നാം ഈ ഭൂമിയിലെ വിരുന്നുകാരാണ്. ഒരു ചെറിയ കരച്ചിലോടെ ജനിച്ചു. ദീർഘമൗനത്തോടെ മരിക്കാനുള്ളവരാണ്. ഇപ്പോൾ സമയമാകുന്ന തേരിൽ കയറി യാത്ര ചെയ്യാം. തേരിനു 23 ജോടി ചക്രങ്ങളാണ്. ഒരു ചക്രം ഒരു ക്രോമോസോമിനു പകരം എന്നു സങ്കല്പിക്കാം. ഒരു സെറ്റു ചക്രങ്ങൾ മാതാവിൽ നിന്നു ലഭിച്ചു. മറ്റേ ഗണം പിതാവു തന്നു. ജോടി, ജോടിയായി ജോറായി മുന്നേറുന്നു.
പഴയ കാലങ്ങളിലേക്കു പോകണമെന്നു തോന്നാം. ഒന്നും മാറ്റി മറിക്കാനല്ല. ചിലതൊക്കെ വീണ്ടും കാണാനാണ്. ഒരു കൊച്ചു കുഞ്ഞായാൽ അമ്മയുടെ പുഞ്ചിരി കാണാം. പള്ളിക്കൂടത്തിലെങ്കിൽ, പിന്നീടു കണ്ടിട്ടില്ലാത്ത കൂട്ടുകാരെ കാണാം . അവരോടൊത്തു കുറച്ചു നേരം ചെലവഴിക്കാം. കലാലയത്തിൽ എത്തിയാലൊ, യഥാർത്ഥത്തിൽ പഠിച്ചതെന്താണെന്നു മനസ്സിലാക്കാം. പഴയ ജോലി സ്ഥലത്തെത്തിയാൽ, ആദ്യ ശമ്പളം വാങ്ങിയതിൻ്റെ ഇളക്കം ഒന്നു കൂടെ ആസ്വദിക്കാം. ഒരിക്കൽ കൂടി കല്യാണം കഴിച്ചാൽ, ജീവിത പങ്കാളിയെ മാറ്റാനല്ല, ചടങ്ങുകളുടെ കാഹളനാദം കേൾക്കാം. മക്കളുടെ പ്രായം കുറഞ്ഞാൽ അവരോടൊത്തു വീണ്ടും കളിക്കാം.
ഇവയൊന്നും നടപ്പിലാകാൻ പോകുന്നതല്ല. എങ്കിലും ഇനിയുള്ള കാലത്തെ ഓരോ ദിനവും ഓരോ നിമിഷവും ആഘോഷമാക്കാം.
ഏഴു ജീവിത കൗതുകങ്ങളെ പറ്റി ആലോചിക്കാം.
ഒന്ന്. മാതാവ് – ഈ ലോകത്തേക്ക് നമ്മെ ആദ്യമായി, സന്തോഷത്തോടെ സ്വീകരിച്ച വ്യക്തി. ഒമ്പതു മാസവും ഒമ്പതു ദിവസവും ഒമ്പതു നാഴികയും ( 1 നാഴിക = 24 മിനിറ്റ് ) ഒമ്പതു വിനാഴികയും ( 1 വിനാഴിക = 24 സെക്കണ്ട് ) നമ്മെ അവരുടെ ഉള്ളിൽ ഒളിപ്പിച്ചു. മൂന്നു കൊല്ലം കൈകളിലേന്തി. ജീവിതകാലം മുഴുവൻ ഹൃദയത്തിലേറ്റി.
രണ്ട്. പിതാവ് – നമ്മുടെ പുഞ്ചിരി കാണാൻ ഒരു പാടു ത്യാഗങ്ങൾ ചെയ്ത വ്യക്തി.
മൂന്ന്. കൂടെപ്പിറപ്പ് – പങ്കുവെപ്പിൻ്റെയും (ഷെയർ ) ജാഗ്രതയുടെയും( കെയർ) കല നമ്മെ ആദ്യമായി പഠിപ്പിച്ച ആളുകളാണ്. അമ്മയുടെ
സ്ഥാനത്തുള്ളവളാണ് ചേച്ചി . സഹോദരൻ , സ്നേഹിക്കുന്നെന്നു പറഞ്ഞില്ലെങ്കിലും നമ്മെ വേറെ എന്തിനേക്കാളും സ്നേഹിക്കുന്ന വ്യക്തിയാണ്.
നാല്. ചങ്ങാതിമാർ – പല അഭിപ്രായങ്ങളെയും നിലപാടുകളേയും മാനിക്കാൻ നമ്മെ പഠിപ്പിച്ചവരാണ്. ഉറ്റ സ്നേഹിതർ നക്ഷത്രങ്ങളെപ്പോലെയാണ്. എപ്പോഴും കണ്ടെന്നു വരില്ല പക്ഷെ എപ്പോഴുമുണ്ടെന്നു നമുക്കറിയാം.
അഞ്ച്. ജീവിത പങ്കാളി ത്യാഗത്തിൻ്റെയും വിട്ടു വീഴ്ചയുടേയും മഹത്വം നമ്മെ പഠിപ്പിച്ച ആദ്യ വ്യക്തി ലോകത്തെ നേരിടുന്നതിൽ ഒന്നിച്ചു നിൽക്കുന്ന ആൾ
ആറ്. കുഞ്ഞുങ്ങൾ – സ്വന്തമായി ഒന്നും ആഗ്രഹിക്കാതെ, അവനവനേക്കാൾ കൂടുതലായി മറ്റുള്ളവരെപ്പറ്റി ചിന്തിക്കാൻ പഠിപ്പിച്ച ആദ്യ വ്യക്തി.
ഏഴ്. പേരക്കുട്ടികൾ – വീണ്ടും ജീവിതം തുടങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നവരാണ്.
നമ്മുടെ മാതാപിതാക്കളുടെ കൂടെ ചെലവഴിക്കാൻ സമയം കണ്ടെത്താം. കാരണം നമ്മുടെ ജോലിത്തിരക്കിനിടയിൽ, ഒരു ദിവസം അവരെ കണ്ടില്ലെന്നു വരും.
ഒരു കുടുംബം എല്ലാം തികഞ്ഞതാകണമെന്നില്ല എന്നാൽ ഐകമത്യമുള്ളതാകണം. ഒരു കുടുംബം ഒരേ ചോരയിൽ പിറന്നതാകണമെന്നില്ല. പിന്നെയോ നമ്മുടെ അത്യാവശ്യ സമയത്തു കൈ പിടിക്കുന്നവരാകണം
– ജോണി തെക്കേത്തല