മതം മൂടിയ മനസ്സാലേ
മനനം ചെയ്തുണരുമ്പോൾ
മനുഷ്യൻ്റെ മനം കാണാ-
മതബോധം ഉറയുന്നു.
നിലവിട്ട മര്യാദകളാൽ
നിണം വീഴ്ത്തും ധരയിൽ
നിലവിളികൾ വിഴുങ്ങുന്നു
നിലം പിളർത്തും ബോംബുകൾ .
കുരുതിക്കളം തീർക്കുന്നു
കുരുടനാമധികാരികൾ
സോദരന്മാരു തമ്മിലോ
പോർവിളികൾ മുഴക്കുന്നു.
ഏതു ദൈവ ശാസനങ്ങൾ
ഈ വിധം ചിന്തിക്കുന്നു
വാക്കിൽ മാത്രം വചനങ്ങൾ
നേട്ടം നോക്കി അധീശത്വം.
അന്നമൂട്ടും കൈകൾ കൊണ്ടു
അഗ്നിഗോളം തീർത്തിടുന്നു
അപരാധികൾ വിളങ്ങുന്നു
നിരപരാധികളൊടുങ്ങുന്നു.
കണ്ണുചിമ്മാൻ കഴിയാതെ
കുഞ്ഞു കിടാങ്ങളുരുകുന്നു
ദാഹനീരു തിരയുമ്പോൾ
മിഴിനീരു നുണയുന്നു.
ചില്ലുകൂടാരങ്ങളിലിരുന്നു
ചിതയൊരുക്കുന്നോരോർക്കുന്നുണ്ടോ
പിടഞ്ഞൊടുങ്ങും പൈതലിൻ
ചിരിമായാ മുഖങ്ങൾ ?
രുധിരപ്പുഴയൊഴുക്കീട്ടു
ഏതു ചെങ്കോൽ ധരിച്ചാലും
കാലചക്രത്തിലിവയെല്ലാം
മുൾക്കിരീടമായ് നിലകൊള്ളും.
” ദൈവ മൊഴി”യെന്നു ചൊല്ലി
ഹീനകൃത്യം ചെയ്തു വാഴും
നീയോ ദൈവസന്തതി
നിന്നെയോ പിൻതുടരേണ്ടത്?
ഭീകരത മണ്ണിൽ വിതറി
മത മറയിലൊളിഞ്ഞിരുന്ന്
രുധിരപാനം ചെയ്തു വാഴും
കഴുകജാലങ്ങളെ, യെങ്ങും
വേരോടെ പിഴുതെറിയേണം.
വീറോടെ നാം മുന്നേറണം.
– വിജയകുമാർ. പന്തളം