നിങ്ങൾ വന്നതും
ഞങ്ങൾ വന്നതും
ഒരു വഴിയെ
നിങ്ങൾ പോകുന്നതും
ഞങ്ങൾ പോകുന്നതും
ഒരേ ദിക്കിൽ
ഒരു നാണയത്തിൻ്റെ ഇരുവശം പോൽ
നിങ്ങൾ ആരാധിക്കുന്നതും
ഞങ്ങൾ ആരാധിക്കുന്നതും ക്രിസ്തു ദേവനെ …..!
പിന്നെ, എന്തിനാണ് മായാജാലം കാട്ടി
ഞങ്ങളെ വശീകരിച്ചു
നിങ്ങളിൽ കൂട്ടുന്നത് ?
നിങ്ങളാണ് സത്യമെന്നും
ഞങ്ങളാണ് അസത്യമെന്നും
ചെണ്ടകൊട്ടി ഗ്രാമങ്ങളിലും,
പട്ടണങ്ങളിലും വിളംബരം ഒഴുക്കുന്നവരെ
പാപത്തിൻ്റെ വേരുകൾ ചുറ്റിപ്പടരുന്നത്
നിങ്ങളിലോ അതോ ഞങ്ങളിലോ ?
ഞങ്ങളിൽ മാമോദീസ മുങ്ങിയും
ഞങ്ങളിലെ ബൈബിൾ വചനങ്ങൾ
പഠിച്ചു കൊടി ഗോപുരം നിർമ്മിച്ചും
തിരുനാൾ കിരീടം അണിഞ്ഞും
യേശു കടാക്ഷം ലഭിച്ചോർ
ഇന്ന് പിശാചിൻ്റെ ഉന്മാദത്തിൽ
മുക്കിലും മൂലയിലുമായി
ഞങ്ങളുടെ വിശ്വാസ
വചനങ്ങളെ വൃണപ്പെടുത്തുന്നോര
ക്രിസ്തു ദേവൻ നിങ്ങളോട് ക്ഷമിക്കട്ടെ !
- കുഞ്ഞച്ചൻ മത്തായി