മുനിസിപ്പാലിറ്റിയിൽ ക്ലാർക്ക് ആയിരുന്നു ദാനിയേൽ. അമ്പത്തഞ്ചാം വയസ്സിൽ വിരമിക്കുമ്പോഴും മക്കൾ ഒന്നും പറക്കമുറ്റിയിരുന്നില്ല. കല്യാണവും ജോലിയും ഒന്നും ശരിയായിരുന്നില്ല. എല്ലാവരും പഠിക്കുകയും ജോലിക്കുള്ള ടെസ്റ്റുകൾ എഴുതുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നേ ഉള്ളൂ. മറ്റൊരു ജോലിക്കുള്ള അന്വേഷണം ആരംഭിച്ചു. താമസിയാതെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലി കിട്ടി. നല്ല ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടെങ്കിലും ചെറിയ ഒരു ബുദ്ധിമുട്ടു മാത്രം ഉണ്ടായിരുന്നു. ഇവിടെ കാര്യങ്ങൾ ഒക്കെ ഭയങ്കര സ്റ്റൈലിലാണ്. വയസ്സന്മാരെ ഒക്കെ പറഞ്ഞു വിട്ടു കാര്യക്ഷമതയുള്ള ചെറുപ്പക്കാരെ ജോലിക്ക് വെക്കണം എന്നാണ് വിദേശ പഠനം പൂർത്തിയാക്കി വന്ന മകൻ്റെ (പുതിയ എംഡി)യുടെ തീരുമാനം.
വയസ്സ് പുറത്ത് പറയില്ലെങ്കിൽ ഞാൻ ഈ ജോലി തരാമെന്നും പറഞ്ഞ് ഇൻറർവ്യൂ ബോർഡിലെ ഒരാളുടെ ശുപാർശ പ്രകാരമാണ് ദാനിയേലിന് ഈ ജോലി കിട്ടിയത്. സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും മുണ്ടുടുത്ത് ഓഫീസിൽ വരണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതിനു മുമ്പേ വെള്ള മുണ്ടും ഷർട്ടും ഇട്ട് കഴിഞ്ഞ 32 വർഷമായി ഓഫീസിൽ പോയിരുന്ന ആളായിരുന്നു ദാനിയേൽ. പാന്റും ഷർട്ടും ഒക്കെ തയ്പ്പിച്ചു. തലയിലെ നര ഡൈ ചെയ്ത് ഭംഗിയാക്കി. കാലിൽ ചെരുപ്പിന് പകരം ഷൂസ്. കാലം മാറി കോലവും മാറ്റി. സൈക്കിളിൻ്റെ സ്ഥാനത്ത് സ്കൂട്ടറും ആക്കി. ദാനിയേലിനു തന്നെ 10 വയസ്സ് കുറഞ്ഞ പോലെ തോന്നി. ഇനിയും ഒരു അങ്കത്തിനു ബാല്യം ഉണ്ടെന്ന് വിചാരത്തോടെ കൂടുതൽ കാര്യക്ഷമതയോടെ ജോലികൾ ചെയ്യാൻ തുടങ്ങി.
വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ചന്തയിൽ പോയി ഭാര്യ കൊടുത്ത ലിസ്റ്റിലെ സാധനങ്ങളും വാങ്ങി സ്കൂട്ടറിൻ്റെ ക്യാരിയറിൽ ഇട്ട് വീട്ടിലേക്ക് പോകുകയായിരുന്നു പതിവ്. അങ്ങനെ പോകുമ്പോൾ ഒരു ദിവസം എതിരെ വന്ന ബൈക്ക് ഇദ്ദേഹത്തെ ഒന്ന് തട്ടി. ദാനിയേൽ സ്കൂട്ടറിൽ നിന്ന് മറിഞ്ഞുവീണ് പച്ചക്കറിയും മീനും ഒക്കെ റോഡിൽ ചിതറി. കണ്ണട, ബാഗ് എല്ലാം തെറിച്ച് തലയും പൊട്ടി ചോരയൊലിപ്പിച്ച് കിടന്ന ഇയാളെ കണ്ടു ഭയന്ന പയ്യന്മാർ ബൈക്ക് സ്പീഡിൽ ഓടിച്ചു കടന്നുകളഞ്ഞു. പിന്നെ കുറച്ചു കൂടി കഴിഞ്ഞു ആൾക്കാരൊക്കെ കൂടി എല്ലാവരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ ആക്കി. ഇരുട്ടു വീണു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യൂണിഫോം ആണ് ധരിച്ചിരുന്നത്. ദാനിയേൽ വ്യക്തമായി ഈ പിള്ളേരെ കണ്ടിരുന്നു. ആരാണ് തട്ടിയത്? ബൈക്കിൻ്റെ നമ്പർ നോട്ട് ചെയ്തുവോ? എന്നൊക്കെ പലരും ചോദിച്ചെങ്കിലും ദാനിയേൽ ആരോടും ഒന്നും പറഞ്ഞില്ല. വരാനുള്ളത് വന്നു അതിനു പുറകെ പോയി പൊലീസും കേസും ഒന്നും വേണ്ട. സമാധാന പ്രിയനായ ദാനിയേൽ ഒരാഴ്ചത്തെ അവധികഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വളരെ ദൂരം സ്കൂട്ടർ ഓടിച്ച ആണ് ഇദ്ദേഹം ഈ സിറ്റിയിലേക്ക് വരുന്നത്. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ഒരു ദിവസം ലഞ്ച് ബ്രേക്കിൻ്റെ സമയത്ത് ഒരാൾ ദാനിയേലിനെ തിരക്കി ഓഫീസിലെത്തി. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു കവറിൽ കുറച്ചു രൂപ ദാനിയേലിന് നേരെ നീട്ടി എന്നിട്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്കണം. എൻറെ മക്കളാണ് ബൈക്കിൽ വന്ന് അന്ന് നിങ്ങളെ തട്ടി താഴെ ഇട്ടത്. നിങ്ങൾ അവരെ ശരിക്ക് കണ്ടു. നിങ്ങൾക്ക് അവരെ അറിയുകയും ചെയ്യാം എന്നിട്ടും നിങ്ങൾ എന്തേ ആ വിവരം ആരോടും പറയാതിരുന്നത്? ഏതു നിമിഷത്തിലും പോലീസ് വരുമെന്നു ഭയന്ന് ഞാൻ മക്കളെ ബാംഗ്ലൂർക്ക് എൻറെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. നിങ്ങൾ ഓഫീസിൽ പഴയപോലെ വരുന്നത് കണ്ട് ധൈര്യത്തിലാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്.“
“അയ്യോ അതൊന്നും വേണ്ട ഞാനും ഈ പ്രായത്തിലുള്ള മൂന്നു മക്കളുടെ അപ്പനാണ്. ക്ഷമിച്ചാൽ അല്ലേ നമുക്ക് ക്ഷമിച്ചു കിട്ടുകയുള്ളൂ” എന്ന് പറഞ്ഞു ആ കവർ അദ്ദേഹത്തിന് തന്നെ തിരികെ കൊടുത്തു.
എനിക്കിത് വിശ്വസിക്കാമല്ലോ അല്ലോ അല്ലേ? ഞാൻ മക്കളെ ബാംഗ്ലൂരിൽനിന്ന് വരുത്തിക്കോട്ടേ എന്ന് ചോദിച്ചു ഒന്നു കൂടി ഉറപ്പു വരുത്തി. എൻറെ ഭാഗത്തുനിന്ന് യാതൊരു പ്രശ്നവും ഉണ്ടാകില്ല നിങ്ങൾക്ക് എന്നെ നൂറുശതമാനവും വിശ്വസിക്കാം എന്ന് പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി.
യാത്ര പറഞ്ഞു പോയ ആൾ വീണ്ടും തിരികെ വന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം കൂടി ചോദിച്ചോട്ടെ,
നിങ്ങളുടെ 32 പല്ലും റോഡിൽ കിടക്കുന്നത് കണ്ടു എന്നാണല്ലോ എൻറെ മക്കൾ അന്ന് പറഞ്ഞത്. നിങ്ങളുടെ പല്ലുകൾ ഒക്കെ നിര തെറ്റാതെ എല്ലാം ഇപ്പോഴും ഇരിപ്പുണ്ട് ല്ലോ? അത് എങ്ങനെയാണ് എന്ന്?
സരസനായ ദാനിയേൽ ഈ പാട്ട് പാടി കേൾപ്പിച്ചു അദ്ദേഹത്തെ.
“സവിശേഷ കൂളിംഗ് ക്രിസ്റ്റൽ
ഉന്‍മേഷ ചിന്ത നിറഞ്ഞു വീശുന്നു ഹോ ഹോ !! ഉലകെല്ലാം മാറി മറിയുന്നു
ഉന്മേഷത്തിൻ്റെ അമിട്ട് പൊട്ടി
ഉൾക്കരുത്തുണ്ട്
സ്മൈൽ ചെയ്യൂ, സ്റ്റാർട്ട് ചെയ്യൂ “.
എന്നിട്ട് പറഞ്ഞു. എൻറെ വയ്പ്പ്പല്ലായിരുന്നു. ആദ്യത്തെ ഇടിയ്ക്ക് ഞാൻ തറയിൽ വീണ ഉടനെ വെപ്പ് പല്ല് സെറ്റ് തെറിച്ചു പോയി. ബോധം മറയുന്നതിനു മുമ്പ് മുകളിലത്തെ സെറ്റ് പല്ല് എടുത്തു ഷിർട്ടിൻ്റെ പോക്കറ്റിൽ ഇട്ടിരുന്നു. മരുന്ന് ഒക്കെ വച്ച് മുറിവ് സ്റ്റിച്ച് ഇട്ടു കഴിഞ്ഞപ്പോൾ ഞാൻ പോക്കറ്റിൽ നിന്ന് പല്ല് എടുത്തു വച്ചു. രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി ഞാനൊരു കമ്പും കൊണ്ട് പോയി അവിടെ ചെന്ന് തിരഞ്ഞു കണ്ടു പിടിച്ചാണ് താഴത്തെ വെപ്പുപല്ല് കിട്ടിയത്.
അതും പറഞ്ഞ് ദാനിയേൽ 32 പല്ലും കാണത്തക്കവിധത്തിൽ അദ്ദേഹത്തെ നോക്കി ഒരു ചിരിയും ചിരിച്ചു.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.