കർണ്ണാമൃതം തവ നാമം
നിൻ ചിത്തത്തിൻ
മാഹാത്മ്യം
വർണ്ണിപ്പതിന്നാവില്ല-
യെൻ തൂലികക്ക്.
ജന്മനാടാം
രാമേശ്വരം ദ്വീപിൽ
ജൈനുലബ്ദീൻ
പുത്രനായ്
നിഷ്കളങ്കനായൊരു
കുഞ്ഞു പിറന്നു.
ഭാരതീയന്നഭിമാന
സൂര്യനാം
അബ്ദുൾ കലാം.
അഗ്നിച്ചിറകിൻ
അധിപനാം
ശാസ്ത്ര ലോകത്തിന്നൊരു
അക്ഷയപാത്രമായ്
സാങ്കേതിക വിദ്യക്ക്
വറ്റാത്ത കിണറായ്.
ബാല്യമൊരു
അമൂല്യമായ് കണ്ടിരുന്നു.
പഠനത്തിനായ്
പല പല ജോലിയെടുത്തു.
ലക്ഷ്യത്തെത്തേടി
പോകുവിൻ
നമ്മെത്തേടിയൊരിക്കലും
ലക്ഷ്യം വരുകില്ലെന്നു-
പദേശിച്ച
ദീർഘ ദർശ്ശിയാം ജ്ഞാനി.
പരാജയത്തിൽ പതറാതെ
തിരിച്ചടിയിൽ തളരാതെ
മദ്ധ്യാഹ്ന മാർത്താണ്ഡൻ
ജ്വലിക്കും പോൽ
ജ്വലിച്ചു നിന്നു,
അബ്ദുൾ കലാം.
ഗുരൂക്കന്മാരാം
ശിവസുബ്രമണൃ അയ്യരും,
ഇയ്യാദുരൈ സോളമനും
വളർത്തിയെടുത്ത
ഉത്തമനാം ശിഷ്യൻ.
ഐതിഹാസികനാം
പ്രൊഫ. സാരാഭായ്
വാർത്തെടുത്ത
എഞ്ചിനീയറാം
അബ്ദുൾ കലാം.
ആയിരം സൂര്യന്മാരൊന്നിച്ചുദിച്ചതു-
പോൽ തിളങ്ങിടുന്നു.
ശാസ്ത്ര ലോകത്തിന്നൊരു
പാഠപുസ്തകമായ്
അക്ഷയപാത്രമായ്
അബ്ദുൾ കലാമിൻ
ജീവിതമെന്നും
ഉതകുമാറാവട്ടെ
പ്രണാമം.
– കോമളം പരമേശ്വരൻ, പാലക്കാട്.