പൈതലായിരുന്നപ്പോഴുള്ളിലെന്നും
പഞ്ഞത്തിൻ പരിഭവ മഴയായിരുന്നു.
പണത്തിൻ ലോഭം തീർക്കും വലയെന്നും
അഴിയാക്കുരുക്കായ് മുറുകി വന്നു.
കൗമാര പഠനങ്ങൾക്കൊരു കൈത്താങ്ങ്
ബന്ധുജനങ്ങളും നോക്കി നിന്നു
അന്നൊക്കെ ആത്മസംഘർഷാന്ത്യം
കണ്ണീരു തൂകി കഴിഞ്ഞ കാലം
പറയാനേറെ സങ്കടമുള്ളിലും
അറിയാനാരും തുനിഞ്ഞതുമില്ല.
പുറംമോടിചൊല്ലി തഴുകിയ കൈകൾ
പടിവാതിലിൽ പോലും വന്നിടാതായ്
പഴയതറവാടിൻ ഭംഗി വാക്കോതിയാൽ
പശിയടങ്ങാനൊരു പരിഹാരമോ?
പുന്നെല്ലിൻ മണം പേറും പത്തായങ്ങൾ
പുര തന്നിറയത്ത് ഭദ്രമായെന്നാൽ
പങ്കുവെയ്ക്കാനല്പം കരുണയില്ലാതുള്ള
രക്തബന്ധങ്ങൾക്കു പുച്ഛ സ്വരം .
എല്ലാമറിയുന്നെൻ മാതാവിന്നുള്ളം
വല്ലാതെ വിങ്ങി വിതുമ്പിയിരുന്നു.
ഇല്ലായ്മയെ ഇടനെഞ്ചിലൊതുക്കി
എത്രയോ രാവിൽ കണ്ണീരൊഴുക്കി.
അഴലെല്ലാം മിഴിയിലൊളിപ്പിച്ചു വച്ചു
അഴകുള്ള ചിരിയാൽ നടന്നിരുന്നു.
അമ്മയാണേറെ അവഗണനാ പാത്രം
അനുഭവത്താലുള്ളം തപിച്ചിരുന്നു
അന്നുമിന്നുമെൻ അക്ഷയ പാത്രം
അമ്മ, യല്ലാതൊന്നുമില്ല ഉലകിൽ
കരുത്തായ് കൂടെ നിന്നതുമെന്നമ്മ
കരുണതൻ നെയ്ത്തിരി തെളിച്ചതുമമ്മ
വേല കിട്ടാക്കാലം വേദനയാറ്റിയെൻ
ചേതന നെഞ്ചോടു ചേർത്തതെന്നമ്മ
പട്ടിണിക്കാലം മാറി വന്നപ്പോഴും
പെട്ടന്നുമാറി മിത്ര മനോഭാവം
ഉറ്റവരാരെന്നു കാണുവാനാക്കാലം
അത്രമേലന്നെ പ്രാപ്തനാക്കിടുന്നു.
പണവും പദവിയുമറിഞ്ഞു ചിരിച്ചു – അവർ
പരിഭവം ചിരിയിലൊളിച്ചു വച്ചു
സൗഹൃദം കാട്ടി സൗഭാഗ്യം പുകഴ്ത്തിയോർ
കപട സ്നേഹത്തിൻ വഴി കാട്ടികൾ
അവഗണിച്ചവരെന്നെ ആശ്ലേഷിച്ചാലും
ആക്കാല മുറിവിൻ്റെ ആഴം കുറയുമോ?
എല്ലാമറിയുന്ന കാലമറിയുന്നു
എന്താണു ഞാനെന്നതെ അറിയുന്നു.
– വിജയകുമാർ. പന്തളം