തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിച്ചു എന്നൊക്കയുള്ള വാർത്തകൾ സ്ഥിരമായി പത്രത്തിൽ വായിക്കുമ്പോൾ എനിക്കോർമ്മ വന്ന ഒരു സംഭവം ഇതാണ്.
1958 കാലഘട്ടം. ഞാൻ മൂന്നാറിൽ വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന സമയം. ക്വാർട്ടേഴ്സിൽ ഒറ്റക്കു താമസിക്കുന്നു. കോമൺ മെസ്സിൽ നിന്നു ഭക്ഷണം. കൂട്ടുകാർക്കു നിർബന്ധം രാത്രി കൂട്ടിനു ഒരാൾ വേണം. മെസ്സു ബോയ് രാത്രി പത്തിനു വരും. ആ കെട്ടിടത്തിൽ കിടക്കും. പിറെറ ദിവസം അതികാലത്തെ മുൻ വശത്തെ വാതിൽ പതുക്കെ തുറന്ന് പുറത്തുകടക്കും. ചാരിയിട്ടു പോകും.
ഞാൻ ആറരക്കെണീക്കും. ആദ്യം തന്നെ മുൻവശത്തെ വാതിൽ അടച്ച് കുറ്റിയിട്ടു കുളിക്കാൻ പോകും.
ഒരു ദിവസം കുളിമുറിയിൽ നിന്നു തിരിച്ചു വരുമ്പോൾ വീടിന്റകത്തു ബെഡ് റൂമിൽ ഒരു പട്ടി എന്നെ നോക്കി വായും തുറന്നു നില്ക്കുന്നു.
ഞാൻ രൂക്ഷമായി അല്പ നേരം അതിനെ നോക്കി. പുറത്തു നല്ല തണുപ്പാണ്. വീട്ടിൽ നിന്നു പുറത്തു പോകാൻ അതിനു വഴിയില്ല. നോക്കിയിരിക്കെ ഞാൻ കുറെശ്ശെ പുറകോട്ടു നടന്ന് കുളിമുറിയിലെത്തി. ആ മുറിയിൽ നിന്നു പുറത്തേക്കുള്ള വാതിൽ തുറന്നിട്ടു.
തിരികെ ബെഡ് റൂമിൽ പ്രവേശിച്ചു. ആ സമയം കൊണ്ട് പട്ടിയും പുറകോട്ടു മാറിയിരുന്നു. ഉടനെ ഞാൻ മുൻ വശത്തെ വാതിലും തുറന്നിട്ട് മാറി. പട്ടി സാവധാനം ആ വാതിലിൽ കൂടി പുറത്തേക്കു പോയി.
അന്നുമുതൽ ഞാൻ കുക്കിനോട് വരണ്ടെന്നു പറഞ്ഞു.
പട്ടി എങ്ങനെ വീടിനകത്തു പെട്ടു എന്ന് ഞാൻ മനസ്സിലാക്കി. കുക്ക് മുൻ വശത്തെ വാതിൽ ചാരിപ്പോയപ്പോൾ തണുപ്പിൽ നിന്നു രക്ഷപ്പെടാൻ അത് അകത്തു കയറിയതാകാം.
ഞാൻ ഉറക്കമുണർന്നയുടനെ ചെന്ന് മുൻവശത്തെ വാതിൽ കുറ്റിയിട്ട് ശുചിമുറിയിൽ കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോൾ അതാ എന്നെ തന്നെ നോക്കി കൊണ്ട് ഒരാൾ ! നല്ല ജീവൻ പോയി എന്ന് പ്രത്യേകം പറയേണ്ടല്ലോ പട്ടിയെ കുറ്റം പറയാൻ പറ്റുമോ? അതാണ് അത് വായും തുറന്നിരുന്നത്.
“തേന്മാവിൽ കൊമ്പത്തിൽ” മോഹൻലാലിന്റെ കൈ രണ്ടും കാലു രണ്ടും മരത്തിൽ പിടിച്ചു കെട്ടിയിട്ട് തൊഴുത് ‘ലേലു അല്ലു’ ‘ ലേലു അല്ലു’ എന്ന് പറയാൻ പറഞ്ഞത് പോലെയാണ് പട്ടിയുടെ സ്ഥിതി. അസഹ്യമായ തണുപ്പ് കാരണം ചാരികിടന്ന വാതിൽ തുറന്നു അകത്തു കയറി. മുറിക്ക് അകത്തു കയറിയപ്പോൾ ഒരാൾ സുഖനിദ്ര. ആർക്കും ശല്യം ഉണ്ടാക്കാതെ കട്ടിലിനടിയിൽ കിടന്ന് ഒന്ന് മയങ്ങി. എണീറ്റപ്പോൾ പുറത്തു കടക്കാൻ നിവർത്തിയില്ല.ദൈവമേ ഇതൊരു ട്രാപ് ആയിരുന്നോ? ശുചിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ തന്റെ രക്ഷകൻ അതാണെന്ന് മനസ്സിലാക്കി അവിടെ ചെന്ന് നിന്നു. ഇദ്ദേഹത്തിന്റെ നോട്ടം കണ്ടാൽ ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെയാണല്ലോ? കുറച്ചു നേരം ഒന്ന് നന്നായി മയങ്ങാൻ സാധിച്ചുവെങ്കിലും ഇനി ഇങ്ങോട്ട് ഇല്ലേ ഇല്ല……. മൂന്നാറിൽ ജനിച്ചു വളർന്ന തനിക്കെന്ത് തണുപ്പ്? ഇത്രയും ആത്മഗതം പറഞ്ഞുകൊണ്ട് പട്ടി സാവധാനം… . പട്ടിയുടെ പാട്ടിനു പോയി.
– ജോണി ടി. ആർ., തെക്കേത്തല,
ഇരിങ്ങാലക്കുട.