പൂർവ്വാദി കാലത്ത്
പൂമേനി ചൂടുവാൻ
പാളകൾ ചേർത്തുള്ള
കൂരയാർന്നു
മൂന്നാലുപാളകൾ
ചേർത്തങ്ങുതുന്നീട്ട്
നേരേമടക്കിയാൽ
ചൂടുപാള
പാടത്തിറങ്ങിടാൻ
ഞാറൊന്നുനട്ടിടാൻ
വേലക്കിതെന്നുമേ
കൊണ്ടുപോകും
മൂന്നാലുകള്ളിയായ്
കൂട്ടിമടക്കിയാൽ
കക്ഷത്തിലേറ്റുന്നു
ഭദ്രമായീ
പേമാരിനേരത്ത്
മേനിക്കുമേലെയായ്
നീർത്തൊന്നുചൂടിയാൽ
നനഞ്ഞിടില്ല
ദൂരത്തുകണ്ടിടാൽ
ആമക്കുതുല്യമാ
ചൂടുന്നപാള
പുറംതോടുപോൽ
കാലുംകരങ്ങളും
നീട്ടുന്നകണ്ടിടാൽ
ആമക്കുതുല്യമായ്
തോന്നുമാർന്നു
ചേർത്തുമടക്കിയാൽ
കീശക്കുതുല്യമാ
താംബൂലകാശതും
സൂക്ഷിച്ചിടും
പാടത്തിരിക്കുമ്പോൾ
കുണ്ടിക്കുതാങ്ങുവാൻ
പണ്ടുള്ള തള്ളമാർ
ചെയ്തുപോന്നു
പാടവരമ്പത്ത്
ഉച്ചക്കുഭക്ഷണം
സൂക്ഷിച്ചിടാനുള്ള
ഫ്രീഡ്ജുമാർന്നു
പണ്ടേതുവീട്ടിലും
ഓലക്കുകീഴിലും
തൂങ്ങികിടന്നിടും
ചൂടുപാള
ഇന്നിൻ്റെകാലത്തി-
തെല്ലാം കിനാക്കളായ്
യന്ത്രങ്ങളെല്ലാം
കവർന്നെടുത്തു.
– ജോൺസൺ എഴുമറ്റൂർ