മിക്കവാറും സിനിമകളിലും ജീവിതത്തിലും കാണുന്ന രണ്ടാനമ്മമാർക്ക് ഒരു വില്ലത്തിയുടെ രൂപഭാവങ്ങളാണ്. അനുഗ്രഹീത കലാകാരികളായ സുകുമാരിയും മീനയും ടി. ആർ. ഓമനയും ഒക്കെ ഈ രംഗങ്ങൾ തകർത്ത് അഭിനയിച്ചിട്ടുണ്ട് മുൻകാല ചിത്രങ്ങളിൽ. ഞാനിന്ന് വ്യത്യസ്തയായ ഒരു രണ്ടാനമ്മയുടെ കഥയാണ് എഴുതുന്നത്. സാധാരണ കുശുമ്പ്, കുന്നായ്മ, പരദൂഷണം, ഏഷണി, സ്വാർത്ഥത ഇതിലൊക്കെ ഡോക്ടറേറ്റ് എടുത്ത സ്ത്രീകളായിരിക്കും രണ്ടാനമ്മമാർ.എൻ്റെ കഥാനായിക സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഒരു മദാമ്മയാണ്.
തിരുവല്ലയിലെ ധനാഢ്യനും ജന്മിയും ഭൂവുടമയായ കുറുവച്ചൻ്റെ ജീവിതത്തിലേക്ക് സ്വിറ്റ്സർലൻഡ്കാരി മദാമ്മ വന്നു കയറിയ കഥ. 1960-കളിൽ ഒരു ജ്വരം പടർന്നു പിടിച്ചിരുന്നു എല്ലായിടത്തും. മിക്ക കുടുംബങ്ങളും ഈ ജ്വരം കാരണം അനാഥമായി കൊണ്ടിരുന്നു.കുറുവച്ചന് അന്ന് 50 വയസ്സ്. വിഭാര്യൻ. ഒരു വർഷം മുമ്പ് ഭാര്യ ഇതേ ജ്വരം വന്നു മരിച്ചിരുന്നു. 8 മക്കൾ. 20 വയസ്സു മുതൽ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങൾ. ഭാര്യ മരിച്ചു കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കുറുവച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത ജ്വരം തന്നെ അസുഖം. ഓട്ടോറിക്ഷക്കാർ യാത്രക്കാരെ കിട്ടാൻ തൻറെ ഊഴം കാത്തു കിടക്കുന്നത് പോലെ മരണാസന്നരായ വരെ ആശുപത്രിയിലെ ഏറ്റവും അറ്റത്തെ കിടക്കയിലേക്ക് മാറ്റും. മരിച്ചാൽ മറ്റ് രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ വാതിൽ വഴി എളുപ്പം കൊണ്ടുപോകാമല്ലോ? ഇന്നത്തെ ഊഴം കുറുവച്ചന്റേത് ആയിരുന്നു. മൂന്നു ദിവസമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ല. മരുന്ന് മാത്രം നഴ്സ് കൊടുക്കും. നോക്കാൻ കുറച്ച് ജോലിക്കാർ മാത്രം. ആ നാളുകളിൽ മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായി ഈ ആശുപത്രികളിൽ ഒക്കെ മദാമ്മ നഴ്സുമാർ നിറയെ ഉണ്ടായിരുന്നു. സന്ദർശകർക്കുള്ള സമയത്ത് മാത്രം കുറച്ചു കുഞ്ഞുങ്ങൾ ഈ കട്ടിലിനു ചുറ്റും കൂട്ടംകൂടി നിൽക്കുന്നത് കാണാം. അതിൽ ആറു വയസ്സുള്ള വർക്കിച്ചനോട് മദാമ്മയ്ക്ക് വാത്സല്യം തോന്നി, വിവരങ്ങളൊക്കെ തിരക്കി. അമ്മ മരിച്ച ആ കുഞ്ഞുങ്ങളോട് വല്ലാത്ത ദയതോന്നി മദാമ്മയ്ക്ക്.
പ്രത്യേക താൽപര്യമെടുത്ത് കുറുവച്ചനെ മദാമ്മ ശുശ്രൂഷിച്ചു. സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കാതെ മരുന്ന് മാത്രം കഴിക്കുന്നതായിരുന്നു രോഗം കുറയാതിരിക്കാൻ ഉള്ള ഒരു പ്രധാന കാരണം എന്ന് നഴ്സ് മനസ്സിലാക്കി. കുറുവച്ചനെ മരണത്തിനു വിട്ടു കൊടുക്കാതെ മദാമ്മ രക്ഷിച്ചെടുത്തു. സുമുഖനും സുന്ദരനുമായ കുറുവച്ചൻ മദാമ്മയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ലിവിംഗ് ടുഗദർ ആയിരുന്നു മദാമ്മക്ക് താല്പര്യം എങ്കിലും കേരളം അന്ന് അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്തതുകൊണ്ട് പള്ളിയിൽ വച്ച് വിവാഹം നടത്തി. കുറുവച്ചൻ്റെ ബംഗ്ലാവിലേക്ക് 40 വയസ്സുള്ള മദാമ്മ എട്ടു മക്കളുടെ അമ്മയായി കടന്നുവന്നു.സാമ്പത്തികസ്ഥിതി ഒക്കെ ഉണ്ടായിരുന്നുവെങ്കിലും വീട്ടുജോലിക്കാരുടെ ഭരണം കൊണ്ട് ആകെ കുത്തഴിഞ്ഞ കിടക്കുകയായിരുന്ന കുടുംബം മദാമ്മ ഒറ്റ വർഷം കൊണ്ട് നേരെയാക്കി. പത്തിന് താഴെ പഠിക്കുന്ന കുട്ടികളെ ഒക്കെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി. മദാമ്മ കുട്ടികളെ പഠിപ്പിക്കാനും തുടങ്ങി. സത്യസന്ധത, സ്നേഹം, കരുണ, സഹജീവികളോടുള്ള നല്ല പെരുമാറ്റം, ക്ഷമ ഇവയൊക്കെ കുട്ടികളെ പരിശീലിപ്പിച്ച് സംസ്കാര സമ്പന്നരാക്കി വളർത്തി.
ഏതായാലും 20 വർഷം കണ്ണടച്ചുതുറക്കും മുമ്പ് എന്ന് പറഞ്ഞത് പോലെ കടന്നുപോയി. കുഞ്ഞുങ്ങളൊക്കെ നല്ല നിലയിൽ എത്തി. പെൺമക്കളെ വിവാഹം ചെയ്ത് അയച്ച വീടുകളിലൊക്കെ മദാമ്മയുടെ പ്രശസ്തി പരന്നു. മദാമ്മ വളർത്തിയ പെൺമക്കളുടെ ഭർത്തൃഗൃഹത്തിൽ ഉള്ള പെരുമാറ്റം എല്ലാവരെയും ആകർഷിച്ചു അത് കുറുവച്ചന് കീർത്തി നേടിക്കൊടുത്തു. ആൺ മക്കളുടെ കാര്യവും ഇതുപോലെതന്നെ. ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ഇവരെ കഴിഞ്ഞേ ആ നാട്ടിൽ വേറെ ആളുള്ളൂ എന്ന സ്ഥിതി വന്നു.
സൈക്കിൾ റിക്ഷയിൽ ഫുൾസ്ലീവ് ബ്ലൗസും സാരിയും ധരിച്ച് ഇംഗ്ലീഷ് കുർബാന കാണാൻ ലത്തീൻ പള്ളിയിൽ പോകുന്ന മദാമ്മ നാട്ടുകാരുടെ കൗതുകക്കാഴ്ചയായിരുന്നു. പള്ളിയിൽ മദാമ്മക്ക് മാത്രം ഇരിക്കാനായി പ്രത്യേകം കസേരയും മേശയും കുറുവച്ചൻ പണിതു കൊടുത്തിരുന്നു. 20 വർഷങ്ങൾക്കിപ്പുറം എഴുപതു വയസ്സായപ്പോൾ കുറുവച്ചൻ മരിച്ചു. മരണപത്രം എഴുതിവെച്ചിരുന്നു. ഏക്കറുകണക്കിനു റബ്ബർ, കുരുമുളക്, കവുങ്ങ്, ഏലം തോട്ടങ്ങൾ, തെങ്ങിൻതോപ്പുകൾ എല്ലാം മദാമ്മക്ക് ഇഷ്ട ദാനം ചെയ്തിരിക്കുന്നു. എല്ലാത്തിൻ്റെയും അവകാശി മദാമ്മ. കുറുവച്ചൻ്റെ മരണപത്രം കണ്ടു കുടുംബക്കാരും നാട്ടുകാരുമൊക്കെ ഞെട്ടി.
ദൈവമേ!!! സ്വിറ്റ്സർലൻഡിൽ നിന്ന് മദാമ്മ വല്ല സായിപ്പിനെയും കൊണ്ടുവരുമോ? നാലാൾ കൂടുന്നിടത്തും കവലകളിലും ഒക്കെ നാട്ടുകാർ ചർച്ച തുടങ്ങി. ഏതായാലും ആറുമാസത്തിനകം മദാമ്മ എല്ലാവരുടെയും ആശങ്ക നീക്കി.വക്കീലിനെയും രജിസ്ട്രാർനെയും വിളിച്ചുവരുത്തി കുറുവച്ചൻ്റെ എല്ലാ സ്വത്തുവകകളും എട്ടായി വീതിച്ച് എല്ലാ മക്കളെയും ഏൽപ്പിച്ചു. കുറുവച്ചനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ കേരളത്തിൽ നിന്നത്. നാളെ സ്വിറ്റ്സർലൻഡിലേക്ക് മടങ്ങുകയാണ്. വിമാനടിക്കറ്റും വഴി ചെലവിനുള്ള കാശു മാത്രം എടുത്ത് മദാമ്മ യാത്രയായി. അധ്വാനിച്ച് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാൻ ആണല്ലോ കർത്താവ് പറഞ്ഞിരിക്കുന്നത്. എനിക്ക് ഒരു തൊഴിൽ അറിയാം ഞാൻ അതു കൊണ്ട് ജീവിച്ചോളാം. മദാമ്മ യാത്രപറഞ്ഞു.
ഇങ്ങനെയും ചില മനുഷ്യരുണ്ട് എന്ന തിരിച്ചറിവ് നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വത്തിനുവേണ്ടി തലതല്ലി കീറുന്ന മനുഷ്യർ ഇന്നും കേരളത്തിലുണ്ട്.സ്വത്തിനു വേണ്ടിയുള്ള കുടുംബ വഴക്കുകൾ നടക്കുന്നിടത്ത് ഈ മദാമ്മ ഇന്നും പരാമർശിക്കപ്പെടുന്നുണ്ട്.
എന്തിന് നമ്മുടെ മഞ്ജുവാരിയർ ദിലീപിനെ ഉപേക്ഷിച്ചു പോയപ്പോൾ പോലും ഇതിപ്പൊ നമ്മുടെ തിരുവല്ലയിലെ മദാമ്മയെ പോലെ ആയല്ലോ എന്ന് പറഞ്ഞു ജനങ്ങൾ.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.