ബാബേൽ നദിതൻ അലകളറിഞ്ഞുവോ
സീയോനെയോർത്തുള്ള നിൻ നൊമ്പരം
അലരിവൃക്ഷങ്ങളിൽ തൂക്കിയ കിന്നരം
പാടുവാൻ മറന്നപോൽ സ്തബ്ധയായി
ബദ്ധരാക്കിയവർ ശാഠ്യംപിടിക്കുന്നു
നിങ്ങൾ സീയോനിലെ പാട്ടിലൊന്നു പാടൂ
മീട്ടുവാൻ കൈകൾക്കാവതില്ലൊട്ടും
ഈ അന്യദേശത്താ സുന്ദര ഗാനങ്ങൾ
മാനസത്തിൽ പതിയുന്നതൊക്കെയും
തരിപ്പണമായ് പോയ മതിലും നഗരവും
ഉല്ലാസമോടെ വസിച്ചോരാ സ്വദേശം
പെട്ടുപോയ് ശത്രുവിൻ അടിമ നുകത്തിൽ
ആർക്കുവാനാകുമോ ഇനിയൊരു ഘോഷം
നിത്യമോചനം ഈ പ്രവാസത്തിൽ നിന്നും
സ്വർഗ്ഗസ്ഥനേ നീ ഓർക്കണേ ഞങ്ങളെ
കാത്തിരിക്കുന്നു മുക്തിക്കായ് നിൻ ജനം
– രമ്യ വി മോഹനൻ