ഉയരുന്നിതാരവം മന്നിടത്തിൽ
തകരുന്നിതെത്രയോ ജീവിതങ്ങൾ
കരിനാഗതുല്യം വിഷം വമിച്ചോർ
ഫണമെടുത്താടുന്നു ചുടല നൃത്തം
എരിയുന്നിതെത്രയോ മണിമേടകൾ
കരിയുന്നിതെത്രയോ മർത്യമാംസം
തകരുന്നിതെത്രയോ പൊൻകിനാക്കൾ
അമരുന്നിതഗ്നിയിൽ ഭസ്മമായി
കരിമണം വീശുന്ന പുകയാകവേ
ഉയരുന്നു വാനതിൽ കടുകട്ടിയായ്
പതിയുമോരർക്കൻ്റെ പ്രഭയറ്റിതാ
തലകുനിച്ചേറ്റവും ദു:ഖമോടെ
ചടുചടെ തുപ്പുന്ന തീയുണ്ടകൾ
പറവപോൽ പായുന്നിതാർത്തമോടെ
അപരനെലാക്കാക്കി ശൗര്യമോടെ
അതിരുകൾ ഭേദിച്ചു പാഞ്ഞിടുന്നൂ
ചിതറുന്നുതുണ്ടമായ് മർത്യമാംസം
ഒഴുകുന്നു ചുടുചോര പാരിലെങ്ങും
ഉടുവസ്ത്രമില്ലാതെയെത്രയെണ്ണം
ഊരറ്റുപായുന്നു ജീവനായി
അപരനെ കണ്ടിച്ച മോദമോടെ
തെരുവുകൾ ആടി തിമിർത്തിടുന്നു
വിഷചിത്ത സേനകൾ വീര്യമോടെ
തിരുകികയറ്റുന്നു തുപ്പാക്കിയിൽ
കണിശങ്ങളോതുന്ന കാര്യസ്ഥരോ
കഴിയുന്നു ഭദ്രമായ് ഒളിയിടത്തിൽ
കഥയൊന്നുമറിയാത്ത പാവങ്ങളോ
തലയറ്റു വീഴുന്നു പാരിടത്തിൽ
ഒരുതുണ്ടു ഭൂമീടെ പേരിലിന്ന്
പലതുണ്ടമാക്കുന്നു മർത്യമേനി
ഒരുമിച്ചു പാർത്തിടാൻ തന്ന ഭൂമി
കുരുതികളങ്ങളായ്തീർത്തിടുന്നു
ചരിതങ്ങളേറെ നാം കണ്ടതല്ലേ
ദുരിതങ്ങളേറെ നാം കേട്ടതല്ലേ
അറുതിച്ച കോടികൾ പാവരല്ലേ
അമരത്തിരുന്നവർ ചത്തതുണ്ടോ
മണിമേട മന്നരേ ശാന്തരാകൂ
അണികൾക്കിതേകിടു ശാന്തി സർവ്വം
നിണമൂറ്റി വാണിടാൽ എന്തുലാഭം
ശുഭമായ് ഭവിച്ചിടാൻ പ്രാപ്തരാകൂ
– ജോൺസൺ എഴുമറ്റൂർ