സന്ധ്യ ചുംബിക്കുന്നു
സാന്ധ്യരാഗക്കുറിയുമേന്തി
പകൽ നാഥൻ വിട പറയുമ്പോൾ
സ്നേഹ സ്വാന്ത്വന ചുംബന –
മേകി പ്രിയതമ യാത്രയാക്കുന്നു!
നാളെക്കാണാമെന്ന പ്രത്യാശയിൽ
പകലവൻ യാത്രയാകുന്നു
കാലം സാക്ഷിയാകുന്നു !!
പുലർകാല സ്വർണ്ണ രഥത്തിൽ
ഭാനുമാനെഴുന്നള്ളുന്നു
സന്ധ്യപ്പെണ്ണിനെപ്പുണരുവാൻ
ചുടു ചുംബനമേറ്റു വാങ്ങി
നിർവൃതിക്കയത്തിൽ മുങ്ങുവാൻ
യുഗങ്ങളായിത്തുടരുന്നീ രാഗ –
വിപഞ്ചിക മീട്ടലാമനുരാഗ സമ്മേളനം
നിർവൃതിയിൽ വിലയിക്കും സൂര്യൻ
പിറ്റേന്നുണർന്നൂർജ്ജസ്വലനായ്
സന്ധ്യയ്ക്കു സന്ധ്യയെപ്പുണരുവാൻ
കത്തും വെയിലേറ്റു വാങ്ങിച്ചലിക്കുന്നു
സന്ധ്യയോ കാത്തുനില്പൂ പ്രാണനാഥൻ്റെ
ആലിംഗനത്തിൽ പുളകിതഗാത്രിയാകുവാൻ
ചുടു ചുംബനമേകി വീണ്ടും തഴുകിയുറക്കുവാൻ
പ്രതിജ്ഞാബദ്ധയായ് യുഗയുഗാന്തരങ്ങളായ്!
– മുഖത്തല