ലിഫ്റ്റ് ഇല്ലാത്ത ഒരു ഫ്ലാറ്റിൽ നടന്ന സംഭവമാണിത്. ‘ശ്രീവിലാസ്’ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ ഒരു അധ്യാപകനും കുടുംബവുമാണ് താമസം. 84 വയസ്സുള്ള മാഷും ഭാര്യയും ആണ് അവിടത്തെ കുടുംബാംഗങ്ങൾ. മക്കൾ രണ്ട് പെൺകുട്ടികൾ യഥാക്രമം കുവൈറ്റിലും ബാംഗ്ലൂരും ആണ്. സ്കൂളിൽ നിന്ന് വിരമിച്ച്, വീട്ടിലിരിക്കുന്ന മാഷിനെ എല്ലാവർക്കും കാര്യമാണ്. ബാക്കി ഫ്ലാറ്റ് താമസക്കാർ ഒക്കെ വളരെ അനുഭാവപൂർവ്വമാണ് ഇവരോട് പെരുമാറുന്നത്.
മാഷ് ഒരു മുൻകോപിയാണെങ്കിലും വിദ്യ എന്ന വലിയ ഒരു ആയുധം അദ്ദേഹത്തിന് കൈമുതലായി ഉണ്ടല്ലോ. അതുകൊണ്ട് ഇതര ഫ്ലാറ്റുകാർ അതൊക്കെ സമ്മതിച്ചു കൊടുക്കാറുണ്ട്. മൂന്നാലു മാസം മുമ്പ് മാഷ് ഒന്നു വീണ് കാലൊടിഞ്ഞു. ഇതര ഫ്ലാറ്റുകാരുടെ സഹായത്തോടെ വീൽചെയർ കൊണ്ടുവന്ന് ബാൽക്കണിയിലൂടെ കെട്ടിയിറക്കി ആശുപത്രിയിലെത്തിച്ചു. പ്ലാസ്റ്റർ ഇട്ടശേഷം അതുപോലെ തന്നെ തിരിച്ചും കയറ്റിയിരുന്നു.
അപ്പോഴാണ് നമ്മുടെ കൊറോണയുടെ വരവ്. അവിടെ ജോലി ചെയ്യുന്ന സ്ത്രീ പോലീസുകാരോട് തർക്കിച്ചു. “ഇന്ന് ഹോം നഴ്സുമാരെ കടത്തിവിടാൻ ഡിജിപി പറഞ്ഞിട്ടുണ്ടല്ലോ”. എന്നൊക്കെ പറഞ്ഞു ഒരു വിധം നടന്നു കഷ്ടപ്പെട്ടു മാഷിൻ്റെ വീട്ടിലെത്തി. മൂന്നാലു ദിവസം വന്നിരുന്നില്ല. കാളിങ് ബെല്ലടിച്ചിട്ട് മാഷിൻ്റെ വീട്ടിൽ നിന്ന് ഒരു അനക്കവുമില്ല. നേരെ മുമ്പിലുള്ള ഫ്ലാറ്റുകാരോട് അന്വേഷിച്ചപ്പോൾ അവർക്കും യാതൊരു വിവരവുമില്ല. ജനത കർഫ്യൂ പ്രഖ്യാപിച്ചതിൽ പിന്നെ ഞാനവരെ കണ്ടിട്ടില്ലെന്ന് തൊട്ടടുത്ത ഫ്ലാറ്റുകാരി. അതോടെ ജോലിക്കാരി ഉച്ചത്തിൽ ഡോറിൽ കൊട്ട് തുടങ്ങി. കൊട്ടും ബഹളവും കേട്ട് അവിടത്തെ എല്ലാ വീട്ടുകാരും മാഷിൻ്റെ വീടിനുമുമ്പിൽ കൂട്ടംകൂടി നിന്നു.എല്ലാവരും പലതരത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു. പലരും ഡോർ മണത്തുനോക്കി. യാതൊരു പ്രശ്നവുമില്ല മാത്രവുമല്ല എന്തോ കറിയുടെ മണവും വരുന്നുണ്ട്. എല്ലാവർക്കും ആശ്വാസമായി. കൊട്ട് അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ മാഷ് ഡോർ തുറന്നു. ഫ്ലാറ്റിനു മുമ്പിൽ കുറച്ച് ആളുകൾ കൂടിയിട്ടുണ്ട്. ഡോർ തുറന്നതും മാഷ് ഗർജിച്ചു. “നിങ്ങൾക്കൊന്നും വിവരവും വെള്ളിയുമില്ലേ ? നിങ്ങളാരും ടിവിയും പത്രവും കാണുന്നില്ലേ? എന്തിനാണ് ഇവിടെ കൂട്ടം കൂടി നിൽക്കുന്നത്? അതും പറഞ്ഞു വേലക്കാരിയുടെ ചെവി പിടിച്ച് 4 കറക്ക്. “നീ എന്തിനിവിടെ വന്നു? കൊറോണ വന്നാൽ വയസ്സായവരെയാണത് ആദ്യം കയറിപ്പിടിക്കുന്നത് എന്നറിയില്ലേ ? നിങ്ങൾ എൻ്റെ ഡോറിൻ്റെ എവിടെയൊക്കെ സ്പർശിച്ചു? എന്നും പറഞ്ഞ് അകത്തു പോയി മാസ്ക് ധരിച്ച് സാനിടൈസർ കൊണ്ട് വന്ന് ഡോർ മുഴുവനും തുടച്ചു. “ഇനിയും ഇവിടെ കൂട്ടംകൂടി നിന്നാൽ ഞാൻ പോലീസിനെ വിളിക്കും. “ എന്ന്.
വേലക്കാരി ചെവി തിരുമ്മി കരഞ്ഞുകൊണ്ടു പുറത്തേക്ക് പോയി. “എനിക്കിത് കിട്ടണം.ബസ് ഇല്ലാതെ കഷ്ടപ്പെട്ട് നടന്ന് പോലീസുകാരുടെ കാലുപിടിച്ചാണ് ഞാൻ വന്നത്.”
“ഇനിയും കിളവൻ ഉരുണ്ടു വീഴും. അപ്പോൾ വീൽചെയറിൽ ബാൽക്കണിയിൽ നിന്നും കെട്ടി ഇറക്കാൻ ഞങ്ങളുടെ പട്ടി വരും” എന്നും പറഞ്ഞ് ഇതര ഫ്ലാറ്റുകരും മടങ്ങി.
മാഷ് ഫ്ലാറ്റിൻ്റെ സെക്രട്ടറിയെ ഫോണിൽ വിളിച്ച് പറഞ്ഞു. ‘ജനതാ കർഫ്യൂ പ്രഖ്യാപിച്ച അന്നുതന്നെ സാനിടൈസർ, മാസ്ക്, അരി, ചെറുപയർ അങ്ങനെ അത്യാവശ്യം ഉള്ള എല്ലാ സാധനങ്ങളും ഇവിടെയുള്ള പയ്യനെകൊണ്ട് ഞാൻ വാങ്ങിപ്പിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരുംകൂടി പരസ്പരം സഹായിച്ചു വീട്ടുജോലികൾ തീർക്കും.ചുമർ ഉണ്ടെങ്കിലല്ലേ ചിത്രം എഴുതാൻ പറ്റുകയുള്ളൂ. അതുകൊണ്ട് സദ്യയൊക്കെ ഇത് കഴിഞ്ഞ് ഉണ്ണാമെന്ന് വെച്ചു. അതല്ലേ ശരി എൻ്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ? “ എന്ന്.
“യാതൊരു തെറ്റുമില്ല. മാഷ് ചെയ്തതാണ് ശരി.”എന്ന് പറഞ്ഞു സെക്രട്ടറി. ഈ വിവരം സെക്രട്ടറി മറ്റു ഫ്ലാറ്റുകാരെ വിളിച്ചറിയിച്ചു.
എല്ലാവരും സാനിടൈസറും മാസ്ക്കും വാങ്ങി. മുഖ്യമന്ത്രിയും പോലീസും ആരോഗ്യമന്ത്രിയും നമുക്കുവേണ്ടി കഷ്ടപ്പെടുമ്പോൾ നമ്മൾ ഇത്രയെങ്കിലും ചെയ്തു സഹകരിക്കേണ്ട എന്ന് അപ്പോഴാണ് അവർ ഓർത്തത്. ഓരോരുത്തരായി മാഷിനെ ഫോൺ ചെയ്ത് അവരുടെ കണ്ണുകൾ തുറപ്പിച്ചതിന് നന്ദി പറഞ്ഞു.
– മേരി ജോസി മലയിൽ, തിരുവനന്തപുരം