ആശാൻ വൈദ്യർ
ഊശാൻ താടിയും തടവി
ഒരുവരവുണ്ട്
വൈദ്യരെത്തുന്നതിനു മുന്നേ
മരുന്നിൻ്റെ മണമെത്തും
വൈദ്യരുടെ വാക്കിൻ്റെ രസായനം
സേവിച്ചാൽ തന്നെ
രോഗം പകുതി മാറും
കണ്ണടച്ച്, മൂക്ക് പൊത്തി ഒറ്റവലിക്ക്
കുടിക്കുന്ന കഷായത്തിന് ശേഷം
കഴിക്കുന്ന
കൽക്കണ്ടമാണ് വൈദ്യരുടെ വാക്ക്
കാലം തേച്ചുമിനുക്കിയെടുത്ത
കാൽമുട്ടുവേദന
ജീവിതഭാരം കയറ്റിവെച്ച് ഒടിഞ്ഞു –
പോയ മുതുക്
കുനിഞ്ഞു കുനിഞ്ഞ് കൂച്ചിക്കെട്ടി
പ്പോയ നടുവ്
ഒട്ടിപ്പോയ വയറിനുള്ളിലെ നെട്ടോട്ടം
ചിരിയുടെ ഒരു ചീന്തെടുത്ത്
ആദ്യമൊരു കെട്ടുകെട്ടും വൈദ്യർ
വേദന മാറാനുള്ള വേത് അതിൽ
തിളയ്ക്കും
കല്ലും,മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ
കളിവണ്ടി കൊണ്ടു പോകുന്ന കുട്ടിയെ –
പ്പോലെ
തൊട്ടു നോക്കും വൈദ്യർ
വേദനയുടെ കെട്ടഴിഞ്ഞ് ചിരിയിലേക്ക്
വഴുതി വീഴുമപ്പോൾ രോഗി
ആശാൻ വൈദ്യരുടെ ഓർമ്മയാണ്
ഇപ്പോഴും
ചില വേദനകൾക്കെല്ലാം ശമനം
– രാജു കാഞ്ഞിരങ്ങാട്