും ജനതേ,
കണ്ണും കാതും തുറന്നീടുക,
നാവൊന്നനക്കീടുവാൻ.
ന്യായവും നീതിയും
സുഖനിദ്രയിലാണ്ടുപോയ്
നേരമ്പോക്കായ് നിയമങ്ങൾ.
ലഹരിക്കടിമയാകുന്നു,
മുകുളമാം ബാല്യം
വിടരാമലരുകളുതിർന്നു
വീഴുന്നൂഴിയിൽ.
ലോകമാം ദർപ്പണത്തിൽ
കാണ്മതെല്ലാം
യാഥാർത്ഥ്യമോ മിഥ്യയോ?
മാതൃ ഹൃദയമേ
കുളിരേകും നിൻ
മടിത്തട്ടൊരു കനൽക്കട്ടയോ?
അമ്മയെന്ന വാക്കിന്നർത്ഥ –
മെന്തെന്നു ചൊല്ലാമോ?
പൊയ്മുഖങ്ങൾ കണ്ടുമടുത്തു
സ്നേഹത്തിൻ പൊരുളറിയാതായ്.
കഷ്ടം കഷ്ടം
കഷ്ടമീ ജീവിതം
വ്യർത്ഥമായീടുമോ?
എങ്കിലും പ്രതീക്ഷിപ്പതുണ്ടു ഞാൻ.
ആഴിതൻ തിരമാലകളാൽ
തീരത്തെ ശുദ്ധി ചെയ്തിടുംപോൽ,
പുതുലോകം കാണ്മതിന്നായ്
കജ്ജളം പറ്റിയ ഹൃത്തിനെ
പ്രകാശപൂരിതമാക്കീടാം.
സാഹോദര്യത്തിൻ
പൂക്കൾ വിടരാനായ്
സ്നേഹത്തിൻ വാടിക
തീർത്തീടാം.
വർണ്ണ നൂലുകളാൽ നാം
ഊടും പാവും തീർത്ത്
സൗഹൃദ കമ്പളം നെയ്തീടാം.
– കോമളം പരമേശ്വരൻ പാലക്കാട്