പ്രകൃതി സത്യമാണ്. അത് നമുക്ക് കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയും. എന്നാൽ ദൈവം ഒരു സങ്കല്പമാണ്. നേരിട്ട് കാണാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും നല്ലതും മനോഹരവുമായ കാര്യങ്ങൾ കാണാനോ തൊടാനോ കഴിഞ്ഞെന്നുവരില്ല. എങ്കിലും അവ, നമ്മുടെ ഹൃദയങ്ങളെ തട്ടുന്നു.
മാതാപിതാക്കന്മാരുടെയും, സഹായത്തോടെ നാം ഭൂമിയിലെത്തി. അങ്ങനെ പ്രകൃതിയുടെ ഭാഗമായി. കുറച്ചു നാളത്തെ ജീവിതത്തിനു ശേഷം നമുക്ക് പ്രകൃതിയിലേക്കു തന്നെ മടങ്ങണം. “മനുഷ്യാ, നീ മണ്ണാകുന്നു; മണ്ണിലേക്ക് മടങ്ങും” എന്ന പാട്ട് ഈ സത്യം പറയുന്നു. ജനന-മരണങ്ങൾ പ്രകൃതിയുടെ അനിവാര്യതയാണ്.
കലാകാരനായ ഒരു ഫോട്ടോഗ്രാഫർ പൂക്കളുടെ പടം എടുക്കുന്നു. അത് ഒരു പ്രത്യേക തരത്തിലാണ്. പൂക്കളുടെ അകത്താണ് ക്യാമറ ഇറക്കി വെക്കുന്നത്. അതിനകത്തെ വിരുതുകളും, കലാരൂപങ്ങളും, ആലങ്കാരിതകളും പകർത്തും. കൊച്ചു പൂക്കളുടെ പോലും ഉൾഭാഗങ്ങൾ വളരെ മനോഹരമായി തോന്നും. ആരുമവ, നിർമ്മിച്ചതല്ല. സ്വയം ഉണ്ടായതെന്ന് വിശ്വസിക്കാനും വയ്യ. അപ്പോൾ അത് ചെയ്യുന്ന ഒരു കലാകാരൻ ഉണ്ടല്ലോ എന്ന് തീരുമാനിക്കുന്നു, അതിനെ കാണണമെന്നും, അറിയണമെന്നും, ഒരു ആഗ്രഹം ഉണ്ടാകുന്നു. അവിടെനിന്ന് ദൈവചിന്ത വരുന്നു.ഇതു പോലെയാണ് പലരുടെയും അനുഭവം. അപ്പോൾ ഒരു അണുവിൽ പോലും ജീവിക്കുകയും, അതിനെ വളർത്തുകയും ചെയ്യുന്ന, പ്രപഞ്ചത്തെ മുഴുവൻ പരിപാലിക്കുന്ന ഒരു ദൈവം ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ എത്തിച്ചേരുന്നു.
മനുഷ്യരെ ചലിപ്പിക്കുന്നത് താൽപര്യവും പേടിയുമാണ്. പ്രകൃതിയോടുള്ള താല്പര്യം, ചിലരെ ദൈവ വിശ്വാസത്തിലേക്ക് നയിക്കുന്നു. മറ്റുചിലർക്ക് അറിയാൻ പാടില്ലാത്തവയെയും, ഉപദ്രവങ്ങൾ ഉണ്ടാക്കുന്ന വയെയും പേടിയാണ്; ഉദാഹരണത്തിന് അഗ്നിഭയം, ഇടിമിന്നൽ, പാമ്പ്, വെള്ളം, സൂര്യൻ തുടങ്ങിയവയെ. പ്രകൃതിയോടുള്ള താല്പര്യം കാണിക്കാനും, പേടിയിൽ നിന്ന് മോചനം ലഭിക്കാനും, അവയെ ദേവീ ദേവന്മാരായി സങ്കൽപ്പിക്കുന്നു; ഭയഭക്തിയോടെ ബഹുമാനിക്കുന്നു. അപ്പോൾ ദേവീദേവന്മാരുടെ എണ്ണം കൂടിക്കൂടി മുപ്പത്തിമുക്കോടി വരെ എത്തുന്നു. ഇവരെ ബന്ധപ്പെടുത്തിക്കൊണ്ട് കഥകളും ഇതിഹാസങ്ങളും ഉണ്ടാകുന്നു.
ഭക്തിയുടെ പാരമ്യത്തിൽ എത്തുമ്പോൾ ചിലർ സ്വപ്നങ്ങളും ദർശനങ്ങളും കാണുന്നു. വചനങ്ങൾ കേൾക്കുന്നു. ഉൾവിളികൾ ഉണ്ടാകുന്നു.
മരണത്തിന് ശേഷമുള്ള സ്ഥിതിയെ പറ്റിയുള്ള പേടി ഭാവനയ്ക്കും ആഗ്രഹത്തിനും രൂപം നൽകുന്നു. ആത്മാവ്, നിത്യത, സ്വർഗ്ഗനരകങ്ങൾ എന്നിങ്ങനെ പലതിലും വിശ്വാസം വരുന്നു. ഇവ ഉൾക്കൊണ്ടു മതങ്ങൾ രൂപപ്പെടുന്നു.
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു;
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു;
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മനസ്സു പങ്കു വച്ചു.”
തുടങ്ങിയ ഗാനങ്ങൾ ഈ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ശാസ്ത്രം പുരോഗമിച്ചു. മനുഷ്യൻ്റെ അറിവ് കൂടി. പലതിനോടും ഉള്ള പേടി, വെറും തോന്നലാണ് എന്ന് മനസ്സിലാക്കി. അപ്പോൾ ദേവീദേവന്മാരുടെ എണ്ണത്തിൽ കുറവു വന്നു. സൃഷ്ടിയും രക്ഷയും ശിക്ഷയും അഥവാ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ ഒരേയൊരു ദൈവത്തിൻ്റെ മൂന്ന് ഭാഗങ്ങളായി സങ്കൽപ്പിക്കാൻ തുടങ്ങി. അങ്ങനെ ദൈവത്തിൻ്റെ എണ്ണം ഒന്നായി.
“ പ്രപഞ്ചസൃഷ്ടാവിൻ്റെ മഹത്വമാർന്ന ചൈതന്യത്തെ ഞാൻ ധ്യാനിക്കുന്നു. അത് ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ” എന്നർഥം വരുന്ന പ്രണവമന്ത്രം ഒരു ചൈതന്യത്തെ സങ്കൽപ്പിക്കുന്നു.അദ്വൈതദർശനം അനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യം.പ്രപഞ്ചം മിഥ്യ ആണ്. ബ്രഹ്മം പരമ സത്തയാണ്. അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മം ആണ്) തത്വമസി (അത് നീയാണ്) എന്നീ വാക്യങ്ങളിലൂടെ ഈ സത്യാ വ ബോധത്തെ വിശദീകരിക്കുന്നു. സൃഷ്ടിയും സൃഷ്ടാവും ഒന്നാണ് എന്ന ബോധ്യം ആണ് അദ്വൈതം അഥവാ ജീവാത്മാവും പരമാത്മാവും രണ്ടല്ല; ഒന്നാണ്. ക്രിസ്തുമതത്തിൻ്റെ എല്ലാമായ യേശു പറയുന്നത്, സ്വർഗ്ഗരാജ്യം നമ്മിൽ തന്നെയുണ്ട് എന്നാണ്.
അപ്പോൾ ദൈവം ഒരു സങ്കൽപം മാത്രം ആകുന്നു; ജീവിതത്തിനും പ്രകൃതിക്കും മധ്യേയുള്ള ഒരു ഇടനിലക്കാരൻ.
ദൈവമില്ല എന്ന് കരുതിയാൽ ആർക്കും എന്തുമാകാമെന്ന് വരും. അത് തിന്മയിലേക്കും, നിരാശയിലേക്കും, ആത്മഹത്യയിലേക്കും നയിക്കും. എന്നാൽ ദൈവ വിശ്വാസം, മനുഷ്യന് ആശ്വാസവും പ്രത്യാശയും, കരുത്തും ശാന്തിയും നൽകും.
– ജോണി ടി. ആർ., തെക്കേത്തല, ഇരിഞ്ഞാലക്കുട.