എട്ടു മണിയോടെ ഡ്യൂട്ടി അവ സാനിപ്പിച്ച് ചായ കുടിയ്ക്കാനായി കാൻ്റെീനിലേക്കു ചെന്നു. തമ്മിൽ കണ്ടാൽ രണ്ടു വാക്കെങ്കിലും സംസാരിക്കുന്നത് ദാസേട്ടന് പതിവുള്ളതാണ്. സമയവും സന്ദർഭവുമൊന്നും അതിനൊരു തടസ്സമാവാറില്ല. ഉറക്കച്ചടവുകാരണം ദാസേട്ടൻ്റെ ശ്രദ്ധയിൽ പെടരുതെന്ന ഉദ്ദേശത്തോടെയാണ് അപമര്യാദയാണെന്നറിഞ്ഞു കൊണ്ടു തന്നെ ഫാമിലിറൂമിൽ ഞാൻ കയറി ഇരുന്നത്. മന:പ്പൊരുത്തമെന്നഒന്നുള്ളതു കൊണ്ടായിരിക്കാം എൻ്റെ മുൻപിലേക്ക് ചായയുമായി എത്തിയത് ദാസേട്ടൻ തന്നെയായിരുന്നു..
സാറ് ഇതിനകത്തിരുന്ന് ഭക്ഷണം കഴിക്കാറില്ലല്ലോ. ഇന്നെന്തുപറ്റി.?
ഒന്നും പറ്റിയിട്ടൊന്നുമില്ല ദാസേട്ടാ, വാർഡിൽ നിന്നുളള വരവായതു കൊണ്ട് ഡ്രസ്സൊന്നും ചെയ്ഞ്ച് ചെയ്യാൻ പറ്റിയിട്ടില്ല, കുളിച്ചിട്ടുമില്ല. ഭക്ഷണംകഴിക്കാൻ വരുന്നവർക്കൊരു ബുദ്ധിമുട്ടാകരുതെന്നു കരുതിയാണ് ഇതിനകത്തു കയറിയിരിക്കാമെന്നുവച്ചത്.
സാറിനിന്ന് ഡ്യൂട്ടിലീവല്ലേ.?
അതെ.
ടിക്കറ്റ് കൺഫോമാകാൻ താമസമുണ്ടാകുമെന്നറിയാമല്ലോ, അതുവരെയും എന്തു ചെയ്യാനാ ഉദ്ദേശം.?
ഇവിടെ ചില സ്ഥലങ്ങൾ ചുറ്റിക്കാണണമെന്നുണ്ടായിരുന്നു. പക്ഷേ ടിക്കറ്റ് കൺഫോമാകുന്നതുവരെയും ഹോസ്പിറ്റലിൽ ചെല്ലാനാണ് സാറിൻ്റെ നിർദ്ദേശം.
സാറിൻ്റെ ഇന്നത്തെപരിപാടികൾ എന്തൊക്കെയാ.?
റൂമിൽ എത്തിയ ഉടനെ കിടന്നുറങ്ങണം. രണ്ടുമണിക്ക് മുൻപ് ഉണർന്നാൽ ഭക്ഷണം കഴിക്കാൻ ഇങ്ങോട്ടു വരും. അതല്ലങ്കിൽ അഞ്ചു മണിക്ക് ശേഷമേ ഞാനിവിടെയെത്തുകയുള്ളൂ. എന്നെ അന്വേഷിച്ച് ഒരാളിവിടെ വരാൻ സാധ്യതയുണ്ട്, ആള് ഡോക്ടറാണ്. ശ്രീധരനെന്നാണ് പേര്. എൻ്റെ നാട്ടുകാരനും സുഹൃത്തുമാണ്.
എപ്പോഴാണ് സാർ അദ്ദേഹം ഇവിടെയെത്തുക?
ഞാൻ പറഞ്ഞത് ഒരു സാധ്യത മാത്രമാണ്, അതുകൊണ്ട് സമയത്തിൻ്റെ കാര്യത്തിലൊന്നും ഉറപ്പ് പറയാൻ കഴിയില്ല.
അപ്പോൾ ഞാൻ എന്താണ് അദ്ദേഹത്തോട് പറയേണ്ടത്.?
ഇന്നലെ നൈറ്റ് ഡ്യൂട്ടിയിലായിരുന്നെന്നും ഇനി ഉറക്കമൊക്കെ കഴിഞ്ഞ് വൈകുന്നേരത്തോടെ ഇവിടെ വരുമെന്നും പറഞ്ഞാൽമതി.തിരിച്ചുപോകാൻ ധൃതിയുണ്ടെന്നു പറഞ്ഞാൽ മാത്രം റൂമിലേക്കു പറഞ്ഞു വിടുകയും ചെയ്യാം.
ദാസേട്ടനോടുള്ള സംസാരം ഉറങ്ങാനുള്ള ടെൻ്റെൻസിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. സുഖസുന്ദരമായ ഉറക്കത്തിൽ നിന്നും ഉണർന്നപ്പോഴേക്കും നേരം മൂന്നു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു..
ഹലോ, ഇവിടെ ദാസേട്ടനുണ്ടോ.?
ഉണ്ട്. ഞാൻ തന്നെയാണത്. താങ്കളാരാ, എന്താ എന്നെ അന്വേഷിക്കാൻ കാരണം.?
പറയാം. നമുക്ക് അങ്ങോട്ട് മാറിയിരിക്കുന്നതിൽ താങ്കൾക്ക് ബുദ്ധിമുട്ടുണ്ടോ.?
സമയം പന്ത്രണ്ടു മണിയല്ലേ ആയിട്ടുള്ളൂ, ഒരു മണി ആകുമ്പോഴാണ് ഇവിടെ തിരക്ക് അനുഭവപ്പെടാറുള്ളത്, പിന്നീടുളള രണ്ടുമണിക്കൂർ അധികം സംസാരിച്ചിരിക്കാൻ പറ്റിയ സമയമല്ല. ഒരു മണിവരെയും സംസാരിച്ചിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല. നമുക്ക് അങ്ങോട്ടിരിക്കാം.
ദാസേട്ടാ, എൻ്റെ പേര് ശ്രീധരൻ, ഡോക്ടറാണ്. ബാപ്പുവിൻ്റെ, സോറി ഡോക്ടർ അബ്ദുള്ള അമ്മദ്കബീറിൻ്റെ സുഹൃത്താണ്.
ഓ അതുശരി. ഇപ്പോഴാണ് എനിക്ക് കാര്യങ്ങൾ പിടികിട്ടിയത്.
എന്തു കാര്യങ്ങൾ പിടികിട്ടിയെന്നാണ് ദാസേട്ടൻ പറഞ്ഞുവരുന്നത് .?
സാറിൻ്റെ കാര്യം തന്നെ, സാറ് ഇന്നിവിടെവരാൻ സാധ്യതയുണ്ടെന്ന് കബീർസാറ് രാവിലെ എന്നോട് പറഞ്ഞിരുന്നു.
എന്നിട്ട് അയാളെവിടെ.? ആശുപത്രിയിലോ അതോ റൂമിലോ.?
റൂമിലാണ്. ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നതു കൊണ്ട് രാവിലെ ഇവിടെ വന്ന് ചായയും കുടിച്ച് ഉറങ്ങാൻ വേണ്ടി പോയതാണ്. നേരത്തെ ഉണർന്നാൽ ഉച്ചഭക്ഷണം കഴിക്കാൻ ഇവിടെവരും. വൈകിയാൽ മൂന്നു മണി കഴിഞ്ഞേവരൂ എന്നാണ് പറഞ്ഞത്. നിങ്ങൾ രണ്ടു പേരും ഒരേ നാട്ടുകാരാണോ.?
അതെ ദാസേട്ടാ, ഒരേ നാട്ടുകാർ മാത്രമല്ല, ഒരുമിച്ച് കളിച്ചു നടന്നവരും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരും ഒരു വീട്ടിൽ കിടന്നുറങ്ങിയവരുമാണ്.
സാറ് എവിടെയാ ജോലിചെയ്യുന്നത്.?
മദീനയിലെ ഫഹദ് ഹോസ്പിറ്റലിൽ. രണ്ടര വർഷത്തോളമായി ഞാനവിടെ അനസ്ത്തേഷ്യ വിഭാഗത്തിൽ ജോലിചെയ്തു വരികയാണ്.
സാറ് ആദ്യമായിട്ടാണോ ഇവിടെ വരുന്നത്.?
അല്ല, രണ്ടുവർഷം മുൻപ് പലതവണ ഞാനിവിടെ വന്നിട്ടുണ്ട്, ഖാദർക്കയുടെ വീട്ടിലേക്കായിരുന്നുവെന്നു മാത്രം.
സാർ ഇപ്പോൾ ഇവിടെ വരാൻ കാരണം.?
ഇന്നലെ രാത്രി സുമിത്രമേഡം എന്നെവിളിച്ച് ചിലകാര്യങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നുതന്നെ കബീർ ഡോക്ടറെ നേരിൽ കണ്ട് സംസാരിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഞാനിവിടെ വന്നത്.
സുമിത്ര മാഡത്തെ നേരത്തെ പരിചയമുണ്ടായിരുന്നോ.?
അതെ, ഖാദർക്കയുടെ വീട്ടിലേക്കു വന്നപ്പോഴെല്ലാം സുമിത്ര മാഡത്തേയും പ്രേമചന്ദ്രൻ സാറിനെയും കണ്ട് ഞാൻ സംസാരിക്കാറുണ്ടായിരുന്നു. കബീർ ഡോക്ടർ ഇവിടെ ജോലിയിൽ പ്രവേശിച്ചതോടെയാണ് ഞാൻ ഇങ്ങോട്ടുള്ള വരവ് നിർത്തിയത്. അപ്പോഴും അവരുമായെല്ലാം ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു.
സാറും നിങ്ങളും കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളായിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നെ എന്നു മുതാലാണ് ആ സൗഹൃദം ഇല്ലാതായത്. എന്താണതിനു കാരണം.?
ഒരു തെറ്റിദ്ധാരണയുടെ പേരിൽ അങ്ങനെ സംഭവിച്ചു പോയതാണ്. അതൊരു തെറ്റിദ്ധാരണയായിരുന്നെന്ന് ഇന്നലെ രാത്രി സുമിത്രമാഡം പറഞ്ഞപ്പോഴാണ് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.
എന്തായിരുന്നു നിങ്ങൾ തമ്മിൽ അകലാൻ കാരണമായ ആ തെറ്റിദ്ധാരണ.?
പറയാം. അതിനു മുൻപായി ഒരു ലഘു ഭഷണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.
ക്ഷമിക്കണം സാർ, ഞാനക്കാര്യം സംസാരം തുടങ്ങുന്നതിനു മുൻപ് സാറിനോട് ചോദിക്കേണ്ടതായിരുന്നു. വിട്ടുപോയതാണ്. സാറിനെന്താണ് വേണ്ടതെന്നു പറഞ്ഞാൽ കൈകഴുകി വരുമ്പോഴേക്കും അവരതിവിടെ കൊണ്ടുവന്നുവെച്ചോളും.
(തുടരും…)
– K.M സലീം പത്തനാപുരം