വഴികൾ പലതായി പിരിഞ്ഞു കിടക്കുന്ന ഒരിടത്തുകൂടിയാണ് ഇരുവരുടെയും യാത്ര. ആര് ഏതു വഴിയേ പോവുമെന്നു ആർക്കും പറയാനാവാത്ത വിധം സങ്കീർണ്ണമാണ് ഇരുവരുടെയും മനസ്സുകൾ. “അയ്യപ്പൻ നായർ” എന്ന എസ് ഐ ൽ നിന്നും “മുണ്ടൂർ മാടനി’’ലേക്ക് അയാളുടെ അസ്ഥിത്വത്തിലേക്ക് തിരിച്ചു പോവാൻ അയാൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല. കീഴടക്കാനുള്ള വാശി അയാൾക്ക് ജന്മസിദ്ധമാണ്. അയാളുടെ അമ്മയുടെ കരുത്തുറ്റ മനസ്സ്, അവരുടെ വാശിയും അഭിമാനബോധത്താലുമാണ് വെറും “അയ്യപ്പൻ’’ ആവേണ്ടിയിരുന്ന അയാൾ “അയ്യപ്പൻ നായർ” ആയിമാറുന്നത്. സ്വയം നിയന്ത്രിക്കാനാവാത്ത വിപ്ലവാത്മകതയെ നിയമത്താൽ നിലക്കുനിർത്തുന്ന കഥാതന്ത്രം. ജന്മിത്വം പുറത്തുവിട്ട പതിമൂന്നു പാണ്ടികളെ ഒരു രാത്രി തൻ്റെ. കൈപിടിയിൽ ഒതുക്കി തീർത്തപ്പോൾ അവനെ പിന്നിൽനിന്നും നയിച്ചവർക്കു ബോദ്ധ്യമായിരുന്നു അഴിച്ചുവിട്ടാൽ പിന്നാർക്കും നിയന്ത്രിക്കാനാവാത്ത കാറ്റാണവൻ എന്ന്. അയ്യപ്പനെ അവർ നിയമത്തിനുള്ളിൽ തളച്ചുനിർത്തുന്നു. കുപ്പിയിൽ അടച്ച കൊടുങ്കാറ്റുപോലെ അയാൾ യൂണിഫോമിനുള്ളിൽ ഒതുങ്ങി. അപ്പോഴും അയാളിൽ പല ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ടായിരുന്നു. അങ്ങനെ അയാളിൽ ഉയർന്ന ഒരു ചോദ്യത്തിനുത്തരമായിരുന്നു കണ്ണമ്മ. അയ്യപ്പൻ്റെ ഭാര്യയായ ആദിവാസി യുവതി. പലതരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടും നിയമത്തിൻ്റെ വഴിയേ മാത്രം സഞ്ചരിക്കാൻ അയ്യപ്പൻ തീരുമാനിക്കുകയായിരുന്നു. കോശിയെപ്പോലെ ഒരു കാരണം മുന്നിൽ വന്നില്ല എന്നതായിരുന്നു സത്യം. സ്വയം തളച്ച കൂട്ടിൽനിന്നും അയ്യപ്പനെ കോശി പുറത്തിറക്കുകയായിരുന്നു.
വ്യത്യസ്ഥതകളിലെ സമാനതകളായിരുന്നു അയ്യപ്പനെയും കോശിയെയും ഇരു ധ്രുവങ്ങളിൽ നിലനിർത്തിയിരുന്നത്. കൊടുംവനങ്ങളെയും വന്യമൃഗങ്ങളെയും മൂർച്ചയറിയ മഴുവും ഇരട്ടക്കുഴൽ തോക്കുമായി കീഴടക്കാനിറങ്ങിപുറപ്പെട്ടവൻ്റെ രക്തം ആ പടവെട്ടിൻ്റെു കൊഴുപ്പു കാണിക്കും…തലമുറകളിലും….അവരുടെ പ്രതിരോധത്തിൽ കീഴടങ്ങലില്ല. വിജയം അല്ലെങ്കിൽ മരണം.അതേതെങ്കിലും ഒരു ഭാഗത്തുണ്ടാവുന്നതുവരെ ആ യുദ്ധം തുടരും. രണ്ടിലൊന്ന് മാത്രമാണ് ലക്ഷ്യം. അട്ടപ്പാടി പോലൊരു ഡ്രൈലാൻഡിൽ വാഹന പരിശോധനക്കിടെ മദ്യവുമായി പിടിക്കപെട്ട് ഡ്യൂട്ടി ഓഫീസർമാരെ ആക്രമിച്ച ഒരു പ്രതി, ഉമ്മൻ ചാണ്ടി, നികേഷ് കുമാർ, ജോണി ആന്റണി, ഐ ജി വിജയൻ എന്നീ കോൺടാക്ട് ലിസ്റ്റിൻ്റെ സ്വാധീനം ഒന്നുകൊണ്ടുമാത്രം നിമിഷങ്ങൾക്കകം ”സർ” ആയിത്തീരുന്നത് കാണാം. സി.ഐ സതീഷുമായി അയ്യപ്പൻ നടത്തുന്ന ഫോൺകോളിൽ ആ സ്വാധീനത്തിൻ്റെ ബലം വ്യക്തമാവുന്നുണ്ട്. കേസ് കമ്പ്യൂട്ടറിൽ കയറിയില്ലെങ്കിൽ കോശിയെ വിട്ടു കളയാൻ അയ്യപ്പനും സതീഷും തയ്യാറായിരുന്നു. പക്ഷെ സമയം വൈകിപ്പോയിരുന്നു.
ഇവിടം മുതൽ കാര്യത്തിൻ്റെ ഗൗരവം കോശിയെ പറഞ്ഞു മനസ്സിലാക്കാൻ അയ്യപ്പൻ ശ്രമിക്കുന്നത് കാണാം. ആദ്യം കയ്യൂക്കിൻ്റെ ബലത്തിൽ രക്ഷപ്പെടാം എന്ന് കരുതി ഭീഷണി മുഴക്കുന്ന കോശി അവസാനം അപേക്ഷയിലേക്കെത്തുന്നു. അയാൾക്ക് മുന്നിൽ തൻ്റെ നിസ്സഹായത വെളിപ്പെടുത്തുന്ന അയ്യപ്പൻ.അയ്യപ്പൻ്റെ നിഷ്കളങ്കതയെ മുതലെടുക്കുന്ന കോശി തൻ്റെ രക്തത്തിൻ്റെ ഗുണം കാണിക്കുന്നു. ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല എന്ന കുര്യൻ്റെ നിയമം. റിമാൻഡ് കഴിഞ്ഞു പുറത്തിറങ്ങുന്ന കോശി അയ്യപ്പനെയും കോൺസ്റ്റിബിൾ ജെസ്സിയെയും സർവീസിൽ നിന്നും പുറത്താക്കുന്നു. അവിടം മുതലാണ് കോശിക്ക് അയ്യപ്പൻ എന്ന മനുഷ്യനെ മനസിലാവുന്നത്. തനിക്കു താങ്ങാൻ പറ്റുന്നതിലും എത്രയോ അപ്പുറത്താണ് യൂണിഫോം ഇല്ലാത്ത അയ്യപ്പൻ എന്നു കോശി തിരിച്ചറിയുന്നു. എന്നാൽ കോശിയിലെ കുര്യൻ അയ്യപ്പന് മുന്നിൽ കീഴടങ്ങാൻ ഒരിക്കലും തയ്യാറായിരുന്നില്ല. മനുഷ്യമനസ്സുകളെ സംബന്ധിച്ചെടുത്തോളം മുൻധാരണകൾ യാതൊരു തരത്തിലും നിലനിൽക്കുന്നതല്ല. ഒരു നിമിഷത്തിനപ്പുറം അത് കീഴ്മേൽ മറിയുന്നത് കാണാം. അയ്യപ്പനോട് മാപ്പു പറയാൻ ഓടിത്തുടങ്ങിയ ബസ്സിൽ കയറിയ കോശി നിമിഷത്തിനുള്ളിൽ കുര്യൻ ആയിമാറുന്നതു കാണാം….”തനിക്കൊരാശ്വാസമാവുമെങ്കിൽ വന്നു നേരിട്ട് കണ്ടൊരു സോറി പറയാമെന്നു കരുതി വണ്ടിയിൽ കയറിയതാ…പക്ഷെ പറ്റുന്നില്ല….” കോശിയും കുര്യനുമായുള്ള മത്സരത്തിൽ കുര്യൻ ജയിക്കുന്നതു കാണാം. തീർത്തും സ്വാതന്ത്രമായ ഒരു സമയത്തിനായി അയ്യപ്പൻ അവനെ ബാക്കിവെക്കുകയാണപ്പോഴും.
പോലീസ് സ്റ്റേഷനിൽ കയറി ഭീഷണിമുഴക്കിയിട്ടും ഒന്നുംചെയ്യാതെ വെറുതെ വിട്ട കുട്ടമണിയെ കോശിയുടെ മുന്നിലിട്ട് ഒന്നും അല്ലാതാക്കുമ്പോഴാണ് ശരിക്കും അയ്യപ്പൻ ആരാണെന്നു കോശിക്ക് മനസ്സിലാവുന്നത്. സി.ഐ സതീഷ് അയ്യപ്പൻ്റെ ചരിത്രം പറഞ്ഞവസാനിപ്പിക്കുമ്പോൾ പറയുന്ന ഒരുകാര്യം ”കണ്ടറിയണം കോശി ഇനി നിനക്കെന്താ സംഭവിക്കാ എന്ന്”…. മുന്നും പിന്നും ചിന്തിക്കാതെ താൻ കളിക്കാനിറങ്ങിയിരിക്കുന്നതു ഒരു സാധാരണക്കാരനല്ല എന്ന് കോശിക്ക് വ്യക്തമാവുന്ന ഇടമാണിത്. കുറേക്കൂടി മുൻപോട്ടു പോകവേ അയ്യപ്പനും കോശിയും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമാവും. അയ്യപ്പനിൽ നിന്നും തനിക്കൊരിക്കലും രക്ഷപ്പെടാനാവില്ല എന്ന തിരിച്ചറിവാണ് കോശിയെ അട്ടപ്പാടിയിൽ തുടരാൻ നിർബന്ധിതനാക്കുന്നത്. ഏതെങ്കിലും വിധത്തിൽ അയാളിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചാൽ അയ്യപ്പൻ തൻ്റെ കുടുംബത്തിൽ എത്തുമെന്നു കോശിക്കുറപ്പാണ്. റൂബിക്കും മക്കൾക്കും ഇതൊന്നും താങ്ങാനാവില്ല അതല്ലെങ്കിൽ കുര്യൻ അയ്യപ്പനെ തീർക്കും. മറ്റെന്തിനേക്കാളും അയാൾക്ക് വലുത് അയാളുടെ കുടുംബം തന്നയാണ്. തനിക്കു വേണ്ടി വക്കീലിനെ ഏർപ്പാടാക്കരുത് എന്ന് കണ്ണമ്മയോടു പറഞ്ഞിട്ടാണ് അയ്യപ്പൻ തൻ്റെ കുടുംബം വിട്ടിറങ്ങുന്നത്….അയാൾക്കിതു ഒരു കോശിയോടുള്ള പകരംവീട്ടൽ മാത്രമല്ല…ദുഷിച്ചു നാറിയ ഒരു സംവിധാനത്തോടുള്ള യുദ്ധമാണ്. ”സ്വാധീനം” അവനാണ് വില്ലൻ. അർഹതപ്പെട്ടവനെ പുറത്തിരുത്തി അനർഹൻ കയറിപ്പോവുമ്പോൾ ”ഇതാണെൻ്റെ വിധി” എന്നോ ”കാത്തിരിക്കാം ഇനിയും അവസരങ്ങൾ വരും”എന്നോ കരുതി സമാധാനിക്കുന്നവരാന് നമ്മളിൽ ഏറെയും. ഈ സമൂഹത്തിലാണ് ”അയ്യപ്പൻ”മാരുടെ പ്രസക്തി ഏറിവരുന്നത്. ”എം എൽ എ ഒറ്റയാൾ വിചാരിച്ചിട്ടാ മോനും മരുമോനും ജോലിയായത്’ ഇന്നത്തെ രാഷ്ട്രീയമാണിത്…എം എൽ എ യുടെ ”സ്വാധീനം”…ആ സ്വാധീനത്താൽ പുറത്തിരിക്കേണ്ടിവന്ന അർഹതപ്പെട്ട രണ്ടുപേർ ഈ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന് ചിന്തിക്കാൻ നമുക്ക് സാധിക്കുന്നില്ല….അതാണ് സ്വാധീനത്തിൻ്റെ ”സ്വാധീനം”. ഇതിനെതിരെയുള്ള സമരത്തിൽ തനിക്കെന്തൊക്കെ നഷ്ടമാവും എന്ന ചിന്ത അയ്യപ്പനെ അലോസരപ്പെടുത്തുന്നേയില്ല. അയാളുടെ ഏറ്റവും വലിയ പിൻബലം കണ്ണമ്മയാണ്.
നിരന്തരമായ ചൂഷണം…വിശ്വസിക്കാൻ, സഹായിക്കാൻ ഒരു പ്രത്യയശാസ്ത്രവും ഇല്ലാതെ വരുമ്പോൾ പ്രതിരോധത്തിൻ്റെര പാതയിലേക്കിറങ്ങാൻ ഒരു സമൂഹം നിർബന്ധിക്കപെടുമ്പോൾ ഭരണകൂടം അതിലളിതമായൊരു തന്ത്രം പുറത്തെടുക്കും.മാവോയിസം …മാവോയിസ്റ്റ്…,രാജ്യം…,ദേശീയത രാജ്യദ്രോഹം…അവസാനം ഏറ്റുമുട്ടൽ…കുഞ്ഞിനെ തൊട്ടടുത്ത് നിൽക്കുന്നവനെ ഏൽപിച്ചിട്ട് മേശപ്പുറത്ത് ചാടിക്കയറി ഭരണസംവിധാനത്തിൻ്റെ ചെവിക്കല്ലടിച്ചുതകർത്ത് അവകാശം ഒപ്പിട്ടുവാങ്ങുന്നവളാണ് കണ്ണമ്മ. ഈ അവസ്ഥയിലേക്ക് ഒരു ജനതയെ എത്തിക്കുന്നതിൽ അത്യുന്നത വിദ്യാഭ്യാസവും സംസ്കാരവും ആർജിച്ച ഒരു സമൂഹത്തിനുള്ള പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഒന്നിനും കീഴടങ്ങാത്ത മനോവീര്യമുള്ളവളാണ് കണ്ണമ്മ. ഒറ്റനോട്ടത്തിൽ ഒരുത്തനെ അളെന്നെടുക്കാനുള്ള കഴിവ്, പറയാനുള്ളത് ആരുടേയും മുഖത്തുനോക്കി പറയാനുള്ള ആർജ്ജവം, താനുൾപ്പെടുന്ന പീഡിതസമൂഹത്തിനുവേണ്ടി എന്തും ത്യജിക്കാനുള്ള വിശാലമായ മനസ്സ്. കണ്ണമ്മക്കുമുന്നിൽ പതറിപ്പോവുന്ന കോശിയെ നമുക്ക് കാണാനാവും. അയ്യപ്പനെ കീഴടക്കാൻ കുര്യൻ കണ്ടെത്തുന്ന ഒരു വഴി കണ്ണമ്മയുടെ അറസ്റ്റാണ്. കണ്ണമ്മയെയും കുഞ്ഞിനേയും തൻ്റെ സ്വാധീനമുപയോഗിച്ചറസ്റ്റ് ചെയ്യിക്കാൻ കുര്യൻ തീരുമാനിക്കുന്നു.
അതാണ് ”കുര്യൻ ജോൺ” ഒരു പ്രത്യേകതരം മാനസികാവസ്ഥയിൽ ജീവിക്കുന്നയാളാണ് കുര്യൻ. അയാൾക്ക് മത്സരിക്കാൻ യുദ്ധം ചെയ്യാൻ ഒരു ശത്രു എപ്പോഴും വേണം. അതയാൾക്കൊരു ഹരമാണ്. ശത്രു തുല്യ ബലവാനോ തന്നേക്കാൾ ശക്തനോ ആവുന്നതായാൾക്കിഷ്ടം. കുര്യൻ അയാളുടെ എതിരാളിയിൽ നിലനിൽക്കുന്നവനാണ്. എതിരാളി എത്രമാത്രം ശക്തനാവുന്നുവോ അത്രയും ശക്തനാവാൻ അയാൾക്കും സാധിക്കും. അതൊരു മാനസികാവസ്ഥയാണ്. ”എടാ ഒരുത്തനെ വീഴ്ത്താനോ തളർത്താനോ തീരുമാനിച്ചാൽ എത്തിക്‌സും ബൈബിളും ഒക്കെയെടുത്തു ഞാൻ ഉത്തരത്തിലോട്ട് വെക്കും”…ഇതാണ് കുര്യൻ്റെ നിയമം. കുര്യനിൽ നിന്നും കോശിയിലേക്കെത്തുമ്പോൾ പ്രതിരോധം യുദ്ധനീതി പാലിക്കുന്നതു കാണാം. ഏതെങ്കിലും തരത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന കോശിയെ പ്രകോപിപ്പിച്ചു അയ്യപ്പനെതിരെ വിട്ടയക്കുന്നതു കുര്യനാണ്.
ഒരു ഭാഗത്ത് റൂബി മക്കൾ അമ്മച്ചി, മറ്റൊരു ഭാഗത്ത് കുര്യൻ എന്ന അപ്പച്ചൻ, അതിനെതിർ വശത്ത് തൻ്റെ ദുർവാശി ഒന്നുകൊണ്ടുമാത്രം വന്യമായ തൻ്റെ സ്വാതന്ത്ര്യബോധത്തിലേക്ക് അഴിച്ചുവിടപ്പെട്ട അയ്യപ്പൻ…ഇവർക്കിടയിൽപ്പെട്ടു ചക്രശ്വാസം വലിക്കുന്ന കോശി… ഒരു കൊലപാതകത്തിലേ ഇതവസാനിക്കൂ എന്ന് ബോധ്യമാവുന്ന കോശി തൻ്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് അയ്യപ്പനെ സർവ്വീസിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു. അപ്പോഴും അയാൾ അയ്യപ്പനുമുന്നിൽ കീഴടങ്ങാൻ തയാറായിരുന്നില്ല. തനിക്കു സ്വയം തോന്നുന്നത് ചെയ്യുക എന്നതിനപ്പുറം ആരെങ്കിലും ഉപദേശിച്ചിട്ടെന്തെങ്കിലും ചെയ്യുക എന്നത് കോശി തൻ്റെ പരാജയമായി കാണുന്നുണ്ട്. അതുവരെ കുമാരാ എന്ന് വിളിച്ച കോശി താൻ ഒറ്റപ്പെടുന്നു എന്ന് തോന്നിയ ഒരു സമയത്തു കുമാരേട്ടാ എന്ന് വിളിച്ചുപോവുന്നുണ്ട്. പക്ഷെ നിമിഷങ്ങൾക്കകം അയാളത് തിരുത്തി കുമാരാ എന്നാക്കുന്നു. പുറത്തായാൾ കാണിക്കുന്നതൊന്നും അല്ല ഉള്ളിലെ കോശി. അത് സാധാരണക്കാരനായ. ഒരുപാട് സ്നേഹവും കരുതലും ഒക്കെ ആഗ്രഹിക്കുന്ന ഒരാളാണ്.പോലീസ് സ്റ്റേഷനിലെ രംഗത്ത് അത് കൃത്യമായി പുറത്തുവരുന്നതു കാണാം. അയാൾ സ്വന്തം ഇഷ്ടപ്രകാരം ചിലപ്പോൾ തോറ്റുകൊടുത്തേയ്ക്കും പക്ഷെ അതാരുടെയും നിർദ്ദേശ പ്രകാരം ആയിരിക്കില്ല. അത് തന്നെയാണ് പരാജയത്തിൻ്റെ വക്കുവരെ കോശിയെ എത്തിച്ചതും.
ഇതിനിടയിൽ ഇരുഭാഗത്തും കോട്ടങ്ങളില്ലാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സിഐ സതീഷ്, ചെറിയ വേഷം ആണെങ്കിലും നേരിട്ട് ഹൃദയത്തിലേക്ക് കയറിപ്പോവുന്ന കോൺസ്റ്റിബിൾ ജെസ്സി, സിവിൽ പോലീസ് ഓഫീസർ സുജിത്, ഡ്രൈവർ കുമാരൻ, കാട്ടിൽ കയറി പാറപൊട്ടിക്കുന്ന സെബാസ്റ്റിയൻ അങ്ങനെ എല്ലാ കഥാപാത്രങ്ങളും കഥാതന്തുവിൽ ഇഴചേർന്നു നിൽക്കുന്നത് കാണാം. തിരക്കഥയുടെ കെട്ടുറപ്പിനെ ഒന്നുകൂടെ ബലപ്പെടുത്തുന്നതാണ് ചിത്രത്തിൻ്റെ മ്യൂസിക് അതിലേറെ മനോഹരമാണ് ബാക്ഗ്രൗണ്ട് സ്കോറിങ്. സംഘർഷം ഉടലെടുക്കുന്നതിനു തൊട്ടുമുൻപായി ആരംഭിക്കുന്ന ബീജിയം പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായി. അട്ടപ്പാടിയുടെ ഹൃദയതാളം നാഞ്ചിയമ്മ എന്ന കാലത്തിൻ്റെ പാട്ടുകാരിയിലൂടെ അവതരിപ്പിക്കുന്നതിൽ ജെയ്ക്സ് ബിജോയ് നൂറു ശതമാനം വിജയിച്ചു.
അങ്ങനെ അറസ്റ്റു ചെയ്യപ്പെടാതെ കണ്ണമ്മ പുറത്തിറങ്ങുന്നു, കോശിയുടെ തന്ത്രപരമായ നീക്കത്തിലൂടെ അയ്യപ്പൻ ജോലിയിൽ തിരിച്ചുകയറുന്നു, ശുഭപര്യവസാനം എന്ന് നമുക്ക് തോന്നുന്നിടത്തു സിനിമ അവസാനിക്കുന്നു….എന്നാലും സർവീസിൻ്റെ അവസാനത്തെ വർഷം അയ്യപ്പൻ എന്തിനായിരിക്കും കട്ടപ്പനയിലേക്കു ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയത്?????….ഒരു സംശശയം കൂടി…ഒരു അബ്‌കാരി കേസിൽ റിമാൻഡ് ചെയ്യപ്പെട്ട കോശി കുര്യൻ നൽകിയ വീഡിയോ ക്ലിപ്പ് യാതൊരുവിധ അന്വേഷണവും ഇല്ലാതെ ചാനലിൽ പ്രധാനവാർത്തയായി നൽകാൻ ശ്രീ.നികേഷ് കുമാർ തയ്യാറാവുമോ…ഇനി അതിനു വേണ്ടിയാണോ മൂപ്പരെ സിനിമയിൽ രണ്ടുമൂന്നു തവണ പൊക്കിയടിക്കുന്നത് …..[ഒരു സംശയം മാത്രമാണ്]
– അമൽ കോയച്ചാട്ടിൽ